Connect with us

Kerala

മുണ്ടക്കൈ-ചൂരൽമല ദുരന്തം; നഷ്ടപരിഹാര പട്ടികയിൽ നിന്ന് ഒഴിവാക്കി, പ്രതിഷേധത്തിനൊരുങ്ങി വ്യാപാരികൾ

ദുരന്തത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവരിൽ 28 പേരെ മാത്രമാണ് നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

കൽപ്പറ്റ| മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾ പ്രതിഷേധത്തിനൊരുങ്ങുന്നു. നഷ്ടപരിഹാര പട്ടികയിൽ ഭൂരിഭാഗം വ്യാപാരികളെയും ഉൾപ്പെടുത്താത്തതിലാണ് പ്രതിഷേധം. ദുരന്തത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവരിൽ 28 പേരെ മാത്രമാണ് നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പഞ്ചായത്ത് ലൈസൻസ്, കെട്ടിട നമ്പർ, പെർമിറ്റ് എന്നിവ ഇല്ലെന്ന കാരണത്താലാണ് മറ്റ് വ്യാപാരികളെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. ദുരന്തസമയത്ത് എല്ലാ വ്യാപാരികൾക്കും സഹായം നൽകുമെന്ന് മുൻ സർക്കാർ ഉറപ്പുനൽകിയിരുന്നുവെന്നാണ് വ്യാപാരികളുടെ വാദം. ഒഴിവാക്കപ്പെട്ട മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആകെ 7.19 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരമായി അനുവദിച്ചത്. ഇതിൽ കെട്ടിട ഉടമകളായ 48 പേർക്ക് 5.14 കോടി രൂപയും ലൈസൻസുള്ള 28 വ്യാപാരികൾക്ക് 2.05 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

നഷ്ടപരിഹാരം വൈകുന്നതിനെതിരെ നേരത്തേ വ്യാപാരികളും സമരസമിതികളും പ്രതിഷേധവും മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബർ 30നാണ് സർക്കാർ തുക അനുവദിച്ച് ഉത്തരവിറക്കിയത്. എന്നാൽ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വ്യാപാരികൾക്ക് സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുന്നത്.

Content Highlights: Traders affected by the Mundakkai-Chooralmala landslide are preparing to protest over their exclusion from the compensation list. Only 28 licensed traders out of the affected businesses were included in the Rs 7.19 crore relief package. The excluded shopkeepers demand financial aid as promised earlier.

---- facebook comment plugin here -----

Latest