Connect with us

Editorial

ത്രിപുരയില്‍ മാധ്യമവേട്ട ശക്തം

ത്രിപുരയില്‍ കഴിഞ്ഞ മാസം മുസ്‌ലിംകളെ ക്രൂരമായി അക്രമിക്കുകയും പള്ളികളും വീടുകളും തകര്‍ക്കുകയും ചെയ്ത ഹിന്ദുത്വ ഭീകരര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതെ, അക്രമ സംഭവം പുറംലോകത്ത് എത്തിച്ചതിനു മാധ്യമ പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുകയാണ് ഭരണകൂടം.

Published

|

Last Updated

ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ വഴിയെ ത്രിപുര ബി ജെ പി സര്‍ക്കാറും. യു പിയിലെ സംഘ്പരിവാര്‍ തേര്‍വാഴ്ചയും സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധമായ നടപടികളും പുറംലോകമറിയാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് യോഗി സര്‍ക്കാറിന്റെ സ്ഥിരം പരിപാടിയാണ്. സിദ്ദീഖ് കാപ്പന്‍, പ്രശാന്ത് കനോജി, നാഷന്‍ ലൈവ് ചാനല്‍ എഡിറ്റര്‍ അംശൂല്‍ കൗശിക്ക്, കാണ്‍പൂര്‍ ദേഹത് ജില്ലയിലെ പ്രാദേശിക ടി വി ചാനല്‍ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി മാധ്യമ പ്രവര്‍ത്തകരെയാണ് യു പിയില്‍ അടുത്തിടെ സര്‍ക്കാര്‍ വേട്ടയാടിയതും യു എ പി എ ചുമത്തി തുറുങ്കിലടച്ചതും.

ത്രിപുരയില്‍ കഴിഞ്ഞ മാസം മുസ്‌ലിംകളെ ക്രൂരമായി അക്രമിക്കുകയും പള്ളികളും വീടുകളും തകര്‍ക്കുകയും ചെയ്ത ഹിന്ദുത്വ ഭീകരര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാതെ, അക്രമ സംഭവം പുറംലോകത്ത് എത്തിച്ചതിനു മാധ്യമ പ്രവര്‍ത്തകരെയും സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുകയും ഭീകരവിരുദ്ധ നിയമമായ യു എ പി എ ചുമത്തി പീഡിപ്പിച്ചു കൊണ്ടിരിക്കുകയുമാണ് സംസ്ഥാനത്തെ ബി ജെ പി ഭരണകൂടം. അക്രമത്തെക്കുറിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ സുപ്രീം കോടതി അഭിഭാഷകരായ ഇഹ്തിഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് കുമാര്‍, അമേരിക്കന്‍ പ്രൊഫസര്‍ ഖാലിദ് ബെയ്ദൂന്‍, മാധ്യമ പ്രവര്‍ത്തകനായ ശ്യാം മീരാ പ്രസാദ്, ആസ്ത്രേലിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ സി ജെ വെര്‍ലിമാന്‍ തുടങ്ങി നൂറുകണക്കിനാളുകളുടെ പേരിലാണ് ത്രിപുര പോലീസ് യു എ പി എ ചുമത്തിയത്. അക്രമത്തെക്കുറിച്ച് വളച്ചൊടിച്ച വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകള്‍ക്കെതിരെ കേസെടുത്തത്. ത്രിപുര കത്തുന്നു എന്ന് ട്വീറ്റ് ചെയ്തതിനാണ് തനിക്കെതിരെ യു എ പി എ ചുമത്തിയതെന്ന് ശ്യാം മീരാ പ്രസാദ് പറയുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തോന്നിയ പോലെ രാജ്യദ്രോഹക്കുറ്റം ചുമത്താനാകില്ല, 1962ലെ കേദാര്‍നാഥ് സിംഗ് വിധി അനുസരിച്ചുള്ള സംരക്ഷണം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് അഞ്ച് മാസം മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെക്കെതിരെ ചുത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയാണ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരടങ്ങിയ ബഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഡല്‍ഹി സംഘ്പരിവാര്‍ അക്രമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനാണ് വിനോദ് ദുവെക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സമൂഹത്തില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്ന പരാമര്‍ശങ്ങളില്‍ മാത്രമേ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുകയുള്ളൂ. അക്രമത്തിനു പ്രേരകമല്ലാത്ത രീതിയില്‍, സര്‍ക്കാറിനെ എത്ര കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതും കുറ്റകരമല്ലെന്നാണ് കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതിയുടെ വിധിപ്രസ്താവം.

