Ongoing News
ഫ്രാന്‍സിന്റെ പ്രതിരോധം കാക്കാന്‍ ഇനിയില്ല; ബൂട്ടഴിച്ച് റാഫേല്‍ വരാനെ
93 മത്സരങ്ങളില്‍ ദേശീയ ടീമിനായി കളത്തിലിറങ്ങി. അഞ്ച് ഗോളും സ്വന്തം പേരില്‍ കുറിച്ചു. 29ാം വയസിലാണ് താരം വിരമിക്കുന്നത്.

പാരിസ് | അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിലെ പ്രതിരോധ താരം റാഫേല്‍ വരാനെ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018ല്‍ ലോകകപ്പ് നേടിയ ടീമിലും ഖത്വര്‍ ലോകകപ്പില്‍ റണ്ണേഴ്‌സപ്പായ ടീമിലും ഫ്രഞ്ച് പ്രതിരോധ നിരയില്‍ വരാനെ ഉണ്ടായിരുന്നു. 29ാം വയസിലാണ് താരം വിരമിക്കുന്നത്.
‘മാസങ്ങളോളമായി ഞാന്‍ ഇതേക്കുറിച്ച് ആലോചിക്കുന്നു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ഉചിതമായ സമയം ഇപ്പോഴാണെന്ന് മനസിലാക്കുന്നു. മഹത്തായ എന്റെ രാജ്യത്തെ ഒരു പതിറ്റാണ്ടോളം പ്രതിനിധീകരിക്കാന്‍ കഴിഞ്ഞുവെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. ഏറെ അഭിമാനത്തോടെയാണ് ഓരോ തവണയും ഞാന്‍ സവിശേഷതയുള്ള ആ നീല ജഴ്‌സി അണിയാറുള്ളത്. എനിക്ക് നിങ്ങളുമൊത്തുള്ള നിമിഷങ്ങള്‍ നഷ്ടപ്പെടുമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പുതിയ തലമുറക്കായി വഴിമാറികൊടുക്കാന്‍ സമയമായിരിക്കുന്നു.’- വരാനെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇനി ക്ലബ് ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലബ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിരോധ നിരയില്‍ കളിക്കുന്ന വരാനെ 2013ല്‍ തന്റെ 19ാം വയസിലാണ് ദേശീയ ടീമിനായി അരങ്ങേറിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജോര്‍ജിയക്കെതിരെയാണ് താരം ആദ്യമായി ഫ്രാന്‍സിനായി ജഴ്‌സിയണിഞ്ഞത്. തുടര്‍ന്ന് 93 മത്സരങ്ങളില്‍ ദേശീയ ടീമിനായി കളത്തിലിറങ്ങി. അഞ്ച് ഗോളും താരം സ്വന്തം പേരില്‍ കുറിച്ചു.
2018ലെ ലോകകപ്പ് കലാശക്കളിയില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് കിരീടം ചൂടിയ ഫ്രഞ്ച് ടീമിനു വേണ്ടി കിടയറ്റ പ്രകടനമാണ് വരാനെ കാഴ്ചവച്ചത്. കാലിനേറ്റ പരുക്ക് മൂലം ഖത്വര്‍ ലോകകപ്പിന്റെ തുടക്കത്തില്‍ ടീമിനു പുറത്തായിരുന്ന വരാനെ പരുക്ക് ഭേദമായി തിരിച്ചെത്തിയാണ് അവസാന അങ്കം വരെ ടീമിനായി പോരാടിയത്.