Kerala
2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനം; ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് ഏര്‍പ്പെടുത്തിയ ഒമ്പതാമത് ദേശീയ പുരസ്‌കാരം മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി എ ഒ. വി എം റശീദ് സഖാഫി, അസോസിയേറ്റ് ഡയറക്ടര്‍ മുഹമ്മദ് ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
കോഴിക്കോട് | 2025 ലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് ഏര്‍പ്പെടുത്തിയ ഒമ്പതാമത് ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ്. സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ക്രിയാത്മകവും വിദ്യാര്‍ഥി സൗഹൃദവുമായ പഠനാന്തരീക്ഷം ഒരുക്കിയതിനും നൂതന സാങ്കേതിക വിദ്യകള്‍ വിദ്യാഭ്യാസ രീതിയില്‍ ഉപയോഗപ്പെടുത്തിയതും പരിഗണിച്ചാണ് എം ജി എസ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹൈദരാബാദില്‍ നടന്ന എ എം പി നാഷണല്‍ ടാലന്റ് സെര്‍ച്ച് ലോഞ്ചിങ് കോണ്‍ഫറന്‍സില്‍ മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി എം റശീദ് സഖാഫി, അസോസിയേറ്റ് ഡയറക്ടര്‍ മുഹമ്മദ് ദില്‍ഷാദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മര്‍കസ് മാനേജ്മെന്റിന് കീഴിലുള്ള 18 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയാണ് എം ജി എസ് (മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ്). വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവിനുമായി വിവിധ വികസന പദ്ധതികളാണ് എം ജി എസിന് കീഴില്‍ സ്‌കൂളുകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. മംഗളൂരുവിലെ യേനപ്പോയ യൂണിവേഴ്സിറ്റി, കന്യാകുമാരിയിലെ നൂറുല്‍ ഇസ്‌ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍, ബെംഗളൂരു പ്രസിഡന്‍സി യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ ഒവൈസി സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മറ്റു കാറ്റഗറികളിലെ പുരസ്‌കാര ജേതാക്കള്‍.
എ ഐ സി സി നാഷണല്‍ കോര്‍ഡിനേറ്റര്‍ ഖാലിദുറഹ്മാന്‍, എ എം പി പ്രസിഡന്റ് ആമിര്‍ ഇദ്രീസി, മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി പ്രൊ. സയ്യിദ് ആലിം അശ്‌റഫ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ പ്രമുഖരും പ്രൊഫഷണലുകളും ന്യൂനപക്ഷ സ്ഥാപന മേധാവികളും അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്തു.