Connect with us

പടനിലം

മാസ്സ് എൻട്രി, ഹൈ വോൾട്ട് തഗ്

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും വിജയിച്ചെങ്കിലും എൽ ഡി എഫിന് കണ്ണൂർ ലോക്സഭാ മണ്ഡലം ഈസി വാക്കോവറല്ല. ലോക്സഭയിലേക്ക് കൂടുതൽ തവണ യു ഡി എഫിനെയാണ് മണ്ഡലം ജയിപ്പിച്ചത്. അതേസമയം, ഒരു മുന്നണിയെ മാത്രം സ്ഥിരമായി ജയിപ്പിച്ചുവിടുന്ന മണ്ഡലമല്ല എന്ന സവിശേഷത കൂടിയുണ്ട്. അതിനാൽ പ്രവചനാതീതമാണ് ഇവിടം.

Published

|

Last Updated

തിരഞ്ഞെടുപ്പ് യുദ്ധം മുറുകുമ്പോൾ പിടികൊടുക്കാതെ വഴുതി മാറുകയാണ് കണ്ണൂരിന്റെ മനസ്സ്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കെ, കൊതിപ്പിച്ചും സമ്മർദത്തിലാഴ്ത്തിയും മുന്നണികളെ ത്രിശങ്കുവിലാക്കുന്നു ഈ മണ്ഡലം. എതിരാളി നിലവിലെ എം പിയും കെ പി സി സി പ്രസിഡന്റുമായ കെ സുധാകരനായിരിക്കുമെന്ന അനുമാനത്തിൽ “കട്ടക്ക് നിൽക്കുന്ന’ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനെ ഇടതുമുന്നണി ആദ്യം ഗോദയിലിറക്കി. മത്സരിക്കാനില്ലെന്ന് സുധാകരൻ നേരത്തേ നിലപാടെടുത്തെങ്കിലും ജയരാജനെ നേരിടാൻ അദ്ദേഹം തന്നെ വേണമെന്ന കോൺഗ്രസ്സ് നേതാക്കളുടെ സമ്മർദത്തിനൊടുവിലാണ് വീണ്ടും മത്സരിക്കുന്നത്. കണ്ണൂർ രാഷ്ട്രീയത്തിൽ കൊണ്ടുംകൊടുത്തും വളർന്ന രണ്ട് നേതാക്കൾ നേർക്കുനേർ പോരിനിറങ്ങുമ്പോൾ തിരഞ്ഞെടുപ്പിന് ചൂടും ചൂരുമേറുകയാണ്. എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത് അടുത്തിടെ കോൺഗ്രസ്സിൽ നിന്ന് ബി ജെ പിയിൽ ചേർന്ന സി രഘുനാഥാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം

സ്ഥാനാർഥികൾ പ്രചാരണത്തിന്റെ രണ്ടാം ഘട്ടവും പിന്നിട്ടു. പൊതു പര്യടനം അവസാന ഘട്ടത്തിലേക്കാണ്. കുടുംബ യോഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ആരംഭിച്ചു. കത്തിക്കാളുന്ന കൊടും ചൂടിലും ആവേശകരമായ പ്രചാരണമാണ് നാടെങ്ങും. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ. പ്രചാരണത്തിന് ആവേശം പകരാൻ മുതിർന്ന നേതാക്കളെ മണ്ഡലത്തിലെത്തിക്കുന്നു. പരമ്പരാഗത പ്രചാരണത്തിൽ നിന്ന് വ്യത്യസ്തമായി പുതിയ തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഹ്രസ്വ വീഡിയോകളും മറ്റുമായി സൈബറിടങ്ങളും ഉരുളക്കുപ്പേരി മോഡിലാണ്. അതേസമയം, ഇരു മുന്നണികളും ശ്രദ്ധയോടെയാണ് ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്.

ബോംബ് വിന

പാനൂരിലെ ബോംബ് സ്‌ഫോടനം തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയിട്ടുണ്ട് യു ഡി എഫ്. ബോംബ് നിർമാണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി പി എം ആവർത്തിച്ച് പറയുമ്പോഴും അറസ്റ്റിലായവരും മരിച്ചയാളും പാർട്ടിക്കാരാണെന്നത് യു ഡി എഫ് വിളിച്ചു പറയുന്നു. നിലവിൽ അവരുടെ പ്രധാന പ്രചാരണായുധമാണിത്. കണ്ണൂരിന് പുറമെ വടകരയിലും ഇത് പയറ്റുന്നു. സ്‌ഫോടനത്തിന് പിന്നിൽ തങ്ങളല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സി പി എം, ഡി വൈ എഫ് ഐ നേതാക്കൾ. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും കുടിപ്പകയാണെന്നുമുള്ള പ്രഥമ പോലീസ് റിപോർട്ട് അവർ എടുത്തുകാട്ടുന്നു.

