editorial
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ദുരൂഹതകൾ
സുരക്ഷാ പിഴവ് ആരോപിച്ച് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇതുകൊണ്ടു മാത്രമായില്ല. ജയിൽ ചാട്ടത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്നതുൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമാണ്.

ജയിൽചാട്ട വിവരമറിഞ്ഞ് മൂന്നര മണിക്കൂറിനകം ഗോവിന്ദച്ചാമിയെ പിടികൂടിയ പോലീസ് അഭിനന്ദനമർഹിക്കുന്നു. കാര്യക്ഷമവും കൃത്യവുമായ അന്വേഷണവും നാട്ടുകാരുടെ സഹകരണവുമാണ് കേരളത്തെ നടുക്കിയ സൗമ്യ വധക്കേസിലെ പ്രതിയായ കൊടും കുറ്റവാളിയെ പെട്ടെന്ന് പിടികുടാൻ സഹായിച്ചത്. ജയിൽ ചാടി കോയമ്പത്തൂർക്ക് കടക്കാനായിരുന്നുവത്രേ പ്ലാൻ.
അതിർത്തി കടന്നിരുന്നെങ്കിൽ കണ്ടെത്തുക ദുഷ്‌കരമാ
കുമായിരുന്നു. അതേസമയം ഉത്തരം തേടുന്ന ചില ചോദ്യങ്ങൾ ഉയരുന്നുണ്ട് ഈ ജയിൽചാട്ടവുമായി ബന്ധപ്പെട്ട്. ഒരു കൈക്ക് തീരെ സ്വാധീനമില്ലാത്ത പ്രതിക്ക് ഒറ്റക്ക് ജയിൽ ചാടാനാകുമോ? ആരുടെയെങ്കിലും സഹായം ലഭിച്ചുവോ? ആക്‌സോ ബ്ലേഡ് കൊണ്ട് സെല്ലിലെ ഇരുമ്പ് അഴി മുറിച്ച് പുറത്തുകടന്ന് ഉണക്കാനിട്ട തുണികൾ കൂട്ടിക്കെട്ടി വടമാക്കിയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. കിണറ്റിൽ നിന്ന് പിടികൂടുമ്പോൾ ജയിൽചാട്ടത്തിന് ഉപയോഗിച്ച ടൂളുകൾ അയാളുടെ കൈവശമുണ്ടായിരുന്നുവെന്നാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് വെളിപ്പെടുത്തിയത്. അഴികൾ മുറിക്കാനുള്ള ആയുധം എവിടെ നിന്ന് കിട്ടി?
ഒന്നര മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ജയിൽ ചാടിയതെന്നാണ് പോലീസിനോട് പ്രതി വെളിപ്പെടുത്തിയത്. പാൽപാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചാണത്രേ മതിൽചാട്ടം.
സെല്ലിന്റെ അഴികൾ മുറിച്ചു മാറ്റാൻ ഒന്നരമാസമെടുത്തുവെന്നും ഇക്കാര്യം അധികൃതർ അറിയാതിരിക്കാൻ മുറിക്കുന്ന ഭാഗം തുണികൾ കൊണ്ട് കെട്ടിവെച്ചിരുന്നതായും അയാൾ പറയുന്നു. അതീവ സുരക്ഷാ സംവിധാനമുണ്ടെന്ന് പറയപ്പെടുന്ന ഒരു സെല്ലിൽ വെച്ച് ഒന്നരമാസം നീണ്ട ഈ ആസൂത്രണം അറിയാതെ പോയത് അധികൃതരുടെ ഗുരുതര വീഴ്ചയാണ്. സുരക്ഷാ പിഴവ് ആരോപിച്ച് നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇതുകൊണ്ടു മാത്രമായില്ല. ജയിൽ ചാട്ടത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്നതുൾപ്പെടെ വിശദമായ അന്വേഷണം ആവശ്യമാണ്. പലപ്പോഴും സാമ്പത്തിക, രാഷ്ട്രീയ താത്പര്യാർഥം ജയിൽ ജീവനക്കാർ തടവുപുള്ളികൾക്ക് വഴിവിട്ട സഹായം ചെയ്യാറുണ്ട്.
