Connect with us

International

മൈക്രോസോഫ്റ്റ് സേവനങ്ങൾക്ക് ആഗോളതലത്തിൽ വ്യാപക തടസ്സം; ഇമെയിലും ഓഫീസ് പ്രവർത്തനങ്ങളും തകരാറിലായി

മൈക്രോസോഫ്റ്റ് 365, ഔട്ട്‌ലുക്ക്, ടീമ്സ് തുടങ്ങിയ പ്രധാന സേവനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് തടസ്സപ്പെട്ടത്

Published

|

Last Updated

ദുബൈ | ലോകത്തെ പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് ആഗോളതലത്തിൽ വ്യാപക തടസ്സം നേരിട്ടു. വ്യാഴാഴ്ച ആരംഭിച്ച സാങ്കേതിക തകരാർ വെള്ളിയാഴ്ചയും തുടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈക്രോസോഫ്റ്റ് 365, ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ്, ഷെയർപോയിന്റ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ വിവിധ മേഖലകളിലെ ഉപയോക്താക്കൾക്ക് പുറമെ മിഡിൽ ഈസ്റ്റിലും വെള്ളിയാഴ്ച രാവിലെ മുതൽ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഔട്ട്‌ലുക്ക് ഇമെയിൽ സേവനത്തിലുണ്ടായ തടസ്സമാണ് ഉപയോക്താക്കൾക്ക് വലിയ പ്രതിസന്ധിയായത്. ഇമെയിലുകൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും മെയിൽബോക്സുകൾ തുറക്കുന്നതിനും തടസ്സങ്ങൾ നേരിട്ടു. കൂടാതെ, മൈക്രോസോഫ്റ്റ് ടീമ്സ് വഴിയുള്ള ആശയവിനിമയം, ക്ലൗഡ് അധിഷ്ഠിത ഫയൽ സേവനങ്ങൾ, നിർമിതബുദ്ധി അധിഷ്ഠിത കോപൈലറ്റ് സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനവും സ്തംഭിച്ചു. മൈക്രോസോഫ്റ്റ് സേവനങ്ങളെ ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം ദൈനംദിന പ്രവർത്തനങ്ങളെ ഈ തടസ്സം സാരമായി ബാധിച്ചു.

സെർവർ സംവിധാനങ്ങളിലെ അമിതഭാരവും പ്രവർത്തനക്ഷമതയിലുണ്ടായ തകരാറുകളുമാണ് പ്രശ്നത്തിന് കാരണമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രാഥമിക വിശദീകരണം. പ്രശ്നം പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ധർ സെർവറുകൾ പുനഃസ്ഥാപിക്കുന്നതിനും നെറ്റ്‌വർക്ക് ട്രാഫിക് മറ്റ് സംവിധാനങ്ങളിലേക്ക് തിരിച്ചുവിടുന്നതിനുമുള്ള തീവ്രശ്രമങ്ങൾ നടത്തിവരികയാണ്. ചില മേഖലകളിൽ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും പൂർണമായ പ്രവർത്തനക്ഷമത തിരിച്ചെത്തുന്നതിനുള്ള നടപടികൾ തുടരുകയാണ്. സേവനങ്ങളുടെ നിലവിലെ സ്ഥിതി മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സർവീസ് ഹെൽത്ത് പോർട്ടലിലൂടെ നിരീക്ഷിക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Content Highlights: A global Microsoft outage has severely disrupted Outlook, Teams, Microsoft 365, SharePoint, and Copilot services worldwide. Users across the US, Europe, Asia, and the Middle East faced major email and cloud access issues. Engineers are actively rerouting network traffic to restore full functionality.

---- facebook comment plugin here -----

Latest