Connect with us

Kerala

മുനമ്പം ഭൂമി കേസ്: കമ്മീഷന്‍ ജുഡീഷ്യല്‍ സ്ഥാപനമല്ല, ശുപാര്‍ശകള്‍ നടപ്പാക്കാന്‍ അധികാരമില്ല; സര്‍ക്കാര്‍

കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്

Published

|

Last Updated

കൊച്ചി|മുനമ്പം വഖഫ് ഭൂമി കേസ് പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കമ്മീഷന് അധികാരമില്ല. കമ്മീഷന്‍ ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ കമ്മീഷന് അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ നല്‍കുകയെന്നതാണ് കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച നടപടിയെ ചോദ്യം ചെയ്തുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കുവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരള വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് പരിഗണിച്ചത്.

കേസില്‍ പ്രാരംഭവാദം കേട്ട ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ തവണ ഹൈക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്ത് അധികാര പരിധി ഉപയോഗിച്ചാണ് കമ്മീഷന്റെ നിയമനമെന്നും കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട വഖഫ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കമ്മീഷനെ നിയോഗിക്കാന്‍ പറ്റുമോ എന്നും കോടതി ചോദിച്ചിരുന്നു.എന്നാല്‍ ഭൂമി സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മുനമ്പത്തെ 104 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയതാണ്.

 

 

---- facebook comment plugin here -----

Latest