Ongoing News
വാഹനാപകടത്തില്‍ പ്രവാസി മലയാളിയുടെ കാല്നഷ്ടപ്പെട്ടു; നഷ്ടപരിഹാരം രണ്ട് കോടിയാക്കി ഉയര്‍ത്തി സുപ്രീംകോടതി
തിരുവനന്തപുരം വര്‍ക്കല സ്വദേശി സുധീര്‍ അലിഫിന് അനുവദിച്ച നഷ്ടപരിഹാരമാണ് എട്ട് ലക്ഷം ദിര്‍ഹമായി ഉയര്‍ത്തിയത്.
ദുബൈ| വാഹനാപകടത്തില്‍ ഇടതുകാല് നഷ്ടപ്പെട്ട പ്രവാസി മലയാളിയുടെ നഷ്ടപരിഹാരം ആറ് ലക്ഷം ദിര്‍ഹത്തില്‍നിന്ന് എട്ട് ലക്ഷം ദിര്‍ഹമായി (2.08 കോടി രൂപ) ഉയര്‍ത്തി സുപ്രീംകോടതി. തിരുവനന്തപുരം വര്‍ക്കല സ്വദേശി സുധീര്‍ അലിഫിന് അനുവദിച്ച നഷ്ടപരിഹാരമാണ് എട്ട് ലക്ഷം ദിര്‍ഹമായി ഉയര്‍ത്തിയത്. അജ്മാനിലെ കമ്പനിയില്‍ ലിഫ്റ്റ് ടെക്നിഷ്യനായിരുന്നു സുധീര്‍. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനി വാഹനത്തില്‍ ദുബൈയിലെ ജോലി സ്ഥലത്തേക്കു പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം നടപ്പാതയിലും തൂണിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ സുധീറിന്റെ ഇടതുകാല് മുട്ടിനു താഴെ മുറിച്ചുമാറ്റി. നഷ്ടപരിഹാരത്തിനു കേസ് നടത്തിയെങ്കിലും ആദ്യം നാല് ലക്ഷം ദിര്‍ഹം അനുവദിച്ച കോടതി പിന്നീട് അപ്പീലില്‍ തുക ആറ് ലക്ഷമാക്കി ഉയര്‍ത്തി. ഇതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലിലാണ് നഷ്ടപരിഹാരം എട്ട് ലക്ഷമാക്കിയത്.
അപകടസമയത്ത് സുധീറിന് 38 വയസ്സുണ്ടായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികളാണ് നഷ്ടപരിഹാരം ഉയര്‍ത്താന്‍ കാരണമായത്. ദുബൈയിലെ ആയിഷ അല്‍ദഹേരി അഡ്വക്കറ്റ്സ് മുഖേന സീനിയര്‍ ലീഗല്‍ കണ്‍സല്‍റ്റന്റ് അഡ്വ. ഷംസുദീന്‍ കരുനാഗപ്പള്ളിയാണ് നഷ്ടപരിഹാരത്തിന് കേസ് നടത്തിയത്.
Content Highlights: The UAE Supreme Court increased road accident compensation to 800,000 Dirhams (Rs 2.08 crore) for Varkala native Sudheer Alif. The Ajman-based lift technician lost his left leg in a Dubai crash. Financial hardships of his family prompted the court to hike the initial 600,000 Dirham award.


