ആത്മായനം
വെടിപ്പുള്ള ഹൃദയത്തിന്റെ ഉടമകളാകാം
നല്ലവരേ... ചുരുക്കി പറയട്ടെ, ഇസ്‌ലാം ഒരു മനുഷ്യനെയും വെറുക്കുന്നില്ല. മറിച്ച് പാപങ്ങളെ അതിയായി വെറുക്കുന്നു. അതിൽ നിന്നും മുക്തിയാകാനുള്ള വഴികൾ അനവധി തുറന്നിടുന്നു. സ്നേഹത്തിന്റെ വലയത്തിലേക്ക് വീണ്ടും വീണ്ടും എല്ലാവരെയും ചേർത്തു നിർത്തുന്നു. "പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ നിങ്ങൾ പിൻപറ്റുക. എങ്കിൽ അവൻ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറ്റവും പൊറുത്തു കൊടുക്കുന്നവനും പരമ കാരുണികനുമാകുന്നു' ( സൂറ: ആലുഇംറാൻ 31)

പൈശാചിക ദുർബോധനങ്ങൾക്കും ജഡികമായ ഇച്ഛകൾക്കും ഇടയിൽ മുള്ളു നടാതെയുള്ള നടത്തമാണ് മനുഷ്യന്റെത്. തെറ്റുകൾ സംഭവിക്കലും അതിനോടുള്ള അഭിവാഞ്ഛയും അവന്റെ പ്രകൃതമാണ്. സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക ക്രയവിക്രയങ്ങൾ, ദാമ്പത്യ ബന്ധം, കുടുംബ ബന്ധം, തൊഴിൽ രംഗം തുടങ്ങി ഇടപെടുന്ന തലങ്ങളിലൊക്കെയും മനുഷ്യർക്കതു സംഭവിക്കുന്നു. മനപ്പൂർവമായും ആകസ്മികമായും സാഹചര്യങ്ങൾക്ക് വഴങ്ങിയും തെറ്റുകൾ ചെയ്യുന്നു. പാപങ്ങളെ ജന്മസുഹൃത്തായി കൂടെ കൂട്ടിയവരും അക്കൂട്ടത്തിലുണ്ട്.
അത്തരക്കാരുടെ ഹൃദയം കുപ്പത്തൊട്ടികൾക്ക് സമാനം മലിനവും ഒരു തരി വെളിച്ചം കടക്കാത്തവണ്ണം കൂരിരുട്ടുള്ളതുമായിരിക്കും. പരിസരത്തെ കൂടി ദുഷിപ്പിക്കുന്ന സ്വഭാവമായിരിക്കും അവരുടേത്. നോക്കൂ… ഇങ്ങനെയൊക്കെയായിട്ടും അവരാരെയും വെറുക്കാതെ നന്മയുടെ രാജപാതകൾ ചൂണ്ടുന്ന പ്രപഞ്ചനാഥന്റെ സമീപനം ഏറെ അനുകമ്പയുള്ളതാണ്.
സൂറ: സുമറിൽ നിന്ന് വായിക്കാം “പറയുക, തന്നത്താൻ അതിക്രമം ചെയ്തവരായ എന്റെ അടിമകളെ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശരാവരുത്. തീർച്ച, അല്ലാഹു പാപങ്ങൾ മുഴുവനും പൊറുത്തുതരും. നിശ്ചയം അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും പരമകാരുണികനും ( 39:53). ദയയും കാരുണ്യവും ഉൾച്ചേർന്ന പാപം പൊറുക്കാനുള്ള അല്ലാഹുവിന്റെ സന്നദ്ധത “എന്റെ അടിമകളേ…’ എന്ന വിളിയിലുണ്ട്. സ്വഹാബി പ്രമുഖനായ അബു ദർദാഇനെ(റ) കേൾക്കണം: “ആരെങ്കിലും ഒരു തെറ്റ് ചെയ്യുകയും അവന്റെ ശരീരത്തോട് തന്നെ അക്രമം പ്രവർത്തിക്കുകയും ചെയ്തു.
പിന്നീട് അല്ലാഹുവിനോട് പൊറുക്കലിനെ തേടിയാൽ ഏറ്റവും പൊറുത്തു കൊടുക്കുന്നവനും കാരുണ്യവാനുമായി അല്ലാഹുവിനെ അവൻ എത്തിക്കുന്നതാണ്’എന്ന സൂക്തം നബി(സ) ഓതിക്കേൾപ്പിച്ചപ്പോൾ ഞാൻ ചോദിച്ചു: “നബിയേ, അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും അല്ലാഹുവിനോട് പൊറുക്കലിനെ തേടിയാൽ അവൻ പൊറുക്കുമോ?’ തിരുനബി(സ) പറഞ്ഞു: ” അതെ, അവൻ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും ശരി’. ഈ ചോദ്യവും ഇതേ ഉത്തരവും മൂന്ന് തവണ ആവർത്തിച്ചു.
