Connect with us

Articles

പേര് മാറുന്ന നാടുകള്‍; വേരറുക്കുന്ന ഓര്‍മകള്‍

സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തിയ ജനവിഭാഗങ്ങളിലൊന്ന് മുസ്ലിംകളാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യയൊന്നാകെ ചെറുത്തുനില്‍ക്കുമ്പോള്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു ആര്‍ എസ് എസും ഹിന്ദു മഹാസഭയും. അതിന്റെ ജാള്യം മറക്കാന്‍ കീറത്തുണി പോലുമില്ലാത്ത നിസ്സഹായതയെ മുസ്ലിം വിരുദ്ധത കൊണ്ട് മറികടക്കാനാണ് ഇതപര്യന്തം ആര്‍ എസ് എസ് ശ്രമിച്ചത്. അതിന്റെ അപഹാസ്യമായ ആവര്‍ത്തനമാണ് വിവിധ പ്രദേശങ്ങളുടെ പേര് മാറ്റം.

Published

|

Last Updated

അജയ് മോഹന്‍ ബിഷ്തിനെ നമ്മളറിയും. ആളുടെ ഇപ്പോഴത്തെ പേര് യോഗി ആദിത്യനാഥ്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി. തീവ്ര ഹിന്ദുത്വയുടെ മുഖവും മുനയും. മഹന്ത് അവൈദ്യനാഥില്‍ നിന്ന് സന്യാസി ദീക്ഷ സ്വീകരിച്ചതില്‍ പിന്നെയാണ് അജയ് മോഹന്‍ ബിഷ്തിന്റെ പേര് മാറ്റം. എന്തിനാണ് ദീക്ഷ സ്വീകരിക്കുന്നവര്‍ പുതിയ പേരിലേക്ക് മാറുന്നത്. പൂര്‍വാശ്രമത്തിലെ ഓര്‍മകള്‍, ബന്ധങ്ങള്‍, കെട്ടുപാടുകള്‍ – എല്ലാം വിഛേദിക്കുന്നതിന്റെ ഭാഗമാണത്. വെറുതെ പേര് മാറുകയല്ല, പുതിയൊരാളായി രൂപപ്പെടുകയാണ്. അതൊരു കേവല വേഷപ്പകര്‍ച്ചയല്ല, അടിമുടി മാറ്റമാണ്. അല്ലെങ്കില്‍ അങ്ങനെയാണ് സംഭവിക്കേണ്ടത്. യു പി മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചുവോ, അദ്ദേഹം പുതിയ മനുഷ്യനായി തന്നെത്തന്നെ നവീകരിച്ചുവോ എന്ന അന്വേഷണമല്ല ഈ ലേഖനം.

അജയ് ബിഷ്തില്‍ നിന്ന് ആദിത്യനാഥിലേക്കുള്ള മാറ്റം ഇപ്പോള്‍ ചര്‍ച്ചക്കെടുക്കുന്നതിന്റെ സാംഗത്യം മറ്റൊന്നാണ്. പൂര്‍വകാലത്തെ എന്നെന്നേക്കുമായി പിന്നിലുപേക്ഷിക്കുന്നതിന്റെ ഭാഗമായി സംഭവിച്ചതാണ് ആ പേര് മാറ്റമെങ്കില്‍ അതേ ലക്ഷ്യത്തോടെ തന്നെയാണ് ആദിത്യനാഥ് ഭരിക്കുന്ന യു പിയില്‍ ചില സ്ഥലപ്പേരുകള്‍ മാറ്റുന്നത്. അങ്ങനെ മാറ്റപ്പെട്ട പേരുകളിലൊന്നാണ് അലഹബാദ്. ഇപ്പോഴത് പ്രയാഗ് രാജ് ആണ്. ഫൈസാബാദ് അയോധ്യ ആയും മുഗള്‍സരായി പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് നഗര്‍ ആയും പുനര്‍നാമകരണം ചെയ്യപ്പെട്ടു.

