Connect with us

Kerala

മെഡിക്കല്‍ കോളജ് തീപ്പിടിത്തം ; സംഭവശേഷം ഉണ്ടായ മരണങ്ങള്‍ വിശദമായി പരിശോധിക്കും

മരണം പുകശ്വസിച്ചെന്ന ആരോപണം ഉയര്‍ന്നു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പുകപടര്‍ന്നതിനെ തുടര്‍ന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തിനു ശേഷമുണ്ടായ മരണങ്ങള്‍ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍. സംഭവ ശേഷം നാല് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു എന്നാണ് ആരോപണം ഉയരുന്നത്. മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്നു മരണവും തീപ്പിടിത്തം ഉണ്ടാവുന്നതിനു മുമ്പ് ഉണ്ടായതാണെന്നാണ് അധികൃതര്‍ പറയുന്നത്. ടി സിദ്ധീഖ് എം എല്‍ എ മരണം പുക ശ്വസിച്ചാണെന്ന ആരോപണവുമായി രംഗത്തുവന്നു. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വെന്റിലേറ്ററില്‍ ആയിരുന്ന വയനാട് കോട്ടപ്പടി സ്വദേശി നസീറയുടെ മരണം വെന്റിലേറ്ററില്‍ നിന്നു മാറ്റിയതു മൂലമാണെന്നാണ് എം എല്‍ എ ആരോപിച്ചത്. .കാഷ്വാലിറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകുമ്പോഴാണ് ഇവര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തരമായി കാഷ്വാലിറ്റി ഒരുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. തീപ്പിടിത്തമുണ്ടായ അത്യാഹിത വിഭാഗം മുഴുവനും പോലീസ് സീല്‍ ചെയ്തു. അപകടം ഉണ്ടായ ബ്ലോക്ക് ആണ് അടച്ചത്. എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു കണ്ടെത്തിയ ശേഷം മാത്രമേ തുറക്കൂ.

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കും. രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. നിലവില്‍ 200ല്‍ അധികം രോഗികളെ മാറ്റിയിട്ടുണ്ട്. അത്യാഹിത വിഭാഗം ബ്ലോക്ക് മുഴുവനും ഒഴിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് സൂപ്രണ്ട് ശ്രീജയന്‍ പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ രോഗികളെ മെഡിക്കല്‍ കോളേജിലെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റി. ഇവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

നിലവില്‍ ആശുപത്രിയിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും കുറച്ചു രോഗികളെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റുമെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ സൌകര്യങ്ങളും അവിടെ അവിടെ ഒരുക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മുകള്‍ നിലകളില്‍ ഉണ്ടായിരുന്ന രോഗികളെയും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. കെട്ടിടത്തില്‍ ആരും ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് രാത്രി എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ട്.

യു പി എസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്സ് ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു.

 

Latest