Connect with us

Featured

ആകാശവാണി, ഇനി ചെലവൂര്‍ കെ സി അബൂബക്കറും സംഘവും ആലപിക്കുന്ന മാപ്പിള പാട്ടുകള്‍ കേള്‍ക്കില്ല...

എത്രകാലം കഴിഞ്ഞാലും മറവി മൂടാത്ത, എണ്ണമറ്റ രചനകള്‍ അദ്ദേഹം തന്നെ ആലപിച്ചു ജനഹൃദയങ്ങളില്‍ കുടിയിരുത്തിയിട്ടുണ്ട്. അഹദായ തമ്പുരാന്‍ ആദ്യം പടച്ചുള്ള അമ്പിയ രാജ മുഹമ്മദെ... , കാത്..

കോഴിക്കോട് | ‘ഇനി ചെലവൂര്‍ കെ സി അബൂബക്കറും സംഘവും ആലപിക്കുന്ന മാപ്പിള പാട്ടുകള്‍ കേള്‍ക്കാം…’ ആ കാശവാണി കോഴിക്കോട് നിലത്തില്‍ നിന്ന് ഈ അറിയിപ്പുകേട്ടാല്‍ മാലോകര്‍ കാതുകൂര്‍പ്പിക്കുകയായി… മാപ്പിളപ്പാട്ടിന്റെ പാടിപ്പതിഞ്ഞ ഇണങ്ങളില്‍ സ്വന്തം നെടുവീര്‍പ്പുകള്‍ ചാലിച്ച് ഒരു ചെലവൂരുകാരന്‍ കെട്ടിയുണ്ടാക്കിയ വരികള്‍ അത്ര മധുരോദാരമായിരുന്നു.

‘ആസിയബി മര്‍യം ചൂടി….’ എന്നു തുടങ്ങുന്ന വരികളൊക്കെ ഈ മനുഷ്യന്‍ തന്നെ എഴുതിയതാണെന്നറിയുമ്പോഴാണ് വലിയ കവികൂടിയായിരുന്നു ആ ഗായകന്‍ എന്ന് ആസ്വാദകര്‍ തിരിച്ചറിയുക. സ്വന്തം ഭാവനയില്‍ വിടര്‍ന്ന വരികള്‍ മാത്രമായിരുന്നു അദ്ദേഹം ആലപിച്ചിരുന്നത്. മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ കെട്ടിയ ക്ലാസിക്കല്‍ മാപ്പിളപ്പാട്ടുകളുടെ വര്‍ത്തമാനകാല തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ വരികള്‍. മാപ്പിളപ്പാട്ടിന്റെ പ്രാസഭംഗിയും ഭാവനാ ലാളിത്യവും ഒട്ടും ചോര്‍ന്നുപോകാതെ അദ്ദേഹം വരികള്‍ കൊരുത്തെടുത്തു. മാപ്പിളപ്പാട്ടെന്ന പേരില്‍ പുതിയ രചനകളും ആലാപന രീതികളും രംഗം കൈയ്യടക്കുന്നതിനു മുമ്പുള്ള കാലത്തെ തനത് രചനയുടേയും ആലാപനത്തിന്റെയും കരുത്തുറ്റ കണ്ണിയായിരുന്നു അദ്ദേഹം.
വെള്ള കുപ്പായവും പാന്റ്‌സും രോമത്തൊപ്പിയും ധരിച്ചെത്തുന്ന ആ കുറിയ മനുഷ്യന്റെ ഉള്ളില്‍ നിറയെ കാവ്യഭാവനയും ആലാപന മികവുമായിരുന്നു. കൊടക്കാട്ട് ചോലമണ്ണില്‍ അബൂബക്കര്‍ക്കര്‍ എന്ന കെ സി ചെലവൂര്‍, ആകാശവാണി കാലഘട്ടത്തില്‍ ആസ്വാദക ഹൃദയത്തില്‍ നിറഞ്ഞു നിന്ന പേരായിരുന്നു.

ആലാപന മാധുര്യത്താല്‍ അക്കാലത്ത് ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്ന് എരഞ്ഞോളി മൂസ, വി എം കുട്ടി, വിളയില്‍ ഫസീല ,സിബല്ല സദാനന്ദന്‍, മണ്ണൂര്‍ പ്രകാശ്, കണ്ണൂര്‍ ശരീഫ്, ഐ പി സിദ്ദീഖ്, രഹ്ന മൈമൂന തുടങ്ങിയവരെല്ലാം പലവട്ടം ആലപിച്ചു ജനങ്ങളെ കൂടെക്കൂട്ടിയ പാട്ടുകളില്‍ കെ സി ചെലവൂരിന്റെ മികവേറിയ വരികളുണ്ടായിരുന്നു.

