Connect with us

National

ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; നാല് പേര്‍ അറസ്റ്റില്‍

പ്രതിചേര്‍ക്കപ്പെട്ടവര്‍ 2019ല്‍ വിമലിന്റെ സഹോദരനെ കൊലപ്പെടുത്തിയിരുന്നുവെന്നും സംഭവത്തില്‍ ഏക ദൃക്‌സാക്ഷിയായ വിമലിനോട് മൊഴി മാറ്റാന്‍ അന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Published

|

Last Updated

പട്‌ന| ബിഹാറില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. രംഗിഗഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ യാദവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണില്‍ ജോലിചെയ്തിരുന്ന വിമല്‍ യാദവിനെ നാല് പേരടങ്ങുന്ന സംഘം വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തിയത്.

പുലര്‍ച്ചെ 5.30ഓടെ വീട്ടിലെത്തിയ സംഘം വാതിലില്‍ മുട്ടുകയും പുറത്തിറങ്ങിയ വിമലിനെ നെഞ്ചില്‍ വെടിവെക്കുകയുമായിരുന്നു. ബിഹാറിലെ അരാരിയ ജില്ലയിലായിരുന്നു സംഭവം. പ്രതിചേര്‍ക്കപ്പെട്ടവര്‍ 2019ല്‍ വിമലിന്റെ സഹോദരനെ കൊലപ്പെടുത്തിയിരുന്നുവെന്നും സംഭവത്തില്‍ ഏക ദൃക്‌സാക്ഷിയായ വിമലിനോട് മൊഴി മാറ്റാന്‍ അന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സമാന രീതിയിലായിരുന്നു വിമലിന്റെ സഹോദരനും കൊലചെയ്യപ്പെട്ടത്.

കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനമില്ലെന്നും ബിഹാര്‍ രാജ്യത്തെ ക്രൈം സ്റ്റേറ്റ് ആയി മാറുകയാണെന്നും ബി.ജെ.പി വിമര്‍ശിച്ചു.

 

 

 

Latest