Connect with us

Techno

കെഎസ്ഇബിയുടെ പുത്തന്‍ ആപ്പ് വന്നു; അറിയാം വിശേഷങ്ങള്‍

പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ ഫോണ്‍ നമ്പറോ ഈ മെയില്‍ ഐഡിയോ നല്‍കി ലോഗിന്‍ ചെയ്യാം.

Published

|

Last Updated

കുറേ പുതുമകളും സൗകര്യങ്ങളുമായി കെഎസ്ഇബിയുടെ നവീകരിച്ച മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. ബില്ലുകള്‍ അടയ്ക്കാനും പരാതി നല്‍കാനുമൊക്കെ സൗകര്യങ്ങളുമായാണ് പുത്തന്‍ ആപ്പിന്റെ വരവ്. നീലയും വെള്ളയും നിറത്തിലാണ് ആപ്പിന്റെ രൂപകല്‍പ്പന. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ ഫോണ്‍ നമ്പറോ ഈ മെയില്‍ ഐഡിയോ നല്‍കി ലോഗിന്‍ ചെയ്യാം. ഇനി ലോഗിന്‍ ചെയ്യാതെ തന്നെ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കി മൊബൈല്‍ ഒടിപിയും നല്‍കി അനായാസം ബില്ലടയ്ക്കാം. ഇതിന് ക്വിക്ക് പേ സംവിധാനം ഉണ്ട്.

രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പറിലുള്ള ബില്ലുകള്‍ ആപ്പിലൂടെ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും പറ്റും. ഒപ്പം പഴയ ബില്ല്, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയവ പരിശോധിക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ഇനി വൈദ്യുതി മുടക്കവും ബില്ലും പോലുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ആപ്പില്‍ മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. ഇനി ആസൂത്രണം ചെയ്ത് വൈദ്യുതി ഉപയോഗിക്കാനും അതുവഴി ബില്ല് കുറയ്ക്കാനും ബില്‍ കാല്‍ക്കുലേറ്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉടമസ്ഥാവകാശ മാറ്റം, താരിഫ് മാറ്റം, ലോഡ് മാറ്റം, ഫേസ് മാറ്റം, പോസ്റ്റ് മാറ്റിയിടല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് ആപ്പിലൂടെ അഭ്യര്‍ത്ഥിക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ ഒറ്റ ക്ലിക്ക് ആപ്പില്‍ നല്‍കാമെന്നതും പ്രത്യേകതയാണ്. പ്ലേസ്റ്റോറില്‍ കെഎസ്ഇബി എന്ന് അടിച്ചു കൊടുത്താല്‍ പുതിയ ആപ്പ് നമുക്ക് ലഭിക്കും.

 

 

 

Latest