ഇപ്പോഴിതാ മറ്റൊരു പേര് മാറ്റത്തിന്റെ വാര്‍ത്ത വരുന്നുണ്ട് യു പിയില്‍ നിന്ന്. അലിഗഢ് ആണ് പുതിയ ലക്ഷ്യം. മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇതിനായി ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയിരിക്കുന്നു. ഹരിഗഢ് എന്ന പേരിലേക്ക് മാറണം എന്നാണ് ആവശ്യം. തീരുമാനം സംസ്ഥാന സര്‍ക്കാറില്‍ നിന്നാണ് ഉണ്ടാകേണ്ടത്. ആ തീരുമാനം എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. 2021ല്‍ ജില്ലാ പഞ്ചായത്ത് മീറ്റിംഗില്‍ ഈ ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ യോഗി ആദിത്യനാഥ് അനുകൂലമായി പ്രതികരിച്ചതാണ്. അലിഗഢില്‍ നിന്ന് ഹരിഗഢിലേക്ക് ഇനി ഏറെ ദൂരമില്ല എന്നുതന്നെയാണ് അതിനര്‍ഥം.

ഓരോ പേരും അനേകം വേരുകളാണ്. തുടിക്കുന്ന ഓര്‍മകളുടെ ഭൂതകാലം ഇരമ്പിയാര്‍ക്കുന്ന ആ വേരുകള്‍ പിഴുതെറിയുക തന്നെയാണ് സംഘ്പരിവാര്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാനപരമായി അതൊരു ഉന്മൂലന പ്രക്രിയയാണ്. വര്‍ത്തമാനത്തില്‍ നിന്ന് ചില പേരുകള്‍ മായ്ച്ചുകളയുമ്പോള്‍ ചരിത്രത്തില്‍ നിന്ന് ചില വ്യക്തികള്‍/സംഭവങ്ങള്‍ കൂടി വെട്ടിമാറ്റപ്പെടും. ആ വെട്ടിമാറ്റല്‍ ഒട്ടും നിഷ്‌കളങ്കമാകില്ല. കാരണം അപ്പുറത്ത് നില്‍ക്കുന്നത് തീവ്രഹിന്ദുത്വ ധാരയാണ്. ആ ധാര ഉള്‍ക്കൊള്ളലിന്റേതല്ല പുറന്തള്ളലിന്റേതാണ്. അങ്ങനെ പുറന്തള്ളണമെന്ന് അവര്‍ ആഗ്രഹിക്കുന്നവരില്‍ ആദ്യ വിഭാഗം മുസ്ലിംകളാണ്. അലഹബാദ്, ഫൈസാബാദ് പേരുകള്‍ എന്തുകൊണ്ട് ഹിന്ദുത്വക്ക് അരോചകമാകുന്നു എന്ന അന്വേഷണം ചെന്നെത്തുന്നത് അവരുടെ മുസ്ലിം വിരോധത്തിലാണ്.

