Connect with us

local body election 2025

ഉഴമലയ്ക്കല്‍ സി പി ഐ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

സി പി ഐക്ക് ഏകപക്ഷീയ നിലപാട്

Published

|

Last Updated

ആര്യനാട് | ഉഴമലയ്ക്കലില്‍ സി പി ഐ നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. സി പി ഐ ഉഴമലയ്ക്കല്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം, അരുവിക്കര നിയോജക മണ്ഡലം വളണ്ടിയര്‍ ക്യാപ്റ്റന്‍, എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം, അസംഘടിത തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സൈനികന്‍ കൂടിയായ കെ എസ് ഷൈന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ മാതൃകാ പൊതുപ്രവര്‍ത്തകന്‍ കൂടിയായ കെ എസ് ഷൈന്‍ കുമാര്‍ കൊവിഡ് 19 സന്നദ്ധ സേന ഉഴമലയ്ക്കല്‍ പഞ്ചായത്ത് കണ്‍വീനറായി മികച്ച സേവനമാണ് നടത്തിയിട്ടുള്ളയാളാണ്.

രണ്ടര വര്‍ഷം ഈ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് 68 മൃതദേഹങ്ങള്‍ ഈ കാലയളവില്‍ സംസ്‌കരിക്കുകയും കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ കൊവിഡ് കേന്ദ്രങ്ങളില്‍ സന്നദ്ധ സേവനം അനുഷ്ഠിക്കുകയും ചെയ്തു. 2018 പ്രളയകാലത്ത് ചെങ്ങന്നൂരില്‍ പ്രതിരോധ പ്രവര്‍ത്തനത്തിലും പങ്കാളിയായിട്ടുണ്ട്. സി പി ഐ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിലും അഴിമതിയിലും പ്രതിഷേധിച്ചും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും പുറത്താക്കുകയും അനര്‍ഹരെ നേതൃത്വത്തില്‍ ഉയര്‍ത്തികൊണ്ടുവരികയും ചെയ്യുന്ന നടപടിയ്‌ക്കെതിരെയാണ് രാജിയെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ രാജ്യത്ത് ശക്തമായ ബദല്‍ ഉയര്‍ത്തുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനാണ് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുക. കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയും അഴിമതിക്കുമെതിരെയുള്ള ശക്തമായ പ്രതിഷേധം ഉയരുന്ന ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുമെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. കോണ്‍ഗ്രസ്സില്‍ ചേര്‍ന്നവരെ ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ ജയമോഹനന്‍, കോണ്‍ഗ്രസ്സ് നേതാവ് മീനാങ്കല്‍ കുമാര്‍, ആര്യനാട് മണ്ഡലം പ്രസിഡന്റ് പുളിമൂട്ടില്‍ രാജീവ് ചേര്‍ന്ന് സ്വീകരിച്ചു.

Latest