Kerala
പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ പഞ്ഞി കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്
. ആശുപത്രിയിലെ ഡോ ടിറ്റോ ടോമിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.
തൃശൂര്‍| ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വയറ്റില്‍ പഞ്ഞി കുടുങ്ങിയ സംഭവത്തില്‍ ഗൈനക്കോളജിസ്റ്റിനെതിരെ പോലീസ് കേസെടുത്തു. ആശുപത്രിയിലെ ഡോ ടിറ്റോ ടോമിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. വൈദ്യശാസ്ത്രപരമായ അശ്രദ്ധ വരുത്തിയെന്ന കുറ്റം ചുമത്തിയാണ് നടപടി. ഗുരുവായൂര്‍ എ സി പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ചാവക്കാട് മുനക്കക്കടവ് സ്വദേശിനി ഫാത്തിമത്തുല്‍ ഷഹ്ഫിയ നല്കിയ പരാതിയിലാണ് നടപടി. ഓഗസ്റ്റ് 18നായിരുന്നു യുവതിയുടെ പ്രസവ ശസ്ത്രക്രിയ. ഇതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് തവണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മതിയായ പരിഗണന ലഭിച്ചില്ലെന്നാണ് യുവതിയുടെ ആരോപണം.
പിന്നീട് നടത്തിയ സ്കാനിങ്ങിലാണ് വയറ്റിനുള്ളില്‍ പഞ്ഞി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെ പഞ്ഞിപുറത്തെടുത്തു. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് 43-ാം ദിവസമാണ് പഞ്ഞി നീക്കം ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും നഴ്സുമാരുടെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് പറഞ്ഞ് കൈയൊഴിഞ്ഞെന്നും യുവതി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
Content Highlights: A police case has been registered against a gynecologist at Chavakkad Taluk Hospital after a cotton swab was left inside a woman’s stomach following a delivery surgery. The victim suffered severe stomach pain and discovered the cotton through a scan on the 43rd day. Another surgery was performed to remove the trapped cotton.