ടി പി വധക്കേസ് പ്രതികൾക്ക് കണ്ണൂർ ജയിലിൽ ജീവനക്കാരുടെ സഹായം ലഭിച്ചതായി തെളിഞ്ഞതാണ്. മദ്യം, ബീഡി, മധുര പലഹാരങ്ങൾ തുടങ്ങിയ വസ്തുക്കൾ ആരോ പുറത്തുനിന്ന് ജയിൽ വളപ്പിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നു അവിടെ. ജയിലിനകത്തേക്ക് പുറത്തുനിന്ന് രണ്ട് പേർ മദ്യക്കുപ്പികൾ എറിഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും വന്നതാണ്. ഇതൊന്നും ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്ന് വിശ്വസിക്കുക പ്രയാസം. 2019ൽ അന്നത്തെ ജയിൽ ഡി ജി പി ഋഷിരാജ് സിംഗും സംഘവും സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ തടവുകാർ അനധികൃതമായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മയക്കുമരുന്ന് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
തൃശൂർ വിയ്യൂർ ജയിലിൽ 2022ലെ ഓണാഘോഷ വേളയിൽ ഗുണ്ടാ സംഘങ്ങളെ പാർപ്പിച്ചിരുന്ന ബ്ലോക്കിൽ പരസ്യമായി മദ്യംവിളമ്പിയത് വിവാദമായതാണ്. ജയിലിലേക്ക് പച്ചക്കറിയും മീനും കൊണ്ടുവരുന്ന ഓട്ടോയിലായിരുന്നു മദ്യക്കുപ്പികൾ എത്തിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരിവസ്തുക്കളുടെ കച്ചവടത്തിന് കൃത്യമായ ശൃംഖലയുണ്ടെന്നും ജീവനക്കാരുടെ അറിവോടെയാണ് ഇത് നടക്കുന്നതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപോർട്ട് നൽകിയതാണ്. ലഹരിമരുന്നിന്റെ മണം പിടിക്കാൻ സംസ്ഥാനത്തെ മൂന്ന് സെൻട്രൽ ജയിലുകളിലും പരിശീലനം നേടിയ നായ്ക്കൾ ഉണ്ടെങ്കിലും ജയിൽ മതിലിനു പുറത്തെ പരിശോധനകൾക്ക് മാത്രമേ ഇവയെ ഉപയോഗിക്കാറുള്ളൂവത്രെ. ഇതൊക്കെയാണ് നമ്മുടെ ജയിലുകളുടെ അവസ്ഥ. ഇത്തരമൊരു സാഹചര്യത്തിൽ തടവുചാട്ടത്തിനു ജയിലിന് അകത്തു നിന്ന് തന്നെ സഹായം ലഭിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.
ജയിൽചാട്ടം സംസ്ഥാനത്ത് പലപ്പോഴും നടന്നിട്ടുണ്ട്. മൊബൈൽ മോഷ്ടിച്ച കേസിൽ കോട്ടയം ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന അസം നെഗോൺ സ്വദേശി ബാബു ജയിൽ ചാടിയത് ഈ മാസം ഒന്നിനാണ്. ജയിൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ 20 ദിവസത്തിനു ശേഷം അസമിൽ നിന്ന് പിടിയിലായി. കഴിഞ്ഞ ആഗസ്റ്റിൽ കൊലക്കേസ് പ്രതി ഇടുക്കി വണ്ടൻമേട് സ്വദേശി മണികണ്ഠൻ തിരുവനന്തപുരം പൂജപ്പുര ജയിലിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ജയിലിലെ ചപ്പാത്തി പ്ലാന്റിലുള്ള ജനറേറ്ററിന് ഡീസലടിക്കാൻ പ്ലാന്റിന് പുറത്തെത്തിച്ച തക്കത്തിലായിരുന്നു മണികണ്ഠൻ രക്ഷപ്പെട്ടത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് സമീപമുള്ള ജയിൽ ക്വാർട്ടേഴ്‌സ് വളപ്പ് വഴി പുറത്തേക്ക് കടന്ന മണികണ്ഠൻ, കരമന വഴി തമിഴ്‌നാട്ടിലേക്ക് കടന്നെങ്കിലും എട്ട് ദിവസത്തിനു ശേഷം മധുര ബസ് സ്റ്റാൻഡിൽ നിന്ന് പോലീസ് പിടിയിലായി. വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പിന്തുടർന്നാണ് പോലീസ് മധുരയിലെത്തിയത്.
കോട്ടയം ജയിലിൽ നിന്ന് തന്നെ 2022 ജൂലൈയിൽ മറ്റൊരു തടവു ചാട്ടം നടന്നു. കൊലക്കേസ് പ്രതി മീനടം സ്വദേശി ബിനുമോനാണ് ജയിലിലും പരിസരത്തും വൈദ്യുതി ഇല്ലാത്ത തക്കത്തിനു രക്ഷപ്പെട്ടത്. വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന ബിനുമോനെ അന്നു രാത്രി തന്നെ പിടികൂടി.
2024 മേയ് 18ന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തമിഴ്‌നാട്ടുകാരനായ കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ, 2024 ഡിസംബർ പത്തിന് കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി മുഹമ്മദ് സഫാദ്, പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് 2013 ജൂൺ ഒമ്പതിന് കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ, ജയാനന്ദന്റെ സഹതടവുകാരൻ മോഷണക്കേസ് പ്രതി ഊപ്പ പ്രകാശ്, 2019 ജൂൺ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവുകാരികളായ സന്ധ്യ, ശിൽപ്പ എന്നിങ്ങനെ നീളുന്നു ജയിൽചാടിയവരുടെ പട്ടിക.ജയിലിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നു ഈ സംഭവങ്ങൾ.