ഇന്ത്യയുടെ രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തില്‍ ആഴത്തില്‍ വേരുള്ളവരാണ് മുസ്ലിംകള്‍. സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തിയ ജനവിഭാഗങ്ങളിലൊന്ന് മുസ്ലിംകളാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യയൊന്നാകെ ചെറുത്തുനില്‍ക്കുമ്പോള്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു ആര്‍ എസ് എസും ഹിന്ദു മഹാസഭയും. അതിന്റെ ജാള്യം മറക്കാന്‍ കീറത്തുണി പോലുമില്ലാത്ത നിസ്സഹായതയെ മുസ്ലിം വിരുദ്ധത കൊണ്ട് മറികടക്കാനാണ് ഇതപര്യന്തം ആര്‍ എസ് എസ് ശ്രമിച്ചത്. അതിന്റെ അപഹാസ്യമായ ആവര്‍ത്തനമാണ് വിവിധ പ്രദേശങ്ങളുടെ പേര് മാറ്റം. ഏതെങ്കിലും ജനതയെ അപരവത്കരിക്കണമെന്ന് ഫാസിസം ആഗ്രഹിക്കുമ്പോള്‍ ആദ്യം ചെയ്യാറുള്ളത് അവരുടെ അസ്തിത്വത്തില്‍ സംശയങ്ങള്‍ ജനിപ്പിക്കുകയാണ്. അവര്‍ കടന്നുകയറ്റക്കാരാണ് എന്ന് ചിത്രീകരിക്കുകയാണ്. അവര്‍ക്ക് ഒരവകാശങ്ങളുമില്ലെന്ന് സ്ഥാപിക്കുകയാണ്. അതിനുവേണ്ടി ഫാസിസം ചരിത്രത്തില്‍ ഇടപെടും. ചരിത്രത്തില്‍ ഉള്ളവരെ പുറത്താക്കും, ഇല്ലാത്തവരെ തിരുകിക്കയറ്റും.

നെഹ്‌റു പുറത്താവുകയും സവര്‍ക്കര്‍ അകത്താകുകയും ചെയ്യുന്നത് ഒട്ടും യാദൃച്ഛികമല്ല. സംഘ്പരിവാര്‍ ആലോചിച്ചുറപ്പിച്ചു തന്നെ ചെയ്യുന്നതാണ്. വിവിധ സ്ഥലങ്ങളുടെ പേര് മാറ്റത്തെയും അങ്ങനെ തന്നെ വിലയിരുത്തണം. അലിഗഢ് എന്ന പേര് ഹിന്ദുത്വ പരിവാറിനെ അസ്വസ്ഥപ്പെടുത്തേണ്ട എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് മുസ്ലിം വിരുദ്ധ മുന്‍വിധികളാണ്. ഡല്‍ഹി സല്‍ത്തനേറ്റ്, മുഗള്‍ വംശം, അടിമ വംശം തുടങ്ങി ഇന്ത്യയുടെ ചില ഭരണകാലങ്ങളെ ഒറ്റയിരുപ്പിന് റദ്ദാക്കാന്‍ കഴിയുന്നു എന്നതാണ് ചില പേര് മാറ്റങ്ങളുടെ ഫലശ്രുതി. അലിഗഢിന്റെ ചരിത്രത്തില്‍ ഇവരെല്ലാമുണ്ട്.

ഇവരെയെല്ലാം പൊതുവായി ബന്ധപ്പെടുത്തുന്ന ഒരു ഘടകമേയുള്ളൂ, അത് അവരുടെ മതമാണ്. വിശ്വാസം കൊണ്ട് അവരെല്ലാം മുസ്ലിംകളാണ്. ഇന്ത്യയുടെ പല വാസ്തുവിസ്മയങ്ങളും ഇവരുടെ സംഭാവനയാണ്. അവര്‍ നാട് മുടിച്ചവരല്ല, നാടിനെ നിര്‍മിച്ചവരാണ്. ഈ നാടിന്റെ സംസ്‌കാരത്തോടും പാരസ്പര്യത്തോടും ഇഴുകിച്ചേര്‍ന്നാണ് അവരില്‍ പലരും ഭരണം നിര്‍വഹിച്ചത്. നീണ്ട നൂറ്റാണ്ടുകള്‍ ഭരിച്ചിട്ടും മതപരിവര്‍ത്തനം അവരുടെ അജന്‍ഡ ആയിരുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ ഇന്ത്യയുടെ ജനസംഖ്യാനുപാതം വ്യത്യസ്തമായേനെ. ഇന്നും മുസ്ലിംകള്‍ ഇന്ത്യയിലെ ന്യൂനപക്ഷമായിരിക്കുകയും ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുകയും ചെയ്യുന്നതില്‍ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്.