ജീവിതായോധനത്തിനു തിരഞ്ഞെടുത്ത വഴി ആധാരമെഴുത്തായിരുന്നുവെങ്കിലും ആധാരത്തിലെ വളച്ചുകെട്ടു ഭാഷയുടെ പരിമിതികളൊന്നും അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടു രചനയെ ബാധിച്ചില്ല. എന്നാല്‍ നാട്ടുമൊഴിവഴക്കങ്ങളെ പാട്ടുകളിലേക്ക് അദ്ദേഹം യഥേഷ്ടം ആവാഹിക്കുകയും ചെയ്തു. നബി തിരൂമേനിയുടെ ജീവിതയാത്രയില്‍ നിന്നു തിളക്കമുള്ള നിമിഷങ്ങള്‍ അടര്‍ത്തിയെടുത്ത് അതിനെ പാട്ടിലേക്ക് ആനയിക്കുമ്പോള്‍ ഏതു മഹാകവിയേയും അമ്പരപ്പിക്കുന്ന പ്രതിഭാശാലിയായി അദ്ദേഹം നിലയുറപ്പിച്ചു.

കളരിയഭ്യാസിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം മെയ്‌വഴക്കത്തിന്റെ സൗന്ദര്യം വാക്കുകളുടെ ചേര്‍ച്ചകളിലേക്ക് സ്വതസിദ്ധമായി ആവാഹിച്ചു. കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ മഞ്ഞുപെയ്യുന്ന രാവില്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ അരങ്ങേറിയ കലാ സന്ധ്യകളില്‍ കെ സിയുടെ സാന്നിധ്യമുണ്ടായിരുന്നു. കല്ല്യാണ വീടുകളില്‍ കെ സിയും സംഘവും പാടാനെത്തുമെങ്കിലും വലിയ ആഘോഷമായി അതുമാറുമെന്നുറപ്പായി.

അപ്പപ്പോള്‍ സമൂഹം ആവശ്യപ്പെടുന്ന അനുഭവങ്ങളെ തന്മയത്വത്തോടെ മാപ്പിളപ്പാട്ടിലേക്കു സന്നിവേശിപ്പിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹം, ആയിരത്തിനടുത്ത് ഗാനങ്ങള്‍ എഴുതി. ആലാപനത്തിനു കൈയ്യടിനേടി ജനഹൃദയങ്ങള്‍ കീഴടക്കിയ പാല പാട്ടുകളും കാലക്രമത്തില്‍ കൈമോശം വന്നുപോയി.

എത്രകാലം കഴിഞ്ഞാലും മറവി മൂടാത്ത, എണ്ണമറ്റ രചനകള്‍ അദ്ദേഹം തന്നെ ആലപിച്ചു ജനഹൃദയങ്ങളില്‍ കുടിയിരുത്തിയിട്ടുണ്ട്. അഹദായ തമ്പുരാന്‍ ആദ്യം പടച്ചുള്ള അമ്പിയ രാജ മുഹമ്മദെ… , കാത്തിട് റഹ്മാനെ.. മാപ്പരുളുന്നോനെ.., ആലം പതിനൊന്നായിരം പോറ്റിവളര്‍ത്തും റഹ്മാനെ… , അമ്പിയാക്കളില്‍ താജൊളി വായ…, ആലി മൂപ്പന്റെവറാന്‍ കെട്ടി ചതിച്ചത് കേള്‍ക്കിന്‍….., അയലത്തെ നാട്ടിലെ പ്രധാന മന്ത്രിയായ് ബേനസീറൊരു മാപ്പിള പെണ്ണ്….., മുത്തായ ഫാതിമ്മാന്റെ നിക്കാഹിന്റന്ന്…,അവളല്ല ഫാത്വിമ, ഇവളാണ് ഫാത്വിമ, ആറ്റല്‍ നബിയുടെ മോളാണ് ഫാത്വിമ… തുടങ്ങി എത്രയെത്രയോ ഗാനങ്ങള്‍.

ചാനലുകളില്‍ മാപ്പിളപ്പാട്ട് ഷോകളുടെ ജനപ്രിയതയും എഫ് എം റേഡിയോ തരംഗവും ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം പ്രഗത്ഭരായ ഗായികാഗായകന്മാമാരെ അണിനിരത്തി ഉപകരണ വിദഗ്ധരെയും കൂടെക്കൂട്ടി കേരളത്തിനകത്തും പുറത്ത് തമിഴ്‌നാട്, ബോംബെ, ബാംഗ്ലൂര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഒട്ടനേകം ഇശല്‍ രാവുകള്‍ തീര്‍ത്തു. ആ സംഘത്തിലെ പലരും പിന്നീടു സിനിമയുടെ പിന്നണിയിലേക്കു വളര്‍ന്നു. വഴിയൊരുക്കിക്കൊടുത്തതിന് അവരെല്ലാം കെ സി യോട് എന്നും കടപ്പാടുകള്‍ സൂക്ഷിച്ചിരുന്നു.

