First Gear
മാരുതി സുസുക്കി കാറുകള്‍ക്ക് 4.3 ശതമാനം വരെ വില കൂടുന്നു
ഈ സാമ്പത്തിക വര്‍ഷം ഇത് നാലാമത്തെ വില വര്‍ധനവാണ്.

ന്യൂഡല്‍ഹി| മാരുതി സുസുക്കി വാഹനങ്ങളുടെ വില അടിയന്തര പ്രാബല്യത്തില്‍ 4.3 ശതമാനം വരെ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്‍പുട്ട് ചെലവിലെ വര്‍ധനവാണ് ഇതിന് കാരണമായി കമ്പനി പറയുന്നത്. രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരു റെഗുലേറ്ററി ഫയലിംഗില്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാരുതി മൂന്ന് തവണ വാഹന വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വില വര്‍ധന. ഈ സാമ്പത്തിക വര്‍ഷം ഇത് നാലാമത്തെ വില വര്‍ധനവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഒരു വര്‍ഷമായി സ്റ്റീല്‍, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക്, വിലയേറിയ ലോഹങ്ങള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് മാരുതി സുസുക്കി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
അതേസമയം മാരുതി സുസുക്കിയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യത്തെ ലോഞ്ച് ആയിരിക്കും മാരുതി സെലേരിയോ സിഎന്‍ജി എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡല്‍ വരും ദിവസങ്ങളില്‍ ഷോറൂമുകളില്‍ എത്തും. അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും ബുക്കിംഗ് വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗ് തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുത്ത ഡീലര്‍മാര്‍ 11,000 രൂപ പ്രാരംഭ തുകയ്ക്ക് പ്രീ-ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.