Kerala
ചര്‍ച്ചയില്‍ തോറ്റതില്‍ നടുത്തളത്തില്‍ എന്നതാണ് പ്രതിപക്ഷ സമീപനമെന്ന് മന്ത്രി എം ബി രാജേഷ്
നോട്ടീസ് നല്‍കാതെ സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാകില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും എം ബി രാജേഷ് ചോദിച്ചു

തിരുവനന്തപുരം | നിയമസഭയില്‍ ചര്‍ച്ചയില്‍ തോറ്റതില്‍ നടുത്തളത്തില്‍ എന്നതാണ് പ്രതിപക്ഷ സമീപനമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തുടര്‍ച്ചയായി അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തതിന്റെ ക്ഷീണത്തിലാണ് പ്രതിപക്ഷം. ആറ് ദിവസത്തിനുള്ളില്‍ നാല് അടിയന്തര പ്രമേയങ്ങളാണ് സഭ ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യാഗ്രഹം അനുഷ്ഠിച്ചവര്‍ സഭയില്‍ തിരിച്ചെത്തി. ഒരു നാടകം പൊളിഞ്ഞപ്പോള്‍ മറ്റൊരു നാടകവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുകയാണ് പ്രതിപക്ഷം ചെയ്തത്. വിഷയം സബ്മിഷനായി ഉന്നയിക്കാന്‍ പോലും പ്രതിപക്ഷം തയ്യാറായിട്ടില്ല. നോട്ടീസ് നല്‍കാതെ സര്‍ക്കാര്‍ ചര്‍ച്ചക്ക് സന്നദ്ധമാകില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും എം ബി രാജേഷ് ചോദിച്ചു.
ഇന്നു ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന തരത്തില്‍ സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും പ്രസിഡന്റും രാജിവെയ്ക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു.
സഭാ സമ്മേളനം ആരംഭിച്ചതു മുതല്‍ സഭ പ്രക്ഷുബ്ധമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിഷയം അവതരിപ്പിച്ചെങ്കിലും അതവഗണിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചോദ്യോത്തര വേളയിലേക്ക് കടന്നു. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസംഗം തടസപ്പെട്ടതോടെ ഭരണപക്ഷ എം എല്‍ എമാര്‍ എഴുന്നേറ്റു. ഇതോടെ ഭരണ പ്രതിപക്ഷ ബഹളമായി സഭ മാറുകയായിരുന്നു. സ്പീക്കറുടെ കാഴ്ച മറച്ച് അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നെഴുതുയ ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ബഹളം കൂടിയപ്പോള്‍ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കുകയും സഭ അല്‍പനേരത്തേക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്തു.