Connect with us

karunya

കാരുണ്യയിൽ നിന്ന് നിരവധി പേർ പുറത്ത്; അവസാനമായി പുതുക്കിയത് 2018ൽ

രജിസ്ട്രേഷൻ മുടങ്ങിയിട്ട് നാല് വർഷം

Published

|

Last Updated

അരീക്കോട് | കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രജിസ്‌ട്രേഷൻ നാല് കൊല്ലമായി മുടങ്ങി ക്കിടക്കുന്നു. നേരത്തേയുള്ള ആർ എസ് ബി വൈ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആയി മാറിയത്. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ 60ഃ40 വിഹിതം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ ചികിത്സക്ക് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണിത്. തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളും സർക്കാർ, താലൂക്ക്, ജില്ലാ, മെഡിക്കൽ കോളജ് ആശുപത്രികളിലും ആർ സി സിയിലും കാസ്പ് പദ്ധതിയിൽ അഞ്ച് ലക്ഷം വരെ ചികിത്സക്ക് പണം നൽകേണ്ടതില്ല.

ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് 30,000 രൂപ മാത്രം ചികിത്സാ ആനുകൂല്യം ലഭിച്ചിരുന്ന പഴയ ആർ എസ് ബി വൈ പദ്ധതിയാണ് കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും അഞ്ച് ലക്ഷത്തിനുള്ള ചികിത്സാ ആനുകൂല്യം നൽകുന്ന പദ്ധതിയായി മാറിയത്. മുമ്പ് ആർ എസ് ബി വൈ പദ്ധതിയിൽ രജിസ്‌ട്രേഷൻ നടത്തിയ കാർഡ് ഉള്ളവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. 2018ലാണ് അവസാനമായി പുതുക്കൽ നടന്നത്. പുതിയ പദ്ധതിക്ക് ശേഷം പുതുക്കലോ പുതിയ രജിസ്ട്രേഷനോ ഉണ്ടായിട്ടില്ല.

നിരവധി കുടുംബങ്ങളാണ് പദ്ധതിക്ക് പുറത്ത് നിൽക്കുന്നത്. പദ്ധതിയിൽ അംഗമാകാൻ കഴിയാതെ ചികിത്സാ ആനുകൂല്യം നഷ്ടപ്പെടുന്നവർ നിരവധിയാണ്. മാരക രോഗങ്ങൾക്ക് സർക്കാർ ആശുപത്രികളിൽ പോലും പണം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അർബുദം, കിഡ്‌നി, ഹൃദയ സംബദ്ധമായ രോഗങ്ങൾക്കും സർക്കാർ ആശുപത്രിയിൽ വൻ തുക ചെലവ് വരുന്നുണ്ട്.

ഇത്തരം സാഹചര്യത്തിലാണ് കാസ്പ് കാർഡ് രോഗികൾക്ക് ഉപകാരപ്രദമാകുന്നത്. നാല് വർഷം മുമ്പ് നടന്ന രജിസ്‌ട്രേഷനിൽ പങ്കെടുക്കാൻ കഴിയാത്തവരും പുതിയ ബി പി എൽ കാർഡ് ലഭിച്ചവരും മാരക രോഗം ബാധിച്ചവരും കാസ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെ വിഷമിക്കുകയാണ്.

---- facebook comment plugin here -----

Latest