Connect with us

National

ഭീകരാക്രമണക്കേസിൽ 18 വർഷത്തെ ജയിൽവാസത്തിന് ശേഷം കുറ്റവിമുക്തനായ മുസ്‍ലിം യുവാവിനെ പോലിസ് സ്റ്റേഷന് സമീപം വെടിവെച്ച് കൊന്നു

മുഹമ്മദ് ശരീഫിനെ തുടർച്ചയായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതും അദ്ദേഹം എത്തിയപ്പോൾ എസ്‌ എച്ച് ഒ മനോജ് കുമാർ പാണ്ഡെയും കോൺസ്റ്റബ്ലിയും സ്ഥലത്തില്ലാതിരുന്നതും സംഭവത്തിൽ വലിയ ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്.

Published

|

Last Updated

ലക്നോ | ഭീകരവാദ കേസിൽ ഏകദേശം പതിനെട്ട് വർഷത്തോളം ജയിൽവാസത്തിനു ശേഷം അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയ മുസ്ലിം യുവാവ് പോലീസ് സ്റ്റേഷന് മുന്നിൽ വെടിയേറ്റു മരിച്ചു. രാംപൂർ സി ആർ പി എഫ് ആക്രമണ കേസിൽ കുറ്റം ആരോപിച്ച് ജയിലിലടക്കപ്പെട്ട മുഹമ്മദ് ശരീഫാണ് മരിച്ചത്. രാംപൂർ ജില്ലയിലെ ഖജൂരിയ പോലീസ് സ്റ്റേഷനിൽ വെരിഫിക്കേഷന് ഹാജരായി തിരിച്ച് ഇറങ്ങുമ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതർ ശരീഫിനെ വെടിവെച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി വെടിയുണ്ടകൾ ഏറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു.

മുഹമ്മദ് ശരീഫിനെ തുടർച്ചയായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതും അദ്ദേഹം എത്തിയപ്പോൾ എസ്‌ എച്ച് ഒ മനോജ് കുമാർ പാണ്ഡെയും കോൺസ്റ്റബ്ലിയും സ്ഥലത്തില്ലാതിരുന്നതും സംഭവത്തിൽ വലിയ ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്. ശരീഫ് സ്റ്റേഷൻ വിട്ട വിവരം അക്രമികളെ ആരാണ് അറിയിച്ചതെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ വക്കീലും റഹായ് മഞ്ച് പ്രസിഡന്റുമായ മുഹമ്മദ് ഷുഐബ് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷന് തൊട്ടടുത്തുവെച്ചുണ്ടായ ഈ ആക്രമണത്തിൽ പോലീസിന്റെ പങ്ക് സംബന്ധിച്ചും ആരോപണങ്ങൾ ഉയരുന്നുണ്ട്.

ആർ എസ് എസ് ബന്ധമുള്ള കാണ്പൂർ സ്ഫോടനക്കേസും രാംപൂർ കോടതികളിലെ സ്ഫോടനങ്ങളും ഉൾപ്പെടെ മുൻകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടി, തീവ്രവാദ കേസിൽ അറസ്റ്റിലാകുന്ന നിരപരാധികളായ മുസ്ലീം യുവാക്കൾക്ക് ജയിൽ മോചിതരായാലും നീതി ലഭിക്കുന്നില്ലെന്ന് റഹായ് മഞ്ച് ജനറൽ സെക്രട്ടറി രാജീവ് യാദവ് വ്യക്തമാക്കി. കോടതി കുറ്റവിമുക്തനാക്കിയിട്ടും പോലീസ് വെരിഫിക്കേഷന്റെ പേരിൽ ശരീഫിനെ വീണ്ടും ടാർഗെറ്റ് ചെയ്തത് ഭരണകൂട സംവിധാനങ്ങളിലെ മുൻവിധികളാണ് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

2008 ഡിസംബർ 31 നും 2009 ജനുവരി ഒന്നിനുമിടയിലുണ്ടായ രാംപൂർ സി ആർ പി എഫ് ഗ്രൂപ്പ് സെന്റർ ആക്രമണ കേസിലാണ് ശരീഫിനെ പ്രതിചേർത്തിരുന്നത്. ഈ ആക്രമണത്തിൽ ഏഴ് സി ആർ പി എഫ് ഉദ്യോഗസ്ഥരും ഒരു റിക്ഷാ തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്. വിചാരണ കോടതി വധശിക്ഷ വിധിച്ച ശരീഫിനെയും മറ്റ് പ്രതികളെയും 2025 ഒക്ടോബറിലാണ് അലഹബാദ് ഹൈക്കോടതി പ്രധാന കുറ്റങ്ങളിൽ നിന്നും വെറുതെവിട്ടത്. തുടർന്ന് ബറേലി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി അദ്ദേഹം നവംബറിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു.

അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിലെ അവ്യക്തതയും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ ആയുധ നിയമപ്രകാരമുള്ള ശിക്ഷ കോടതി ശരിവെച്ചിരുന്നു. ഈ കേസിൽ ജയിൽ മോചിതനായി മാസങ്ങൾക്കകമാണ് അദ്ദേഹം കൊലചെയ്യപ്പെട്ടത്.

Content Highlights:
Mohammad Sharif, who spent nearly 18 years in prison before being acquitted by the Allahabad High Court in the 2008 Rampur CRPF attack case, was shot dead by unidentified assailants minutes after leaving a police station in Uttar Pradesh. His family and human rights groups have raised serious suspicions regarding police involvement and demanded an impartial investigation into the conspiracy.

---- facebook comment plugin here -----

Latest