Connect with us

editorial

അരുണാചലിലെ സൈനിക ഏറ്റുമുട്ടൽ

നേതൃചർച്ചകളിലെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒരിക്കലും പ്രാവർത്തികമാകാറില്ല. രാഷ്ട്രീയ താത്പര്യങ്ങളെ ചൊല്ലി അവ മനഃപൂർവം വിസ്മരിക്കുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നല്ലൊരു വഴിയായാണ് അതിർത്തി സംഘർഷങ്ങളെ ഭരണ നേതൃത്വം കാണുന്നത്.

Published

|

Last Updated

ഭ ഭരണ നേതൃത്വങ്ങൾ തമ്മിൽ സൗഹൃദത്തിൽ. സൈനികർ അതിർത്തി തർക്കത്തിന്റെ പേരിൽ ഏറ്റുമുട്ടലിലും. ഇതാണിപ്പോൾ ഇന്ത്യ- ചൈന ബന്ധത്തിന്റെ അവസ്ഥ. നവംബർ മധ്യത്തിലാണ് ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ജി-20 ഉച്ചകോടിയിലെ അത്താഴവിരുന്നിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും സൗഹൃദം പങ്കിട്ടത്. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റെയും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയും വീഡിയോയും പുറത്തുവന്നു. അതുകഴിഞ്ഞു ഒരു മാസം തികയുന്നതിന് മുമ്പാണ് ഇപ്പോൾ അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിലെ നിയന്ത്രണ രേഖയിൽ ചൈനാ- ഇന്ത്യ സൈനികർ ഏറ്റുമുട്ടിയത്. മുഖാമുഖം നടന്ന ഏറ്റുമുട്ടലിൽ നിരവധി ഇന്ത്യൻ സൈനികർക്കും ചൈനീസ് സൈനികർക്കും പരുക്കേറ്റതായാണ് റിപോർട്ട്.

സെപ്തംബർ ഒമ്പതിന് പുലർച്ചെ മൂന്നോടെയായിരുന്നു ഏറ്റുമുട്ടൽ. യാംഗ്‌സെയിലെ ഇന്ത്യൻ പോസ്റ്റ് പിടിക്കാൻ ചൈനയുടെ മുന്നൂറോളം ഭടന്മാർ വടികളും ചൂരലുകളുമായി എത്തുകയായിരുന്നു. ഇരുരാഷ്ട്രങ്ങൾ തമ്മിൽ നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം അതിർത്തിയിൽ പട്രോളിംഗിനിടെ തോക്ക് കൈവശം വെക്കാനാകില്ല. അതുകൊണ്ടാണ് ആയുധ സന്നാഹം വടികളിൽ ഒതുങ്ങിയത്. ഇത്തരമൊരു കടന്നു കയറ്റത്തെക്കുറിച്ച് നേരത്തേ തന്നെ രഹസ്യവിവരം ലഭിച്ചതിനാൽ മേഖലയിലുണ്ടായിരുന്ന ഇന്ത്യൻ സൈനികർ ഒത്തുകൂടി ചൈനിസ് പടയെ പ്രതിരോധിക്കുകയും തിരിച്ചോടിക്കുകയും ചെയ്തു. അതേസമയം, തവാംഗിൽ ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി കടന്നതാണ് സംഘർഷത്തിനു കാരണമെന്നാണ് ചൈന പറയുന്നത്. ഈ മേഖലയിൽ നേരത്തേയും സംഘർഷമുണ്ടായിട്ടുണ്ട്. 2021ൽ തവാംഗ് മേഖലയിലെ യാംഗ്സേയിൽ കടന്നു കയറാനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യ ചെറുത്തിരുന്നു.

ദശാബ്ദങ്ങളായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് അരുണാചൽ പ്രദേശിലെ തവാംഗ്. ഇന്ത്യൻ പ്രദേശമെന്ന് ലോകം അംഗീകരിച്ച അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റ് ആണെന്നും ചൈനയുടെ ഭാഗമാണെന്നുമാണ് ബീജിംഗിന്റെ വാദം. തങ്ങളുടെ അവകാശം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ജനുവരിയിൽ പുതുവത്സര ദിനത്തിൽ ചൈന അരുണാചലിലെ 15 പ്രദേശങ്ങൾക്ക് ചൈനീസ് പേരുകൾ പ്രഖ്യാപിക്കുകയുണ്ടായി. സൈനിക തന്ത്രങ്ങളുടെ ഭാഗമായി മേഖലയിൽ റോഡുകളും ഗ്രാമങ്ങളും നിർമിക്കുകയും സൈനിക വിന്യാസം നടത്തി വരികയും ചെയ്യുന്നുണ്ട് ചൈന.
പട്ടാളക്യാമ്പുകളാണ് ഗ്രാമങ്ങളെന്ന പേരിൽ അവർ നിർമിക്കുന്നതിൽ പലതും. അരുണാചൽ അതിർത്തിയിലെ അപ്പർ സുബാൻസിരി ജില്ലയിൽ ഇന്ത്യയും ചൈനയും ഉടമസ്ഥത അവകാശപ്പെടുന്ന സ്ഥലത്ത് ചൈന ഗ്രാമമെന്ന പേരിൽ നിർമിച്ചത് പട്ടാള ക്യാമ്പ് ആണെന്നു അരുണാചൽ സർക്കാർ നിയോഗിച്ച അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർ ഡി ജെ ബോറയുടെ നേതൃത്വത്തിലുള്ള സംഘം 2017ൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിർത്തിയിൽ സ്ഥിരമായി നിലയുറപ്പിക്കുന്നതിനുള്ള സന്നാഹങ്ങളാണ് ചൈന അവിടെ സജ്ജമാക്കിയത്. 101 വീടുകൾ ഉൾക്കൊള്ളുന്ന ഈ ഗ്രാമത്തിന്റെ ഉപഗ്രഹ ചിത്രം 2001 ജനുവരിയിൽ എൻ ഡി ടി വി പുറത്തു വിട്ടിരുന്നു.