ബ്രിട്ടീഷുകാര്‍ക്ക് പക്ഷേ ഇത്തരം താത്പര്യങ്ങള്‍ എല്ലാമുണ്ടായിരുന്നു. രാജ്യാധികാരം പിടിക്കുക മാത്രമല്ല, ജനങ്ങളെ മതപരിവര്‍ത്തനം ചെയ്യിക്കുക കൂടി അവരുടെ ലക്ഷ്യമായിരുന്നു. ബ്രിട്ടീഷ് സംഘത്തില്‍ ക്രൈസ്തവ മിഷനറിമാര്‍ ഉള്‍പ്പെട്ടിരുന്നു. അഥവാ മതപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ബ്രിട്ടീഷുകാരുടെ ഇന്ത്യന്‍ അധിനിവേശം. അന്ന് നിസ്സംഗമായി നിലയുറപ്പിക്കുകയും കൊളോണിയല്‍ വിരുദ്ധ സമരത്തിനിറങ്ങിയവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്ത പാരമ്പര്യമാണ് സംഘ്പരിവാറിന്റേത്. അധിനിവേശത്തിന്റെ അടയാളങ്ങള്‍ നീക്കം ചെയ്യാനെന്ന പേരില്‍ കെട്ടിടങ്ങള്‍ തച്ചുടക്കുകയും പേരുകള്‍ മാറ്റുകയും ചെയ്യുന്നവരുടെ യഥാര്‍ഥ താത്പര്യം മറ്റു പലതുമാണ്. ഇത് അലിഗഢില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. താജ്മഹലിനു മേല്‍ വ്യാജ അവകാശവാദവുമായി കോടതി കയറിയിട്ടുണ്ട് ഹിന്ദുത്വവാദികള്‍. ഗ്യാന്‍വാപി മസ്ജിദ് മറ്റൊരു ബാബരി മസ്ജിദ് ആയി വികസിപ്പിക്കുന്നതില്‍ അവര്‍ പതിയെ വിജയിച്ചുകൊണ്ടിരിക്കുന്നു.

ഏത് പള്ളിക്കടിയിലും ക്ഷേത്രത്തിന്റെ അവശിഷ്ടം തിരയുകയും അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലാണ് ഹിന്ദുത്വര്‍ കുറച്ചുകാലമായി ശ്രദ്ധയൂന്നിയിരിക്കുന്നത്. കലുഷവും അസ്വസ്ഥവുമായ രാഷ്ട്രീയജീവിതത്തിലേക്ക് മുസ്ലിം സമൂഹത്തെ തള്ളിവിടുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

അതേസമയം തന്നെ മുസ്ലിം സാമൂഹികതയുടെ അടിവേരറുക്കുന്ന പലതരം കൈയേറ്റങ്ങള്‍ അവര്‍ ചരിത്രത്തില്‍ നടത്തുകയും ചെയ്യുന്നു. അത് തുടര്‍ന്നുകൊണ്ടുപോകേണ്ടത് ഹിന്ദുത്വയുടെ രാഷ്ട്രീയ നിലനില്‍പ്പിന്റെ ആവശ്യമാണ്. 2019ല്‍ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് അവര്‍ക്ക് ആകുലതകളില്ലാതെ കടന്നുകയറാന്‍ കഴിഞ്ഞത് മുസ്ലിം വിരുദ്ധതയെ വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞതുകൊണ്ടാണ്. അതിന്റെ തനിയാവര്‍ത്തനമാഗ്രഹിച്ചാണ് അവര്‍ 2024ലേക്ക് കണ്ണുംനട്ടിരിക്കുന്നത്. അതുകൊണ്ട് അലിഗഢുകള്‍ ഹരിഗഢിലേക്ക് മാറ്റിപ്പണിയുന്ന കെട്ടുകാഴ്ചകള്‍ക്ക് നമ്മളനിയും സാക്ഷികളാകേണ്ടിവരും.

 

Latest