ഉര്‍ദു, ഹിന്ദി ഭാഷകളിലും കെ സി പാട്ടെഴുതിയിട്ടുണ്ട്. സാരെ അമ്പിയാ സെ നൂര്‍ പ്യാരെ പൈഗമ്പര്‍ മഹ്മൂദ് എന്ന പ്രമുഖ ഉര്‍ദു രചനയും ഏറെ ജനപ്രിയമാണ്. ലക്ഷദ്വീപിലും മാലിയിലും അവിടത്തെ പ്രാദേശിക ഭാഷയിലെഴുതിയ ഗാനം സംഗീതം പകര്‍ന്ന് കെ സി പാടിയിട്ടുണ്ട്. മാലി എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ആ ഗാനത്തിന്റെ അകമ്പടി അടുത്ത കാലം വരെ കേള്‍ക്കാമായിരുന്നു. ഇന്ദിരാഗാന്ധിയുടെ കോഴിക്കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് അവരെ സ്റ്റേജിലിരുത്തി ആലപിച്ച അനുമോദന ഗാനം ഇന്ദിരഗാന്ധിക്ക് ഏറെ ഇഷ്ടമായി. അവര്‍ ആവശ്യപ്പെട്ടപ്പോള്‍ പാട്ട് റിക്കോര്‍ഡ് ചെയ്ത് അയച്ചുകൊടുത്തതിന് മറുപടിയായി ഇന്ദിരാ ഗാന്ധിയുടെ കൈപ്പടയില്‍ ലഭിച്ച മറുപടി വലിയ പുരസ്‌കാരം പോലെ അദ്ദേഹം സൂക്ഷിച്ചു.

വിരുപ്പില്‍ ക്ഷേത്രത്തിന് കുളം നിര്‍മിക്കാനുള്ള ധനസമാഹരണാര്‍ഥം കെ.സി പാട്ടു പാടാന്‍ വന്നു. ഹൈന്ദ വധര്‍മങ്ങള്‍ മാപ്പിളപ്പാട്ടിന്റെ ശീലില്‍ വിളക്കിച്ചേര്‍ത്ത് അന്ന് അദ്ദേഹം നടത്തിയ ആലാപനം ആ കാവ്യ ഹൃദയം താലോലിക്കുന്ന മാനവ സൗഹാര്‍ദ്ദത്തിന്റെ പ്രതിഫലനമായിരുന്നു.

നാഥനിലേക്കുള്ള ആരാധനക്കൊപ്പം പ്രകൃതിയും അദ്ദേഹത്തിനു പ്രിയങ്കരമായിരുന്നു. മാപ്പിളപ്പാട്ടിന്റെ ചാരുത ചോര്‍ന്നുപോവായെ പ്രകൃതിസ്‌നേഹത്തിന്റെ വരികളും അദ്ദേഹം കുറിക്കുകയും ആലപിക്കുകയും ചെയ്തു.

കനകം വിളയുന്ന വയനാടെ
കാടുകള്‍ തിങ്ങിയ മലനാടെ
കാട്ടാന, കാട്ടികളും ഇന്നാട്ടിലെ
കാട്ടു മനുഷ്യരുമിന്നെവിടെ?
ആദ്യമിലെത്തുന്നതടിവാരം
അവിടുന്ന് കുത്തനെ മലവാരം
അടിമുടി പേടി വിടാത്തചുരത്തിലെ
അന്നത്തെ കാടുകള്‍ ഇന്നെവിടെ?

എന്ന വരികള്‍ ഇന്നും ഏറെ ആര്‍ധങ്ങളോടെ സജീവമായി നില്‍ക്കുന്നു.

ചെലവൂര്‍, മൂഴിക്കല്‍ മേഖല ലോറി ഉടമകളുടേയും ലോറിത്തൊഴിലാളികളുടേയും പ്രദേശമാണ്. അവരുടെ കുടുംബ സംഗമത്തില്‍ അതിഥിയായി ചെന്നപ്പോള്‍ കെ.സി, ലോറി ജീവനക്കാരുടെ ജീവിതമായിരുന്നു മാപ്പിളപ്പാട്ടിനു വിഷയമാക്കിയത്.

പാട്ടിനോടുള്ള ഇഷ്‌ക് മൂത്ത് ചെറുപ്പകാലത്ത് ബോംബെയിലേക്ക് നാടുവിട്ടയാളാണ്. അവിടെ കിഷോര്‍ കുമാര്‍, മുഹമ്മദ് റഫി, തലത്ത് മഹ്മൂദ്, തലത്ത് അസീസ് എന്നിവരുടെ ഗാനങ്ങളില്‍ അലിഞ്ഞ്ജീവിച്ചു. നാട്ടിലേക്കു തിരിച്ചെത്തിയപ്പോള്‍ സമ്പാദ്യമായി റേഡിയോ കൂടെയുണ്ടായിരുന്നു.

