Connect with us

Kerala

മലികുൽ മുളഫർ അവാർഡ് കാന്തപുരത്തിന്

11 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ് 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച്ച പൊന്നാനിയിൽ നടക്കുന്ന മലികുൽ മുളഫർ വാർഷിക മജ്‌ലിസിൽ സമ്മാനിക്കും.

Published

|

Last Updated

കോഴിക്കോട് | പൊന്നാനി കേന്ദ്രമായി പ്രവർത്തിക്കുന്ന അസ്സുഹ ദർസ് ഏർപ്പെടുത്തിയ ഈ വർഷത്തെ മലിക്കുൽ മുളഫർ അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്. വിദ്യാഭ്യാസ ജീവകാരുണ്യ നവോത്ഥാന രംഗങ്ങളിലെ മികച്ച മാതൃകാ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തനങ്ങളെ സർവ്വവ്യാപകമാക്കുന്നതിന് നടത്തിയ വിവിധ സേവനങ്ങളെയും മുൻ നിർത്തിയാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തത്. 11 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാർഡ് 2025 സെപ്റ്റംബർ 19 വെള്ളിയാഴ്ച്ച പൊന്നാനിയിൽ നടക്കുന്ന മലികുൽ മുളഫർ വാർഷിക മജ്‌ലിസിൽ സമ്മാനിക്കും.

പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ അതിനൂതനവും വ്യത്യസ്‌തവുമായ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് ചരിത്രത്തിൽ ഇടം നേടുകയും വിപുലവും വ്യവസ്ഥാപിതവുമായ മൗലിദ് സദസ്സുകളും പ്രവാചക പ്രകീർത്തന പ്രചാരണവും നടത്തുക വഴി ചരിത്രത്തിലെ നിർണായക വ്യക്തിത്വമായി മാറുകയും ചെയ്‌ത മലികുൽ മുളഫർ രാജാവിന്റെ ജനക്ഷേമപ്രവർത്തനങ്ങളും ബൃഹത്തായ പ്രവാചക പ്രകീർത്തന സദസ്സുകളും സുപ്രസിദ്ധമാണ്. സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബി(റ)യുടെ കീഴിൽ ഇർബൽ പ്രവിശ്യയിലെ ഗവർണറായിരുന്നു അൽ മലികുൽ മുളഫ്‌ഫർ എന്നറിയപ്പെടുന്ന അബുസഈദ് മുളഫ്‌ഫറുദ്ദീൻ അവർകൾ.

ലോക ശ്രദ്ധ നേടിയ അനേകം മനുഷ്യാവകാശ ഇടപെടലുകൾ, രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള നിരന്തര പ്രവർത്തനങ്ങൾ, നിരാശ്രയരായ അനേകായിരം വരുന്ന അനാഥ അഗതികളുടെ സംരക്ഷണം, എട്ട് പതിറ്റാണ്ട് പിന്നിട്ട മത സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക നവജാകരണ രംഗങ്ങളിലെ സ്‌തുത്യർഹമായ സേവന പ്രവർത്തനങ്ങൾ വിവിധ പ്രഭാഷണങ്ങൾ ഗ്രന്ഥങ്ങൾ ദേശീയ അന്തർദേശീയ വേദികളിലെ ഉന്നത പങ്കാളിത്തം തുടങ്ങി തുല്യതയില്ലാത്ത കാന്തപുരത്തിൻ്റെ ബഹുമുഖ പ്രവർത്തനങ്ങളും പ്രവാചക പ്രകീർത്തന രംഗത്ത് നടത്തിയ പ്രഭാഷണം, ഗ്രന്ഥരചന, വിവിധ ക്ലാസുകൾ, പേപ്പർ പ്രസന്റേഷനുകൾ, ദേശീയ- രാജ്യാന്തര കോൺഫറൻസുകൾ മുതലായവയും സ്‌മര്യ പുരുഷൻ്റെ മേലുള്ള അവാർഡിന് കാന്തപുരത്തെ തെരഞ്ഞെടുക്കാനുള്ള ഘടകങ്ങളായി ജൂറി വിലയിരുത്തി.

യു എ ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലിയ്യുൽ ഹാഷിമി, മുഫ്‌തി മുഹാഫളത് മആൻ ശൈഖ് അബ്‌ദുറഊഫ് അശ്ശാവീൽ, ജോർദ്ദാൻ, ചരിത്ര ഗവേഷകനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ കെ എൻ കുറുപ്പ്, ചരിത്രകാരൻ ഡോ.ഹുസൈൻ രണ്ടത്താണി എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

വാർത്താ സമ്മേളനത്തിൽ എൻ അലി അബ്ദുള്ള, ഹാജി മുഹമ്മദ് കാസിം കോയ, ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം, സക്കീർ ഹുസൈൻ, കാസിം അസ്‌ഹരി, യു എ റഷീദ് അസ്ഹരി സംബന്ധിച്ചു.

 

 

---- facebook comment plugin here -----

Latest