എന്നാല്‍ കോടതി ഉത്തരവിനെയും ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും അവഗണിച്ച് ത്രിപുരയിലും യു പിയിലും മാത്രമല്ല, രാജ്യത്തുടനീളം വിശിഷ്യാ ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാറുകള്‍. അധികാരി വര്‍ഗത്തിനു ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സ്ഥിതി വിശേഷം പോലുമുണ്ട് രാജ്യത്ത്. ഡല്‍ഹിയിലെ സംഘ്പരിവാര്‍ അക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തതില്‍ മാര്‍ഗനിര്‍ദേശം ലഘിച്ചുവെന്നാരോപിച്ച് 2020 മാര്‍ച്ചില്‍ രണ്ട് മലയാള ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയുണ്ടായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ബി ജെ പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് യഥാര്‍ഥത്തില്‍ ഡല്‍ഹി കലാപത്തിനു വഴിവെച്ചത്. അത്തരം നേതാക്കളെ ഒന്നു ശാസിക്കുക പോലും ചെയ്യാതെ മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുകയായിരുന്നു ഭരണകൂടം. കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോള്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും തങ്ങളുടെ വരുതിക്ക് വരുമെന്നാണോ അധികാരിവര്‍ഗം ധരിക്കുന്നത്? മാധ്യമങ്ങള്‍ എന്തെല്ലാം വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും ജനങ്ങള്‍ എന്തെല്ലാമാണ് വായിക്കേണ്ടതെന്നും തീരുമാനിക്കേണ്ടത് ഭരണവര്‍ഗമല്ല ഒരു ജനാധിപത്യ രാജ്യത്ത്. അതിനുള്ള അവകാശം മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും വിട്ടുകൊടുക്കണം. ഭരണകൂടത്തിന്റെ രാഷ്ട്രീയവും നിലപാടും മാറുന്നതനുസരിച്ച് മാധ്യമങ്ങളും മാറണമെന്ന ശാഠ്യം തിരുത്തപ്പെടണം. എങ്കില്‍ മാത്രമേ മാധ്യമങ്ങളെക്കുറിച്ചുള്ള ജനാധിപത്യത്തിന്റെ നാലാം തൂണെന്ന വിശേഷണം അര്‍ഥവത്താകുകയുള്ളൂ.

സര്‍ക്കാറിന്റെ മാധ്യമവിരുദ്ധ നിലപാട് രാജ്യത്തിനകത്ത് മാത്രമല്ല, രാജ്യാന്തര തലത്തിലും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമ സംഘടനകളായ ഇന്റര്‍നാഷനല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ഇന്ത്യന്‍ ഭരണകൂടങ്ങളുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2020 ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. ഭയമില്ലാതെ മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള അന്തരീക്ഷം രാജ്യത്ത് ഒരുക്കണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു ഈ അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍. ലോക്ക്ഡൗണ്‍ സമയത്ത് 55ഓളം മാധ്യമ പ്രവര്‍ത്തകരെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതായും സര്‍ക്കാറിനെ വിമര്‍ശിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള മാര്‍ഗമായി കൊറോണ വൈറസ് വ്യാപനത്തെ കേന്ദ്രം ഉപയോഗപ്പെടുത്തിയതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുകൊണ്ടൊക്കെ തന്നെയാണ് മാധ്യമ പ്രവര്‍ത്തനം ഏറ്റവും ദുഷ്‌കരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കേണ്ട ദുര്‍ഗതി ഇന്ത്യക്കു വന്നതും.

---- facebook comment plugin here -----

Latest