കോല്‍ക്കളിയില്‍ പങ്കെടുത്തും വായ്ത്താരി പാടിയുമാണ് അദ്ദേഹം ചെറുപ്പകാലത്തു പാട്ടിലെത്തുന്നത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യോടും കുടുംബത്തോടും സ്‌നേഹാനുരാഗം വഴിഞ്ഞൊഴുകുന്ന വരികളാണ് പിന്നീട് അദ്ദേഹം രചിച്ചവയില്‍ ഏറെയും. പാട്ടുകാസറ്റുകള്‍ക്കു പ്രചാരമേറിയ കാലത്ത് നിരവധി മാപ്പിളപ്പാട്ട് ഓഡിയോ കാസറ്റുകള്‍ അദ്ദേഹം പുറത്തിറക്കി. 1960 മുതല്‍ 2000 വരെയുള്ള കാലത്താണ് അദ്ദേഹത്തിന്റെ മികച്ച രചനകളും തിളക്കമേറിയ ആലാപവും ഉണ്ടാവുന്നത്. 1978 ല്‍ കാസര്‍കോട് കവി ഉബൈദ് ട്രോഫി, 2013 ല്‍ മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ്, കേരള മാപ്പിള കലാ അക്കാദമി അവാര്‍ഡ് ,2014ല്‍ അമാനുല്ലാ ഖാന്‍ പുരസ്‌കാരം, എന്നിവ ലഭിച്ചു. ഐ.പി.എച്ച്.എന്‍ സൈക്ലോപീഡിയ കെ സി യെ കുറിച്ച് ജീവിത രേഖ പ്രസിദ്ധീകരിച്ചു.

പൊക്കളത്തെ തറവാടു വീട്ടുമുറ്റത്തുണ്ടായിരുന്ന കളരിയില്‍ നിന്നാണ് കെ സി അഭ്യാസങ്ങള്‍ പഠിച്ചത്. ചെലവൂര്‍ ഉസ്താദ് സി.എം.എം.ഗുരുക്കള്‍ സ്ഥാപിച്ച ചൂരക്കൊടി കളരി സംഘത്തിന്റെ ആദ്യകാല സെക്രട്ടറിയായിരുന്നു. 1982- 83 ല്‍ കളരി സംഘത്തിന്റെ സംസ്ഥാന ഭരണ സമിതിയില്‍ അംഗമായി. സൈക്കിള്‍ ഡാന്‍സിലും കഴിവു തെളിയിച്ചു. പൂനൂര്‍ പുഴയില്‍ വലയുമായിറങ്ങി മീന്‍പിടിക്കലായിരുന്നു പ്രധാന ഹോബി. ചെലവൂരില്‍ നിന്ന് പൂളകടവ് വരെ വലയെറിഞ്ഞു നീങ്ങുമ്പോഴും ഉള്ളില്‍ മാപ്പിളപ്പാട്ടിന്റെ വരികള്‍ കൊരുത്തെടുക്കുകയായിരിക്കും അദ്ദേഹം.

ആധാരമെഴുത്തുകാരന്‍ എന്ന നിലയില്‍ നാട്ടിലെ എല്ലാ പാടത്തും പറമ്പിലും അദ്ദേഹം എത്തി. 50 വര്‍ഷം ആധാരം എഴുതിയതിനൊപ്പം ഇശലുകളും സൃഷ്ടിച്ചു എന്നതാണ് കെ സിയെ വേറിട്ടു നിര്‍ത്തുന്നത്.

1926 ല്‍ പൊക്കളത്ത് ഹസ്സന്‍കുട്ടി-കൊടക്കാട്ട് ബീമകുട്ടി എന്നിവരുടെ മകനായി ജനിച്ച ഇദ്ദേഹം പ്രായത്തിന്റെ അവശതകള്‍ക്കൊന്നും പിടികൊടുക്കാതെ അവസാന നാള്‍ വരെ സജീവമായി. ഫാതിമാബി, സുഹറാബി എന്നിവരാണ് പത്‌നിമാര്‍ .വിദ്യാഭ്യാസ പ്രവര്‍ത്തകനും എറണാകുളം ചേരാനല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫസല്‍, മര്‍കസ് നോളജ് സിറ്റി മുന്‍ എക്‌സി.ഡയരക്ടറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അമീര്‍ ഹസന്‍ (ഓസ്‌ട്രേലിയ), ബല്‍കീസ് എന്നിവരാണ് മക്കള്‍.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest