Kuwait
കുവൈത്ത്; അനധികൃത ട്രാൻസ്പോർട്ടേഷൻ നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ നാട് കടത്തും
സ്കൂൾ വിദ്യാർഥികളെയും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനുള്ള സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട കമ്പനികൾക്കും ബസ്സിനും ഇതിനുള്ള പ്രത്യേക അനുമതി ഉണ്ടെന്ന് ഉറപ്പുവരുത്തണം എന്നും മന്ത്രാലയം
കുവൈത്ത് സിറ്റി|കുവൈത്തിൽ ലൈസൻസിൽ അനുവദിച്ചിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളികളെയോ യാത്രക്കാരെയോ കൊണ്ട് പോവുകയോ ബസുകൾ വാടകക്ക് നൽകുകയോ ചെയ്യുന്ന കമ്പനി കൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ഇതിന് സൗകര്യമൊരുക്കുകയോ ചെയ്യുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുമെന്നും അതിനു സൗകര്യമൊരുക്കുന്ന വരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ചില വാണിജ്യ ലൈസൻസ് ഉടമകളും കമ്പനികളും അവരുടെ വാഹനങ്ങൾ അനധികൃത ഗതാഗത പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടിക്ക് മന്ത്രാലയം നിർദ്ദേശം നൽകിയത്. പണം വാങ്ങി യാത്രക്കാരെയും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനോടൊപ്പം ബസ്സുകൾ മറ്റു ആളുകൾക്ക് വാടകക്ക് നൽകുകയും ലൈസൻസിൽ അനുവദിച്ചിട്ടില്ലാത്ത ആവശ്യങ്ങൾക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
അതോടൊപ്പം ബസുകൾ വാടകക്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും അംഗീകൃത ലൈസൻസ് ഉള്ള കമ്പനികളെ മാത്രം ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. സ്കൂൾ വിദ്യാർഥികളെയും തൊഴിലാളികളെയും കൊണ്ടുപോകുന്നതിനുള്ള സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ബന്ധപ്പെട്ട കമ്പനികൾക്കും ബസ്സിനും ഇതിനുള്ള പ്രത്യേക അനുമതി ഉണ്ടെന്ന് ഉറപ്പുവരുത്തണം എന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ആണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളും സർവീസുകളും നടത്തുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇങ്ങനെ സർവീസ് നടത്തുന്ന നിരവധി പേരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇത്തരം സർവീസുകൾ നടത്തുന്നവരിൽ നിന്ന് പിടികൂടിയ വരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait’s Ministry of Interior warned of strict action against companies using vehicles for unauthorized passenger or worker transport. Offenders face commercial license cancellation and immediate deportation. Authorities urged individuals and schools to hire only licensed transport operators.




