Kerala
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണം; പി വി അന്‍വര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി
ഇനിയും വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കും

മലപ്പുറം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എം എല്‍ എ പി വി അന്‍വര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ്സ് ഗുരുതരമായ അനിശ്ചിതത്ത്വത്തിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേഗം വേണമെന്ന ആവശ്യവുമായി പി വി അന്‍വര്‍ രംഗത്തുവരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്സിനെ യു ഡി എഫില്‍ പ്രവേശിപ്പിക്കാതെ അസോസിയേറ്റ് പാര്‍ട്ടിയായി പുറത്തു നിര്‍ത്തുമെന്ന തീരുമാനം വന്നതിനു പിന്നാലെയാണ് അന്‍വറിന്റെ നീക്കം. കെ കെ രമ എം എല്‍ എയുടെ പാര്‍ട്ടിയായ ആര്‍ എം പിക്കും യു ഡി എഫില്‍ അസോസിയേറ്റ് പദവിയാണുള്ളത്.
തന്നെ ആര്‍ എം പിക്കൊപ്പം നിര്‍ത്താനുള്ള നീക്കത്തില്‍ കടുത്ത അതൃപ്തിയുണ്ടെങ്കിലും അതു പുറത്തുകാണിക്കാതിരിക്കുകയാണ് പി വി അന്‍വര്‍. പ്രസിഡന്റിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു വരികയും ചെയ്താല്‍ തനിക്ക് യു ഡി എഫ് പ്രവേശനം ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് പി വി അന്‍വറിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.
ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോസിയേറ്റ് പാര്‍ട്ടിയെന്നത്. അസോസിയേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് നില്‍ക്കുന്ന പാര്‍ട്ടിയായിരിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയത്. ക്ഷണിതാവ്, അസോസിയേറ്റ് പാര്‍ട്ടി എന്നീ രണ്ട് നിലയിലാണ് യു ഡിഎഫിന്റെ അസോസിയേറ്റ് പാര്‍ട്ടി.
നിയമസഭയില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ അസോസിയേറ്റ് പാര്‍ട്ടിക്ക് സാധിക്കും.