Connect with us

Health

പുരുഷന്മാരുടെ വലിയ മാറിടം ഒരു ദിവസം കൊണ്ട് മാറ്റിയെടുക്കാം

ഗൈനക്കോമാസ്റ്റിയ റിഡക്ഷന്‍ (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാന്‍) കോസ്‌മെറ്റിക് സര്‍ജറിയാണ് സാധാരണയായി ചെയ്യുക.

Published

|

Last Updated

മ്മള്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പുരുഷന്മാരിലെ വലിയ സ്തനങ്ങള്‍. ഗൈനക്കോമാസ്റ്റിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഗൈനക്കോമാസ്റ്റിയ റിഡക്ഷന്‍ (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാന്‍) കോസ്‌മെറ്റിക് സര്‍ജറിയാണ് സാധാരണയായി ചെയ്യുക. നൂറ് ആണ്‍കുട്ടികളില്‍ പത്ത് പേര്‍ക്കെങ്കിലും ഗൈനക്കോമാസ്റ്റിയ എന്ന പ്രശ്‌നമുണ്ടാകും. ഇതൊരു കോസ്‌മെറ്റിക് പ്രശ്‌നമാണ് അല്ലാതെ അസുഖത്തിന്റെ ഭാഗമല്ല. കൗമാര പ്രായത്തില്‍ ഹോര്‍മോണുകള്‍ ഉണ്ടാകുന്ന സമയത്ത് ഹോര്‍മോണുകളോട് ചില ശരീരങ്ങള്‍ കുറച്ചധികം പ്രതികരിക്കും അതുകൊണ്ടാണ് സ്തനവലിപ്പത്തിന് കാരണം. ഈ പ്രശ്‌നത്താല്‍ കുട്ടികളില്‍ ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ പ്രയാസം, കളിക്കാന്‍ പോകുന്ന സമയങ്ങളിലും കുളിക്കാന്‍ പോകുമ്പോഴെല്ലാം മാറിടം വലുതാണെന്ന അപകര്‍ഷതാബോധം എന്നിയാണ് സൃഷ്ടിക്കുന്നത്.

ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വേണ്ടിയാണ് മിക്ക ആളുകളും ഡോക്ടറെ സമീപിക്കുന്നത്. ഗൈനക്കോമാസ്റ്റിയ ഉള്ള പത്ത് കുട്ടികളില്‍ ഒരു കുട്ടിയ്ക്ക് ഒരു പക്ഷേ ഹോര്‍മോണ്‍ ലെവല്‍ കുറച്ച് കൂടി വ്യത്യാസം ഉണ്ടാകും. അങ്ങനെ സംശയമുള്ള കുട്ടികളുടെ ഹോര്‍മോണ്‍ ആദ്യം തന്നെ ടെസ്റ്റ് ചെയ്ത് നോക്കി കുഴപ്പമുണ്ടോ എന്ന് തീരുമാനിക്കുകയാണ് പതിവ്. ഹോര്‍മോണ്‍ അളവ് നോര്‍മലായ കുട്ടികള്‍ക്ക് വേണ്ടത് കോസ്‌മെറ്റിക് സര്‍ജറിയാണ്. ഓപ്പറേഷനിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

ഏതു പ്രായക്കാര്‍ക്കും ഈ സര്‍ജറി ചെയ്യാവുന്നതാണ്. സാധാരണഗതിയില്‍ പതിനഞ്ചു വയസ്സിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് സര്‍ജറി ചെയ്യാന്‍ വരാറ്. നാല്‍പതിന് മുകളില്‍ പ്രായമുള്ള അപൂര്‍വം ചിലരും സര്‍ജറിയ്ക്ക് വിധേയരാകാറുണ്ട്. ഇതൊരു കോസ്‌മെറ്റിക് സര്‍ജറി മാത്രമാണ്. സര്‍ജറികൊണ്ട് പ്രധാനമായും സ്തനത്തിന്റെ വലിപ്പം കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. സ്തനത്തിന്റെ നടുഭാഗം അല്‍പം കട്ടിയുള്ളതാണ്. ചുറ്റുമുള്ള ഭാഗത്താണ് കൊഴുപ്പ് ഉണ്ടാകുക. കൊഴുപ്പുള്ള ഭാഗം ലൈപ്പോസക്ഷന്‍ എന്ന കൊഴുപ്പ് വലിച്ചെടുക്കുന്ന ചെറിയ ട്യൂബ് വഴി കുത്തിയെടുക്കുകയാണ് ചെയ്യുക. നടുവിലെ കട്ടിയുള്ള ഭാഗം ചെറിയ മുറിവുണ്ടാക്കി മുറിച്ചെടുക്കും. സാധാരണ ജനറര്‍ അനസ്‌തേഷ്യ നല്‍കിയാണ് ഓപ്പറേഷന്‍ ചെയ്യുന്നത്. ചെറിയ കേസുകളാണെങ്കില്‍ ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയും സര്‍ജറി ചെയ്യാന്‍ സാധിക്കും.