ചൈനയെ പ്രതിരോധിക്കാൻ അതിർത്തിയിൽ ഇന്ത്യയും റോഡുകൾ, പാലങ്ങൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കി വരികയാണ്. ബ്രഹ്മപുത്ര നദിക്കു കുറുകെ നിർമിച്ച ധോല- സദിയ പാലം ഇതിന്റെ ഭാഗമാണ്. 9.2 കിലോമീറ്റർ ദൈർഘ്യമുള്ളതും രാജ്യത്തെ ഏറ്റവും നീളം കൂടിയതുമായ ഈ പാലം ടാങ്ക് അടക്കമുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യവും അതിർത്തിയിലേക്കുള്ള എളുപ്പ മാർഗവുമാണ്. ഇതുവഴി ചൈനയുടെ ഭീഷണി നേരിടുന്ന അരുണാചൽ അതിർത്തികളിൽ എളുപ്പത്തിൽ എത്താൻ സൈന്യത്തിന് കഴിയും. ഈ പാലത്തിന്റെ നിർമാണത്തിൽ ചൈന കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതിർത്തി തർക്കം പരിഹരിക്കുന്നതിനും 3,488 കിലോമീറ്റർ നീളം വരുന്ന അതിർത്തി സംഘർഷരഹിതമാക്കുന്നതിനും ഇരു രാഷ്ട നേതാക്കളും പലവുരു ചർച്ചകൾ നടത്തിയതാണ്. 2018 നവംബർ അവസാനത്തിൽ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യീയും തമ്മിൽ ചൈനയിലെ സിച്‌വാൻ പ്രവിശ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്‌നത്തിനു ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണാനും ഇതിന്റെ ഭാഗമായി സൈനികതല ചർച്ചകൾ ഒരുക്കാനും ധാരണയുണ്ടാക്കിയിരുന്നു.

സംഘർഷത്തിൽ അയവു വരുത്താൻ ചർച്ചയുടെ പാതയാണ് അഭികാമ്യമെന്ന് അന്ന് ഇരുനേതാക്കളും അഭിപ്രായപ്പെടുകയും ചെയ്തു. തൊട്ടടുത്ത മാസം 2018 ഡിസംബറിൽ ഡൽഹിയിൽ ഇന്ത്യൻ, ചൈനീസ് വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ സാംസ്‌കാരിക വിനിമയ സഹകരണം മെച്ചപ്പെടുത്താനും സൗഹൃദം ഊഷ്മളമാക്കാനും തീരുമാനിച്ചു.

പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിന് ഇരു സൈന്യങ്ങളും ശ്രമിച്ചുവരികയാണെന്നും അതിർത്തി മേഖലകളിൽ സമാധാനവും സഹവർത്തിത്വവും വളർത്തുന്നതിന് പരമാവധി ശ്രമിക്കുമെന്നുമാണ് അന്ന് ചർച്ചക്കൊടുവിൽ ഇരു നേതാക്കളും വിശ്വാസം പ്രകടിപ്പിച്ചത്.
2018 ഏപ്രിലിൽ ചൈനയിലെ വുഹാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും നടത്തിയ ചർച്ചക്കൊടുവിൽ നടത്തിയ പ്രഖ്യാപനത്തിലും അതിർത്തിയിൽ സംഘർഷമൊഴിവാക്കുന്നതിന്റെ ആവശ്യകത അടിവരയിട്ടു പറഞ്ഞതാണ്.

നേതൃചർച്ചകളിലെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒരിക്കലും പ്രാവർത്തികമാകാറില്ല. രാഷ്ട്രീയ താത്പര്യങ്ങളെ ചൊല്ലി അവ മനഃപൂർവം വിസ്മരിക്കുകയാണ്. ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നല്ലൊരു വഴിയായാണ് അതിർത്തി സംഘർഷങ്ങളെ ഭരണ നേതൃത്വം കാണുന്നത്. ‘സംഘർഷരഹിത അതിർത്തി’ എന്ന പ്രഖ്യാപനം നടപ്പിലാകാത്തതിന്റെ മുഖ്യകാരണവും ഇതാണ്.

Latest