National
മൈക്രോസോഫ്റ്റ് തകരാര്‍; വിമാന സര്‍വീസുകളെ ബാധിച്ചു, മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
മറ്റ് വിമാനക്കമ്പനികള്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും യാത്രക്കാര്‍ വിമാനങ്ങളുടെ നിലവിലെ സ്ഥിതി മുന്‍കൂട്ടി പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി| ആഗോളതലത്തില്‍ മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത് ഇന്ത്യയിലെ വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കിയതായി സ്പൈസ് ജെറ്റ് അറിയിച്ചു. മറ്റ് വിമാനക്കമ്പനികള്‍ സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയെങ്കിലും യാത്രക്കാര്‍ വിമാനങ്ങളുടെ നിലവിലെ സ്ഥിതി മുന്‍കൂട്ടി പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് പൂനെ, ലേ, മുംബൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്ന് ദര്‍ഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് സര്‍വീസുകള്‍ വൈകുകയും ചെയ്തു.
അതേസമയം, മൈക്രോസോഫ്റ്റ് തകരാര്‍ നിരീക്ഷിച്ചുവരികയാണെന്നും വിമാന സര്‍വീസുകളെ ഇത് ബാധിച്ചിട്ടില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ ഇമെയിലുകള്‍ തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഇമെയില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി മറ്റൊരു സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇമെയിലുകള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മൈക്രോസോഫ്റ്റ് തകരാറിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡിഗോയും ആകാശ എയറും യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനവുമായി ബന്ധപ്പെട്ട വിവരങ്ങളും പുതിയ അറിയിപ്പുകളും കൃത്യമായി പരിശോധിക്കണമെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്നും വിമാനക്കമ്പനികള്‍ നിര്‍ദേശിച്ചു.
വ്യാഴാഴ്ചയാണ് ഔട്ട്ലുക്ക് ഉള്‍പ്പെടെയുള്ള മൈക്രോസോഫ്റ്റ് പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായ സാങ്കേതിക തടസ്സം നേരിട്ടത്. ഇമെയില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിലും വിവിധ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനത്തിലും നിരവധി ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായി.
ഇമെയില്‍, ടീംസ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. എക്സ്ചേഞ്ച് ഓണ്‍ലൈന്‍ മെയില്‍ബോക്സുകള്‍ ഉപയോഗിക്കുന്നതില്‍ അമേരിക്കയിലെ നിരവധി ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടതായും കമ്പനി വ്യക്തമാക്കി.
തകരാറിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും തടസ്സത്തിന്റെ ആഘാതം കുറയ്ക്കാന്‍ ശ്രമിച്ചുവരികയാണെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
Content Highlights: A global Microsoft service outage disrupted Indian flight operations, forcing SpiceJet to cancel three flights from Delhi and delay two others. Air India confirmed normal operations while shifting email systems temporarily. IndiGo and Akasa Air advised passengers to check flight statuses before traveling.