“ആദം സന്തതികളിൽ അധികവും പാപം ചെയ്യുന്നവരാണ്. എന്നാൽ അവരിൽ ഉത്തമർ പശ്ചാതപിച്ചു മടങ്ങുന്നവരാണ്’ (തിർമുദി, ഇബ്നുമാജ) എന്ന നബിപാഠം കൂടി ചേർത്തു വായിക്കുമ്പോൾ മനുഷ്യ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ പ്രകാശം പരത്തുന്നത് കാണാം.
പാപം ചെയ്യുന്നവർക്കു വേണ്ടത് മുക്തിയാകാനുള്ള ഇടങ്ങളാണ്. ആ ഇടങ്ങളാണ് പാപമോചനത്തിനുള്ള അവസരങ്ങൾ. ചെയ്തത് കടും പാതകമാണെങ്കിലും തൗബ (അല്ലാഹുവിലേക്കുള്ള ഖേദിച്ചു മടക്കം) സ്വീകരിക്കപ്പെടുന്നതാണ്. അബ്ദുല്ലാഹി ബിൻ മഗ്ഫൽ (റ) എന്ന പണ്ഡിതനരികെ ഒരു സ്ത്രീ വന്നു. വഴിപിഴക്കുകയും വ്യഭിചരിക്കുകയും അങ്ങനെ അവിഹിതമായി പിറന്ന നവജാത ശിശുവിനെ കൊല ചെയ്യുകയും ചെയ്ത ഒരു സ്ത്രീക്ക് പശ്ചാത്താപത്തിന് അവസരമുണ്ടോ എന്നവർ ആരാഞ്ഞു. “അവൾ നരകത്തിലാണ് ‘ എന്ന മറുപടിയുടെ കുത്തു നോവേറ്റ അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായൊഴുകി. വിതുമ്പലടക്കാനാകാതെ അവൾ മടങ്ങി.
എന്നാൽ, അവൾ ചെയ്ത പാതകങ്ങൾ നരകത്തീയിൽ ഉരുകാൻ പോന്ന കടും ചെയ്തികളാണെന്ന വിവരം നൽകലായിരുന്നു ഈ മറുപടിയിലൂടെ മഹാന്റെ ലക്ഷ്യം. മറുഭാഗത്ത് ഖേദവും പശ്ചാത്താപവും കൊണ്ട് ഇതിനെയെല്ലാം കെടുത്താമെന്നറിയാമായിരുന്ന മഹാൻ ആ സ്ത്രീയെ തിരികെ വിളിച്ചു . സൂറ : നിസാഇലെ 110-ാം സൂക്തം ഓതിക്കേൾപ്പിച്ച് “നീ പാപം പൊറുക്കപ്പെടുന്നവരുടെ ഗണത്തിലാണ് ‘ എന്ന് അവളോട് പറഞ്ഞു. ഈ തെളിനീർ സംസാരത്തിനു മുമ്പിൽ കണ്ണീരടങ്ങി അവരുടെ അകത്ത് കുളിർ പെയ്തു.
ബസ്വറയിലെ അറിയപ്പെട്ട അഭിസാരികയായിരുന്നു ശഅ്ബാന. ജീവിതം വ്യഭിചാരവൃത്തിക്കായി നീക്കിവെച്ചിരുന്ന ദുർനടപ്പുകാരി. പ്രസിദ്ധ പണ്ഡിതൻ സ്വാലിഹുൽ മുർറി(റ)യുടെ ആത്മീയ പ്രഭാഷണം കേൾക്കാൻ എങ്ങനെയോ അവൾക്ക് സാഹചര്യമുണ്ടായി. ഹൃദയം കൊണ്ടുള്ള സംസാരങ്ങൾ ആ പെണ്ണിന്റെ അകത്ത് കൊണ്ടു. പശ്ചാത്തപിക്കണമെന്ന ആഗ്രഹം അവളിൽ തികട്ടി വന്നു.
ഒരിക്കലും പൊറുക്കാത്ത പാപങ്ങളാണ് താൻ ചെയ്തതെന്ന് അവരുറപ്പിച്ചു. സ്വാലിഹുൽ മൂർറിയുടെ പ്രസംഗപീഠത്തിനു സമീപം മറയുടെ പിന്നിലേക്ക് അവളെത്തി. അദ്ദേഹത്തോട് അവളുടെ ചോദ്യം. “ഉസ്താദ്, എനിക്ക് അല്ലാഹു പൊറുത്തു തരുമോ?’ “തീർച്ചയായും. ആകാശത്ത് നിറഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങളുടെയത്ര പാപങ്ങൾ ചെയ്‌തുപോയിട്ടുണ്ടെങ്കിലും നീ പശ്ചാ ത്തപിക്കുന്നെങ്കിൽ അവൻ പൊറുത്തു തരും.’
“അതിലേറെയുണ്ടെങ്കിലോ?’
