Connect with us

Kerala

പൊടിയുന്നത് ലക്ഷങ്ങൾ; താങ്ങൂല സാർ...

പരിശീലനങ്ങൾക്കും ഒരുക്കത്തിനും വേണമൊരു ചട്ടക്കൂട്

Published

|

Last Updated

കോഴിക്കോട് | സ്‌കൂൾ കലോത്സവത്തിലെ മോഹന ഐറ്റങ്ങളാണ് മോഹിനിയാട്ടം ഉൾപ്പെടെയുള്ള നൃത്തകലകൾ. സ്‌കൂൾ തലം തൊട്ട് സംസ്ഥാന തലം വരെയുള്ള മത്സരത്തിനായി ഒരു വിദ്യാർഥിയെ ഇത്തരം ഇനങ്ങളിൽ ഒരുക്കുന്നതിന് രക്ഷിതാക്കൾക്കിറങ്ങുന്നത് ലക്ഷങ്ങളാണ്. കല ജീവന്റെ പാതിയായി കാണുന്ന മനുഷ്യർ മക്കളെ കടം വാങ്ങിയും ഇതിനായി സജ്ജമാക്കുന്നു.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘനൃത്തം, കഥകളി ഉൾപ്പെടുള്ളവക്കാണ് സംസ്ഥാനതല മത്സരത്തിനെത്തുമ്പോഴേക്ക് പരിശീലനത്തിനും ഒരുക്കങ്ങൾക്കുമായി ലക്ഷങ്ങൾ ചെലവ് വരുന്നത്. പരീശീലകന് നൽകുന്ന ഫീസിന് പുറമേ ഡ്രസ്സിംഗ്, മേക്കപ്പ് ഉൾപ്പെടെയുള്ളവക്കാണ് വലിയ തുക ചെലവ് വരുന്നതെന്ന് മത്സരാർഥികളുടെ രക്ഷിതാക്കൾ പറയുന്നു. സംസ്ഥാന തലത്തിലെത്തുന്ന വിദ്യാർഥികൾക്കു പോലും ഫെല്ലോഷിപ്പോ മറ്റോ ലഭിക്കാത്തതിനാൽ മുഴുവൻ തുകയും തങ്ങൾ തന്നെ വഹിക്കേണ്ടി വരുന്നുവെന്നും ഇവർ പറയുന്നു. സാധരണ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ഒരു വിധത്തിലുള്ള ഫെല്ലോഷിപ്പുകളും ഇതിനായി സ ർക്കാറോ മറ്റ് ഏജൻസികളോ നൽകുന്നില്ലെന്ന് കലാ മേഖലയിൽ അധ്യാപകനായ നിലംപേരൂർ സുരേഷ് കുമാർ പറഞ്ഞു. കലാമണ്ഡലം ഉൾപ്പെടെയുള്ള ചുരുക്കം ചില സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ ചെലവ് സ്ഥാപനങ്ങൾ വഹിക്കുന്നുണ്ട്. പരീശിലനങ്ങൾക്കും ഒരുക്കത്തിനും ഒരു ചട്ടക്കൂട് തയ്യാറാക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

വീണ, തബല, ഗിറ്റാർ, മൃദംഗം, മദ്ദളം ഉൾപ്പെടെയുള്ള വാദ്യകലകൾക്കും ഫെല്ലോഷിപ്പുകളൊന്നുമില്ലെന്ന് ഹൈസ്‌കൂൾ വിഭാഗം തബലയിൽ എ ഗ്രേഡ് നേടിയ കൊല്ലം, കൊട്ടരക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നന്ദഗോപൻ ജിയുടെ പിതാവും ഹയർ സൈക്കൻഡറി അധ്യാപകനുമായ ഗോപകുമാർ പറയുന്നു. തബല പരിശീലനത്തിന് പ്രതിവർഷം ഇരുപതിനായിരത്തലധികം രൂപ ചെലവ് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാദ്യകലകളും സ്‌കൂൾ കലോത്സവത്തിലെ സുപ്രധാന ഇനങ്ങളാണ്. മത്സരത്തിന് ധാരളം പേർ എത്തുന്നുമുണ്ട്.

മാപ്പിള കലകളായ ഒപ്പന, അറബന മുട്ട്, കോൽക്കളി എന്നിവക്കും ചെറുതല്ലാത്ത തുക ചെലവാകുന്നുണ്ട്. പലപ്പോഴും വിദ്യാർഥികളും അധ്യാപകരും പിരിവെടുത്തോ സ്‌കൂൾ മാനേജ്‌മെന്റുകൾ പണം നൽകിയോയാണ് മാപ്പിള കലകളിൽ പലതും സംസ്ഥാന തലം വരെ എത്തുന്നത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി തലത്തിലെങ്കിലും ഇത്തരം കലകൾ പരിശീലിക്കുന്ന വിദ്യാർഥികൾക്ക് ഫെല്ലോഷിപ്പ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് രക്ഷിതാക്കളും പരിശീലകരും ഒരുപോലെ ആവശ്യപ്പെടുന്നു. പരിശീലനത്തിനും ഒരുക്കത്തിനും സർക്കാർ ഒരു ചട്ടക്കൂട് രൂപവത്കരിക്കണമെന്ന ആശയവും കലാരംഗത്ത് പ്രവർത്തിക്കുന്നവരും രക്ഷിതാക്കളും മുന്നോട്ട് വെക്കുന്നു.

Latest