National
യുപിയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് തല്ലിക്കൊന്നു
വീടുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്ന ആളെന്ന് ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെജനക്കൂട്ടം തല്ലിക്കൊന്നു.റായ്ബറേലിയില്‍ ഒക്ടോബര്‍ ഒന്നിനാണ് സംഭവം. ഫത്തേപുര്‍ സ്വദേശി ഹരിഓം(38) ആണ് കൊല്ലപ്പെട്ടത്. യുവാവിനെ മര്‍ദിച്ച് അവശനാക്കിയവര്‍ റെയില്‍വേ പാളത്തിനരികെ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉംചാര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു.
മാനസികാസ്വാസ്ഥ്യമുള്ള ഹരിഓമിനെ ഭാര്യവീട്ടിലേക്ക് പോകുംവഴിയാണ് ജമുനാപുരില്‍ ആള്‍ക്കൂട്ടം തടഞ്ഞത്. തുടര്‍ന്ന്, ഇയാള്‍ വീടുകളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മോഷണം നടത്തുന്നയാളാണെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.
മാസസീകാസ്വാസ്ഥ്യമുള്ള ഹരിഓമിന് കൃത്യമായ മറുപടി നല്‍കാനാവാഞ്ഞതോടെ ജനക്കൂട്ടം മര്‍ദനം തുടര്‍ന്നു. ഇതിനിടെ ഹരിഓം രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞപ്പോള്‍ ഇത് ബാബയുടെ നാടാണെന്ന് പറഞ്ഞ് വീണ്ടും ആക്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പിറ്റേദിവസം രാവിലെ സമീപത്തെ ഗ്രാമവാസികളാണ് വിവസ്ത്രനായ നിലയില്‍ ഹരിഓമിനെ റെയില്‍വേ പാളത്തിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.
യുപിയില്‍ നിലനില്‍ക്കുന്ന കാട്ടുനീതിയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് ഹരിഓമിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് പറഞ്ഞു. പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും മര്‍ദനമേറ്റ് അവശനായ യുവാവിനെ രക്ഷിക്കാന്‍ തയാറായില്ലെന്നും അജയ് റായ് ആരോപിച്ചു.