ഒറ്റ ദിവസം കൊണ്ട് സര്‍ജറി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ കഴിയും. സര്‍ജറിയ്ക്ക് മുന്‍പ് ഒരു ദിവസം വന്ന് അനസ്‌തേഷ്യക്കാവശ്യമായ രക്ത പരിശോധനകളെല്ലാം ചെയ്യേണ്ടതാണ്. അനസ്തറ്റിസ്റ്റിനെ കണ്ട് എല്ലാം ശരിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങാവുന്നതാണ്. പിറ്റേ ദിവസം രാവിലെ ഭക്ഷണമൊന്നും കഴിക്കാതെ(ആറ് മണിക്കൂറെങ്കിലും വയര്‍ കാലിയായിരിക്കണം)യാണ് ആശുപത്രിയിലേക്ക് വരേണ്ടത്. പിന്നീട് ഓപ്പറേഷന്‍ ചെയ്യുകയും ശേഷം നാല് മണിക്കൂറെങ്കിലും ഹോസ്പിറ്റലില്‍ വിശ്രമിച്ച് വീട്ടിലേക്ക് പോകാവുന്നതാണ്. സാധാരണഗതിയില്‍ വേദനയൊന്നും അനുഭവപ്പെടുകയില്ല. വീട്ടില്‍ പോയശേഷം മൂന്ന് ദിവസം ഗുളിക കഴിക്കേണ്ടി വരും. ആന്റിബയോട്ടിക്കുകള്‍ ഓപ്പറേഷനു മുന്‍പും ശേഷവും രണ്ടു ദിവസമുണ്ടാകും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സര്‍ജറിയ്ക്കുശേഷം ഒരു ഇലാസ്റ്റിക് ജാക്കറ്റ് ധരിക്കാനുണ്ടാകും ഇത് എല്ലാ സമയത്തും ഇടേണ്ടതാണ്. രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂര്‍ മാത്രം അഴിച്ചുവെക്കാം. ബാക്കി സമയങ്ങളില്‍ ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. കുളിക്കുന്ന സമയങ്ങളില്‍ അഴിച്ചുവെക്കാം. കൊഴുപ്പ് എടുത്തു കഴിഞ്ഞാല്‍ ചര്‍മ്മത്തിന്റെയും മസിലിന്റെയും ഇടയില്‍ ഒരു അകലമുണ്ടാകും. ഈ അകലം പൂര്‍ണ്ണമായും അടയണം. അല്ലാത്ത പക്ഷം നീര് കെട്ടി തൂക്കം ഉണ്ടാകും. സാധാരണയായി ഓപ്പറേഷന്‍ ചെയ്തുകഴിഞ്ഞാല്‍ പഴയതുപോലെ ആകാനുള്ള സാധ്യത വളരെ കുറവാണ്. സര്‍ജറിയ്ക്കുശേഷം ചെറിയ ഒരു കല മാത്രമേ ചര്‍മ്മത്തില്‍ അവശേഷിക്കുകയുള്ളൂ. ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചക്കുശേഷം മുറിവിന്റെ ഉണക്കം പരിശോധിക്കാന്‍ ഡോക്ടറെ കാണേണ്ടിവരും. അഞ്ചോ ആറോ മാസം കൊണ്ട് സ്തനത്തിന്റെ കല്ലിപ്പും മറ്റും മാറുന്നതായിരിക്കും.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. ഹാഫിസ് മുഹമ്മദ്
സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്‍ജന്‍
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

 

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്