Connect with us

Kerala

കേരളത്തില്‍ സംഘ്പരിവാറിന് കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി: കെ സി വേണുഗോപാല്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം എല്‍ ഡി എഫിന് കടുത്ത ശിക്ഷ നല്‍കി. അതില്‍ തകര്‍ന്ന മനസുമായി നില്‍ക്കുന്ന മുഖ്യമന്ത്രി തന്റെ സ്ഥാനവും പദവിയും നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണിത്.

Published

|

Last Updated

പത്തനംതിട്ട | കേരളത്തില്‍ സംഘ്പരിവാറിന് കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. സംഘ്പരിവാര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും പറയുന്ന സ്‌പോക്‌സ് പേഴ്‌സണായി മുഖ്യമന്ത്രി മാറി. സമാധാനം ആഗ്രഹിക്കുന്ന കേരള ജനത തോറ്റ പടനായകന്റെ രക്ഷപ്പെടാനുള്ള ഇത്തരം തന്ത്രങ്ങളെ വിശ്വസിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. എ കെ ബാലനെ കൊണ്ട് വര്‍ഗീയത പറയിപ്പിച്ചത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലൂടെ വ്യക്തമായെന്ന് ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍, മുഖ്യമന്ത്രി ചരിത്രത്തെ വികലമാക്കുകയാണെന്നും കുറ്റപ്പെടുത്തി. എല്‍ ഡി എഫിനൊപ്പം നിന്നാല്‍ ജമാഅത്തെ ഇസ്‌ലാമി പുരോഗമന പ്രസ്ഥാനം, മറിച്ചാണെങ്കില്‍ വര്‍ഗീയ പാര്‍ട്ടി. ഇതാണ് സി പി എം ലൈനെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം എല്‍ ഡി എഫിന് കടുത്ത ശിക്ഷ നല്‍കി. അതില്‍ തകര്‍ന്ന മനസുമായി നില്‍ക്കുന്ന മുഖ്യമന്ത്രി തന്റെ സ്ഥാനവും പദവിയും നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണിത്. സത്യത്തിന്റെ അംശം പോലുമില്ലാത്ത അവസരവാദ പ്രസ്താവനയാണ് കോണ്‍ഗ്രസ്സിനെതിരെ മുഖ്യമന്ത്രി നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.

ഓര്‍മശക്തിയില്ലാത്തവരല്ല കേരള ജനതയെന്ന് പറഞ്ഞ വേണുഗോപാല്‍ ജമാഅത്തെ ഇസ്‌ലാമിയോടുള്ള സി പി എമ്മിന്റെ മുന്‍കാല നിലപാടുകള്‍ ഓരോന്നും ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമിക്ക് നന്ദി രേഖപ്പെടുത്തി 1996 ലെ ദേശാഭിമാനി പത്രത്തില്‍ ലേഖനമെഴുതിയിട്ടുണ്ട്. നിയമസഭയില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗമുണ്ട്. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തെ പിന്തുണച്ചതിനെ പിണറായി വിജയന്‍ അഭിനന്ദിച്ചിട്ടുണ്ട്. മാറാട് കലാപസമയത്ത് ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തോടൊപ്പമായിരുന്നു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ അവിടെ തീയണയ്ക്കാനെത്തിയ പണക്കാട് തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗിനെയാണ് അന്ന് ആക്രമിച്ചത്. വര്‍ഗീയ വിദ്വേഷ പ്രസംഗം ആരു നടത്തിയാലും കേരള ജനത അംഗീകരിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

Latest