Kerala
മെഡിക്കല്‍ കോളജ് കാഷ്വാലിറ്റി പുക; അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കും
പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്ന് ഡി എം ഇ

കോഴിക്കോട് | മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്ന സംഭവം അഞ്ച് പേരടങ്ങുന്ന മെഡിക്കല്‍ ടീം അന്വേഷിക്കും. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി എം ഇ) കെ വി വിശ്വനാഥന്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും പുകയുണ്ടായതും അതിലൂടെ രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും മരണത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളും പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സൂപ്രണ്ട്, തൃശൂര്‍ മെഡി. കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍, എറണാകുളം പള്‍മണോളജി എച്ച് ഒ ഡി, കൊല്ലം മെഡി. കോളജ് ഫോറന്‍സിക് ഹെഡ് എന്നിവരടങ്ങുന്ന ടീമായിരിക്കും അന്വേഷിക്കുക. ഇന്ന് പത്ത് മണിക്ക് ആരംഭിച്ച യോഗം മൂന്നര മണിക്കൂര്‍ നീണ്ടു. വകുപ്പ് മേധാവികള്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ഡി എം ഇ, പ്രിന്‍സിപ്പല്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പുകയുണ്ടായ കാഷ്വാലിറ്റി ഉള്‍പ്പെടുന്ന ബ്ലോക്ക് ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും. അപകടമുണ്ടായ ബ്ലോക്കിലെ രോഗികളെ മാറ്റുന്നതിനാണ് ആദ്യ മുന്‍ഗണന. താഴത്തെ നിലയും ഒന്നാം നിലയും ഒഴികെയുള്ള മറ്റ് നിലകള്‍ ഇന്നു തന്നെ പ്രവര്‍ത്തനസജ്ജമാക്കും. കാഷ്വാലിറ്റി, എം ആര്‍ ഐ വിഭാഗങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് വൈകും. എം ആര്‍ ഐ മുറിയുടെ യു പി എസില്‍ വച്ച ബാറ്ററിയില്‍ നിന്നാണ് പുകയാരംഭിച്ചതും വലിയ രീതിയിലേക്ക് വ്യാപിച്ചതും. ഇത് ശരിയാക്കാന്‍ ഒരാഴ്ചയെങ്കിലുമെടുക്കും. 2026 വരെ വാറന്റിയുള്ളതാണ് യു പി എസ്. അതിനാല്‍ ഫിലിപ്സ് കമ്പനി ഉദ്യോഗസ്ഥരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു.
യു പി എസിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ഇടപെട്ട് നേരിട്ട് നടത്തും. നിലവില്‍ പഴയ കാഷ്വാലിറ്റിയാണ് പുതിയതിന് പകരം പ്രവര്‍ത്തിക്കുക. പുറത്തെ ആശുപത്രികളിലേക്ക് മാറ്റിയ രോഗികളെ എത്രയും വേഗം ഇവിടേക്ക് മാറ്റും. കൂടാതെ പുതിയ ബ്ലോക്കിലെ ഓപറേഷന്‍ തിയേറ്ററും ചൊവ്വാഴ്ചയോടെ പ്രവര്‍ത്തനസജ്ജമാകും.