വോട്ട് മറിയുമോ?

കണ്ണൂരിൽ ബി ജെ പിക്ക് ഒരു ലക്ഷത്തോളം വോട്ടുണ്ടെന്നാണ് കണക്ക്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച വോട്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയിട്ടില്ല. വോട്ട് മറിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. ഇത്തവണ ബി ജെ പി വോട്ടുകൾ എൻ ഡി എ സ്ഥാനാർഥിക്ക് തന്നെ ലഭിക്കുമെന്ന് പാർട്ടി ആവർത്തിക്കുന്നുണ്ടെങ്കിലും വോട്ട് ചോർച്ചക്ക് സാധ്യതയുണ്ടെന്നാണ് ആരോപണം. മുൻ കോൺഗ്രസ്സുകാരനെ സ്ഥാനാർഥിയാക്കിയതിൽ ബി ജെ പിയിൽ ഉയർന്ന അസ്വാരസ്യം വോട്ട് മറിയാൻ ഇടയാക്കിയേക്കും. നേരത്തേ ബി ജെ പിയിലെ പ്രധാന നേതാക്കളുടെ പേരാണ് കണ്ണൂരിലേക്ക് ഉയർന്നുവന്നതെങ്കിലും പാർട്ടിയിൽ ആഴ്ചകൾക്ക് മുമ്പ് മാത്രം ചേർന്ന രഘുനാഥിന് സീറ്റ് നൽകിയതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.

വികസനം പ്രധാന ചർച്ച

അഞ്ച് വർഷക്കാലത്തെ കെ സുധാകരന്റെ പ്രകടനം എൽ ഡി എഫ് പ്രധാന ചർച്ചാ വിഷയമാക്കിയിരിക്കുകയാണ്. പാർലിമെന്റിലെ ഹാജർ നിലയും ഫണ്ട് ചെലവഴിക്കാത്തതും സഭയിലെ ഇടപെടലും മണ്ഡലത്തിലെ വികസനവുമൊക്കെ അക്കമിട്ട് നിരത്തിയാണ് എൽ ഡി എഫ് പ്രചാരണം. മുൻ എം പി. പി കെ ശ്രീമതി നടത്തിയ വികസന പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്താണ് വെല്ലുവിളി. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെയും വിമാനത്താവളത്തിന്റെയും ശോചനീയാവസ്ഥ എം പിയുടെ ഇടപെടലില്ലാത്തതിന്റെ ഫലമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. യു ഡി എഫിന്റെ മറുപടിയും കണ്ണൂരിലെ വികസനം തന്നെയാണ്. എം പിയുടെ നേട്ടങ്ങൾ അവർ വിശദീകരിക്കുന്നു. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങളും കോട്ടങ്ങളും പ്രചാരണങ്ങളിൽ സ്ഥാനം പിടിക്കുന്നുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച സി രഘുനാഥ് രണ്ടര വർഷം പിന്നിട്ടപ്പോൾ ബി ജെ പിയിൽ ചേർന്നത് എൽ ഡി എഫ് പ്രചാരണായുധമാക്കിയിട്ടുണ്ട്. സുധാകരൻ ജയിച്ചാൻ നാളെ ബി ജെ പിയിൽ ചേരുമെന്ന പ്രചാരണവും ഇതോടൊപ്പം അവർ നടത്തുന്നു.

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിടത്തും വിജയിച്ചെങ്കിലും എൽ ഡി എഫിന് കണ്ണൂർ ലോക്സഭാ മണ്ഡലം ഈസി വാക്കോവറല്ല. ലോക്സഭയിലേക്ക് കൂടുതൽ തവണ യു ഡി എഫിനെയാണ് മണ്ഡലം ജയിപ്പിച്ചത്. അതേസമയം, ഒരു മുന്നണിയെ മാത്രം സ്ഥിരമായി ജയിപ്പിച്ചുവിടുന്ന മണ്ഡലമല്ല എന്ന സവിശേഷത കൂടിയുണ്ട്. അതിനാൽ പ്രവചനാതീതമാണ് ഇവിടം.

Latest