Connect with us

minority scholarship

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കരുത്

സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വിവിധ മേഖലകളില്‍ വിശിഷ്യാ വിദ്യാഭ്യാസ മേഖലയില്‍ പൂര്‍വോപരി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റം തടസ്സപ്പെടുത്താനല്ല, ശക്തിപ്പെടുത്താനുള്ള നിലപാടുകളും നടപടികളുമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

Published

|

Last Updated

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് നല്‍കി വന്നിരുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഒന്നൊന്നായി എടുത്തുകളയുകയാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ടര ലക്ഷത്തില്‍ താഴെ വരുമാനമുള്ള ന്യൂനപക്ഷ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പില്‍ നിന്ന് എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികളെ ഒഴിവാക്കിയ അറിയിപ്പ് വന്നത് രണ്ടാഴ്ച മുമ്പാണ്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് നല്‍കി വന്നിരുന്ന 1,500 രൂപയുടെ ഈ സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ ഒ ബി സി, ഇ ബി സി, ഡി എന്‍ ടി കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഇതിനു പിന്നാലെ ഉന്നത പഠനത്തിന് അനുവദിച്ചിരുന്ന മൗലാനാ ആസാദ് നാഷനല്‍ സ്‌കോളര്‍ഷിപ്പും നിര്‍ത്തലാക്കിയതായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിക്കുകയുണ്ടായി.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുകയും ഇതിനായുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ച് സ്‌കൂള്‍, ജില്ലാ, സംസ്ഥാന തലത്തിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാകുകയും ചെയ്ത ശേഷമാണ് എട്ടാം ക്ലാസ്സ് വരെയുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ അറിയിപ്പ് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. ദിവസങ്ങള്‍ ചെലവഴിച്ചാണ് രക്ഷിതാക്കള്‍ വില്ലേജുകളില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സമ്പാദിച്ചതും അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിച്ചതും. അവര്‍ക്ക് കനത്ത ഇരുട്ടടിയാണ് കേന്ദ്ര തീരുമാനം. മുസ്‌ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നത്. എല്ലാ കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കേരളത്തിന് വലിയ തിരിച്ചടിയാണ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ തീരുമാനം. എട്ട് വരെയുള്ള 1.25 ലക്ഷം കുട്ടികളാണ് കേരളത്തില്‍ വര്‍ഷംതോറും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരുന്നത്.

സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയ കേന്ദ്ര തീരുമാനം രാഷ്ട്രീയ പക്ഷപാതിത്വ നടപടിയാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ബി ജെ പി ഇതര ഭരണത്തിലുള്ള സംസ്ഥാനങ്ങളെയാണ് കാര്യമായും ഇത് ബാധിക്കുക. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിദ്യാലയങ്ങളില്‍ പോകുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ നാമമാത്രമായതിനാല്‍ ആ സംസ്ഥാനങ്ങളെ ഇത് വലിയ തോതില്‍ ബാധിക്കാനിടയില്ല.

സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ നടപ്പാക്കുന്നതിന്റെ ഭാഗമായി 2009ല്‍ യു പി എ ഭരണകാലത്ത് ആരംഭിച്ചതാണ് മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് (എം എ എന്‍ എഫ്) സ്‌കീം. യു ജി സി ആഭിമുഖ്യത്തില്‍ എം ഫില്‍, പി എച്ച് ഡി ഗവേഷണ വിദ്യാര്‍ഥികള്‍ക്കാണ് ഇത് നല്‍കിവന്നിരുന്നത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായുള്ള മറ്റു വിവിധ ഫെല്ലോഷിപ്പ് സ്‌കീമുകളുള്ളതിനാലും ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ അത്തരം സ്‌കീമുകള്‍ക്ക് കീഴില്‍ വരുന്നതു കൊണ്ടുമാണ് 2022-23 മുതല്‍ എം എ എന്‍ എഫ് സ്‌കീം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് ഇതുസംബന്ധിച്ച് മന്ത്രി സ്മൃതി ഇറാനിയുടെ വിശദീകരണം. എന്നാല്‍ എം എ എന്‍ എഫ് ഒഴികെയുള്ള എല്ലാ സ്‌കീമുകളും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങളിലെയും വിദ്യാര്‍ഥികള്‍ക്കുള്ളതാണ്. അതുകൊണ്ട് തന്നെ മറ്റു സ്‌കോളര്‍ഷിപ്പ് സ്‌കീമുള്ളതിനാലാണ് ഇത് നിര്‍ത്തലാക്കുന്നതെന്ന വാദം ബാലിശമാണ്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കാനുള്ള അവസരത്തെ ഇത് സാരമായി ബാധിക്കും.

കേന്ദ്രം പുതുക്കിയ മാര്‍ഗരേഖ പ്രകാരം മികച്ച അക്കാദമിക നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത. ഏതെങ്കിലും സാഹചര്യത്തില്‍ ഒരു സ്ഥാപനത്തില്‍ പ്രവേശനം നേടിയ യോഗ്യരായ വിദ്യാര്‍ഥികളുടെ എണ്ണം അനുവദിച്ച സ്‌കോളര്‍ഷിപ്പ് എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ പ്രവേശന പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടിയവര്‍ക്ക് മാത്രമായി സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തും. ഇതോടെ ഉന്നത ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന നിരവധി കേരളീയരായ വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പ് പരിധിക്ക് പുറത്താകും.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം നേരിടുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പിന്നാക്കാവസ്ഥയുടെ വെളിച്ചത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സച്ചാര്‍ കമ്മീഷന്‍ പോലുള്ള പഠന സംഘങ്ങളെ നിയോഗിച്ചത്. അവര്‍ നടത്തിയ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇത്തരം പദ്ധതികളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ വിവിധ മേഖലകളില്‍ വിശിഷ്യാ വിദ്യാഭ്യാസ മേഖലയില്‍ പൂര്‍വോപരി മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ഈ മുന്നേറ്റം തടസ്സപ്പെടുത്താനല്ല, ശക്തിപ്പെടുത്താനുള്ള നിലപാടുകളും നടപടികളുമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയൊരു സാമ്പത്തിക ബാധ്യതയല്ല പ്രീമെട്രിക് സ്‌കോളര്‍ഷിപ്പും മൗലാനാ ആസാദ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇത് വലിയൊരു താങ്ങുമാണ്. നിര്‍ത്തലാക്കിയ രണ്ട് സ്‌കോളര്‍ഷിപ്പും പുനഃസ്ഥാപിക്കാനും ഈ വര്‍ഷം നല്‍കിയ അപേക്ഷകളില്‍ ഉടനടി അനുകൂല തീരുമാനം കൈക്കൊള്ളാനും സംസ്ഥാന സര്‍ക്കാറും പാര്‍ലിമെന്റ് അംഗങ്ങളും പിന്നാക്ക വിഭാഗ സംഘടനകളും ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്.

അതിനിടെ കേന്ദ്രം നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും ഇക്കാര്യം പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിക്കുകയുണ്ടായി. ഇത് സ്വാഗതാര്‍ഹമാണ്.