Editors Pick
മിഷേൽ ലോറ്റിറ്റോ; ഒരു വിമാനം മുഴുവൻ ഭക്ഷണമാക്കിയ മനുഷ്യൻ!
1997 ഒക്ടോബർ വരെ അദ്ദേഹം ഒമ്പത് ടൺ ലോഹം കഴിച്ചുവെന്നാണ് കണക്ക്.
വിശന്നാൽ മനുഷ്യൻ എന്താ കഴിക്കുക? ഭക്ഷണം അല്ലേ? ഇനിയിപ്പോ ഭക്ഷണം കിട്ടാത്ത സ്ഥലത്താണെങ്കിലോ? ചിലപ്പോൾ പുല്ല് കഴിച്ചേക്കും. എന്നാൽ എത്ര ഭക്ഷണമുണ്ടെങ്കിലും വിശന്നാൽ ഇരുമ്പ് കഴിക്കുന്ന മനുഷ്യനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് മിഷേൽ ലോറ്റിറ്റോ. ഒമ്പത് വയസ്സ് മുതൽ ഈ ഫ്രഞ്ചുകാരൻ പതിവായി ലോഹവും ഗ്ലാസും കഴിക്കുന്നുണ്ട്.1966 മുതൽ 18 സൈക്കിളുകൾ, 15 സൂപ്പർമാർക്കറ്റ് ട്രോളികൾ, ഏഴ് ടി വി സെറ്റുകൾ, രണ്ട് കിടക്കകൾ കമ്പ്യൂട്ടർ എന്നിവയെല്ലാം അദ്ദേഹം അകത്താക്കി.
1950 ജൂൺ 15 ന് ഫ്രാൻസിലെ ഗ്രെനോബിളിൽ ജനിച്ച മിഷേൽ ഒമ്പതാം വയസ്സിൽ വെള്ളം കുടിക്കുന്നതിനിടെ ഗ്ലാസ് പൊട്ടുകയും അതിന്‍റെ ഭാഗങ്ങൾ ചവക്കുകയും ചെയ്തപ്പോഴാണ് തന്‍റെ അപൂർവ കഴിവിനെക്കുറിച്ച് മനസ്സിലാക്കുന്നത്. 1997 ഒക്ടോബർ വരെ അദ്ദേഹം ഒമ്പത് ടൺ ലോഹം കഴിച്ചുവെന്നാണ് കണക്ക്. ഇയാളുടെ ഭക്ഷണത്തെക്കുറിച്ച് ഫ്രാൻസിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകൾ പഠനം നടത്തുകയുണ്ടായി. പ്രതിദിനം 900 ഗ്രാം ലോഹങ്ങൾ വരെ കഴിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്നാണ് അവർ കണ്ടെത്തിയത്.
പിക്ക എന്ന മാനസിക വിഭ്രാന്തിയുടെ ഫലമായിരുന്നു അദ്ദേഹത്തിന്‍റെ വിചിത്രമായ ഭക്ഷണരീതി. ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളോടുള്ള അമിതമായ ആസക്തിയാണിത്. ഒരിക്കൽ വാഴപ്പഴവും പുഴുങ്ങിയ മുട്ടയുമെല്ലാം കഴിച്ചത് കാരണം താൻ രോഗിയായെന്ന് അദ്ദേഹം ഇടയ്‌ക്ക് വ്യക്തമാക്കിയിരുന്നു. തനിക്ക് കിട്ടിയ പ്രത്യേക കഴിവ് അദ്ദേഹം വരുമാന മാർഗമാക്കി മാറ്റി. വിവിധ ചടങ്ങുകളിൽ വിചിത്രമായ തന്‍റെ കഴിവുകൾ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 1960-കളിൽ ലോട്ടിറ്റോ തൻ്റെ കഴിവുകൾ ടെലിവിഷനിൽ അവതരിപ്പിച്ചതിന് ശേഷം വ്യാപകമായ പ്രശസ്തി നേടി. ഒടുവിൽ ഒരു ‘സെസ്‌ന 150’ വിമാനവും അദ്ദേഹം പൂർണമായി ഭക്ഷിച്ചു.
രണ്ട് വർഷം കൊണ്ടാണ് ഒരു വിമാനം മുഴുവൻ മിഷേൽ അകത്താക്കിയത്. ആമാശയം അസാധാരണമാംവിധം ഉയർന്ന അളവിൽ ആസിഡ് ഉൽപ്പാദിപ്പിച്ചതിനാൽ, പ്രത്യക്ഷമായ ദോഷങ്ങളില്ലാതെ കഴിച്ച ഇരുമ്പിനെയെല്ലാം മിഷേലിന് ദഹിപ്പിക്കാൻ കഴിഞ്ഞു. ലോഹം കഴിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം നേടി. സ്വാഭാവിക കാരണങ്ങളാൽ 2007 ജൂൺ 25-ന് 57-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണശേഷവും അദ്ദേഹത്തിന്‍റെ റെക്കോർഡ് മായാതെ നിലനിൽക്കുന്നു.