“സമുദ്രത്തിൽ അലയടിക്കുന്ന തിരമാലകളുടെയത്ര പാപങ്ങൾ ചെയ്‌ത് പോയിട്ടുണ്ടെങ്കിലും അവൻ പൊറുത്തുതരും.’
“അതിലേറെയുണ്ടെങ്കിലോ ഉസ്‌താദ്?’
“മകളേ, ബസ്വറയിലെ ശഅബാന ചെയ്‌തത്ര ദോഷങ്ങളുണ്ടെങ്കിലും അല്ലാഹു പൊറുത്തു തരും, തീർച്ച.’ ഇതു കേൾക്കെ അവൾ ബോധരഹിതയായി വീണു. ചോദ്യകർത്താവ് ആരെന്നറിയാതിരുന്ന സ്വാലിഹുൽ മുർറി(റ)യോട് ബോധം തെളിഞ്ഞശേഷം അവൾ വിളിച്ചുപറഞ്ഞു.
“ഉസ്താദ്, ഞാനാണ് ബസ്വറയിലെ ശഅ്ബാന.’
അന്ന് മുതൽ ഉദാത്തമായ ആത്മീയജീവിതമായിരുന്നു ശഅ്ബാനയുടേത്. മറ്റുള്ളവർക്ക് മാതൃകാ വനിതയായി ബീവി ശഅ്ബാന ഉയർന്നു. കാലുഷ്യത്തിന്റെ പടുകുഴിയിൽ നിന്ന് നിത്യവിശുദ്ധിയുടെ ഔന്നിത്യത്തിലേക്കുള്ള അവരുടെ പ്രയാണം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു.
കൂട്ടരേ…ഹൃദയവേദനയാണ് പശ്ചാത്താപം. ബോധപൂർവം തെറ്റുകൾ ആവർത്തിക്കുകയും അലങ്കാരമായി പശ്ചാത്താപത്തിന്റെ വാക്കുകൾ ഉരുവിടുകയും ചെയ്യലല്ലത്.
പശ്ചാത്താപം സ്വീകരിക്കാൻ നാല് വ്യവസ്ഥകൾ നമ്മൾ പാലിക്കണം.
- തെറ്റു ചെയ്തതിൽ അഗാധമായ മനോവ്യഥയുണ്ടാവണം, അപ്പോഴാണല്ലോ പശ്ചാത്താപത്തിന്റെ മനസ്സുണ്ടാവുന്നതും. വേദനയില്ലാത്തവരുടെ പശ്ചാത്താപം കേവലം മുതല ക്കണ്ണീർ മാത്രമായിരിക്കും.
- തെറ്റുകളിൽ നിന്ന് പരിപൂർണമായ് അകന്നു നിൽക്കണം. തെറ്റു ചെയ്യുന്നത് തുടരുകയാണെങ്കിൽ പശ്ചാത്താപം കൊണ്ട് എന്ത് നേടാനാണ്. പ്രപഞ്ചനാഥനെ പരിഹസിക്കുന്നതിന് തുല്യമാണത്.
- ഇനി തെറ്റാവർത്തിക്കില്ലെന്ന ദൃഢനിശ്ചയം വേണം.
- സൃഷ്ടികളുമായ് ബന്ധപ്പെട്ടത് അവരോട് തന്നെ ഒത്ത് തീർപ്പാക്കി ബാധ്യത വീട്ടണം. ഒരാൾ ചെയ്ത തെറ്റിന്റെ അനന്തരഫലം മറ്റൊരാൾക്ക് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിൽ അവനോട് പൊരുത്തം വാങ്ങുകയും പ്രതിവിധി ആവശ്യമെങ്കിൽ അതു നിർവഹിക്കുകയും വേണം.
നല്ലവരേ… ചുരുക്കി പറയട്ടെ, ഇസ്‌ലാം ഒരു മനുഷ്യനെയും വെറുക്കുന്നില്ല. മറിച്ച് പാപങ്ങളെ അതിയായി വെറുക്കുന്നു. അതിൽ നിന്നും മുക്തിയാകാനുള്ള വഴികൾ അനവധി തുറന്നിടുന്നു. സ്നേഹത്തിന്റെ വലയത്തിലേക്ക് വീണ്ടും വീണ്ടും എല്ലാവരെയും ചേർത്തു നിർത്തുന്നു.”പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ നിങ്ങൾ പിൻപറ്റുക. എങ്കിൽ അവൻ നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറ്റവും പൊറുത്തു കൊടുക്കുന്നവനും പരമ കാരുണികനുമാകുന്നു’ ( സൂറ: ആലുഇംറാൻ 31)
നമുക്ക് അല്ലാഹുവിനെ സ്നേഹിക്കാം. അവൻ നമ്മെയും സ്നേഹിക്കും. ആ സ്നേഹബന്ധം ദൃഢമായാൽ പാപങ്ങൾ പൊറുക്കപ്പെടാനുള്ള വഴിയും എളുപ്പമാകും. നമ്മൾ വെടിപ്പുള്ള ഹൃദയത്തിന്റെ ഉടമകളാകും.