Connect with us

govt hospital

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലെ കെടുകാര്യസ്ഥത; ദുരനുഭവം പങ്കു വച്ച് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്

താലൂക്കാശുപത്രിയിലെ ഓഫീസിലേക്ക് എത്തിപ്പെടാനുള്ള പ്രയാസങ്ങളും ഓഫീസ് ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും വിശദീകരിച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്

Published

|

Last Updated

അലനല്ലൂര്‍ | മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥതയെ കുറിച്ച് ദുരനുഭവം പങ്കുവച്ച് തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. തന്റെ വാര്‍ഡിലെ മസ്തിഷ്‌കാര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി ആശുപത്രിയിലെത്തിയപ്പോഴുണ്ടായ അനുഭവങ്ങളാണ് കെ പി എം സലീം മാസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. താലൂക്കാശുപത്രിയിലെ ഓഫീസിലേക്ക് എത്തിപ്പെടാനുള്ള പ്രയാസങ്ങളും ഓഫീസ് ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും വിശദീകരിച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

മസ്തിഷ് കാര്‍ബുദം ബാധിച്ച് ചലന ശേഷിയും കാഴ്ച ശക്തിയും നഷ്ടപ്പെട്ട ചാമപ്പറമ്പ് സ്വദേശിനിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റര്‍ ആശുപത്രിയിലെത്തിയത്. ആശുപത്രി ഓഫീസിലേക്ക് കയറാനുള്ള പ്രയാസം കാരണം ഡ്രൈവറെ അയക്കുകയായിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ രേഖാമൂലമുള്ള അപേക്ഷ വേണമെന്ന് ജീവനക്കാര്‍ പറഞ്ഞു. കയ്യില്‍ പേപ്പറില്ലാത്തതിനാല്‍ ഓഫീസില്‍ നിന്നും ഒരു പേപ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ കടലാസ് നല്‍കാന്‍ തയ്യാറാകാതിരുന്ന ജീവനക്കാര്‍ കടലാസ് നല്‍കണമെങ്കില്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്ന വിചിത്ര മറുപടി നല്‍കി മടക്കിയയക്കുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനാണെന്നും പഞ്ചായത്ത് പ്രസിഡന്റ് താഴെയുണ്ടെന്നും പറഞ്ഞിട്ടും ഒരു കടലാസ് നല്‍കാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. നിര്‍ധനരും അവശരും ഗുരുതര രോഗം ബാധിച്ചവരോ അവരുടെ ബന്ധുക്കളോ മാത്രം സമീപിക്കുന്ന ഇവിടെ ഒരു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ തനിക്ക് ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

താലൂക്ക് ആശുപത്രിയിലെ ഓഫീസിലേക്ക് വരുന്ന പാവപ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ നല്‍കുന്നതിന് ഒരു കെട്ട് എ ഫോര്‍ ഷീറ്റുകളും പേനകളും നല്‍കിയാണ് ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് സലീം മാസ്റ്റര്‍ പ്രതിഷേധമറിയിച്ചത്.

Latest