Uae
കുടൽ, മലാശയ അർബുദത്തിന് പുതിയ മരുന്ന് പുറത്തിറക്കി
ഓങ്കോളജി സമ്മേളനം ദുബൈയിൽ ആരംഭിച്ചു

ദുബൈ| എമിറേറ്റ്‌സ് ഓങ്കോളജി സൊസൈറ്റിയുടെ ആറാമത് വാർഷിക സമ്മേളനം ദുബൈയിൽ ആരംഭിച്ചു. 20 രാജ്യങ്ങളിൽ നിന്നുള്ള 700-ൽ അധികം ഡോക്ടർമാർ, ഗവേഷകർ, കാൻസർ ചികിത്സാ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ഓങ്കോളജിയിലെ ഏറ്റവും പുതിയ ശാസ്ത്ര, ക്ലിനിക്കൽ പ്രവണതകൾ ചർച്ച ചെയ്ത ചടങ്ങിൽ, മെറ്റാസ്റ്റാറ്റിക് വൻകുടൽ, മലാശയ കാൻസറിനുള്ള നൂതനമായ പുതിയ മരുന്ന് യു എ ഇയിൽ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.
കാത്തിരിക്കുന്ന രോഗികൾക്ക് മികച്ച ചികിത്സാ ഫലങ്ങൾക്കും മെച്ചപ്പെട്ട ജീവിത നിലവാരത്തിനും കാരണമാകുന്ന ഏറ്റവും പുതിയ ചികിത്സകളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന ശാസ്ത്രീയ വേദിയാണ് ഈ സമ്മേളനമെന്ന് സൊസൈറ്റി പ്രസിഡന്റും കോൺഫറൻസ് ചെയർമാനുമായ പ്രൊഫസർ ഹുമൈദ് ബിൻ ഹർമൽ അൽ ശംസി പറഞ്ഞു. കാൻസർ ചികിത്സാ രംഗത്തെ വൈദ്യശാസ്ത്ര ഗവേഷണത്തെയും നവീകരണത്തെയും പിന്തുണക്കുന്നതിൽ യു എ ഇയുടെ പങ്ക് ഈ സമ്മേളനം പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാൻസറുകൾ സ്തനം, വൻകുടൽ, തൈറോയ്ഡ് എന്നിവയാണ്. ജീവിതശൈലി മാറ്റങ്ങൾ, എല്ലാ രൂപത്തിലുമുള്ള പുകവലി, അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമുള്ള അമിതവണ്ണം എന്നിവയാണ് ഈ രോഗങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. ആരോഗ്യ നിയമങ്ങൾ പാലിക്കുന്നതും ശരിയായ ശരീരഭാരം നിലനിർത്തുന്നതും കൃത്യമായ ആനുകാലിക പരിശോധനകൾ നടത്തുന്നതുമാണ് രോഗം തടയുന്നതിനുള്ള പ്രതിരോധത്തിന്റെ ആദ്യ നിര. നേരത്തെയുള്ള രോഗനിർണയം 90 ശതമാനത്തിലധികം കേസുകളിലും രോഗം ഭേദമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആരോഗ്യ-പ്രതിരോധ മന്ത്രാലയം പിന്തുണ നൽകുന്നു. 120-ഓളം പ്രഭാഷകരുള്ള അമ്പതിലധികം സെഷനുകൾ ഈ സമ്മേളനത്തിലുണ്ട്. കാൻസർ ഗവേഷണ മേഖലയിലെ ശാസ്ത്രീയ സംഭാവനകൾക്ക് 24 ഗവേഷകരെ ആദരിച്ചു. മേഖലയിലെ ഓങ്കോളജി പയനിയർമാരിൽ ഒരാളായ ഡോ. മുഹമ്മദ് അൽ അലിക്ക് മരണാനന്തര ബഹുമതിയും നൽകി. കാൻസർ പോരാളികളെയും ആദരിച്ചു.
---- facebook comment plugin here -----