Kerala
മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു; തന്ത്രി കണ്ഠര് രാജീവര്
അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്.

തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെതിരെ കുറിപ്പുമായി തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.
1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന തന്റെ ആവര്‍ത്തിച്ചുള്ള സംശയത്തിന് ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ സ്വര്‍ണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയില്‍ മാത്രമാണെന്നും മുഴുവന്‍ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും തന്ത്രി കണ്ഠര് രാജീവര് പറയുന്നു. കഴിഞ്ഞദിവസം സസ്പെന്‍ഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കുറിപ്പിലുള്ളത്.