Connect with us

Kerala

ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി വീടിന് മുകളില്‍ കയറി യുവാവിന്റെ ഭീഷണി; താഴെ ഇറങ്ങണമെങ്കില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പറയണം

കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ തലങ്ങും വിലങ്ങും കോറി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു.

Published

|

Last Updated

മലപ്പുറം| കൊണ്ടോട്ടി പള്ളിക്കല്‍ അങ്കപ്പറമ്പില്‍ വീടിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പിന്തിരിപ്പിച്ചു. വീടിന്റെ മുകളില്‍ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായാണ് യുവാവ് കയറിയത്. ഗ്യാസ് തുറന്നുവിട്ട് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. തന്റെ ഇഷ്ടതാരമായ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് നേരിട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്തിരിയുകയുള്ളൂ എന്ന് ഇയാള്‍ മുകളില്‍ നിന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഇതിനിടെ കൈവശമുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ തലങ്ങും വിലങ്ങും കോറി ഇയാള്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലുംവഴങ്ങാന്‍ തയാറായില്ല. തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസും മീഞ്ചന്തയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവര്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും യുവാവ് നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ അയല്‍വാസികളായ രണ്ടുപേരുമായി സംസാരിക്കാന്‍ യുവാവ് തയ്യാറായി.

വീട്ടില്‍ നിന്നും മാറിത്താമസിക്കുന്ന തന്റെ പിതാവില്‍ നിന്നും തനിക്ക് വലിയൊരു തുക ലഭിക്കാനുണ്ട്. ആ പണം കിട്ടിയാല്‍ ആത്മഹത്യാശ്രമം ഉപേക്ഷിക്കാമെന്നു യുവാവ് മധ്യസ്ഥരെ അറിയിച്ചു. എന്നാല്‍ പിതാവിന്റെ കൈവശം തല്‍ക്കാലം അത്രയും തുക ഇല്ലാതിരുന്നതിനാല്‍, മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത അയല്‍വാസി ആ തുക തല്‍ക്കാലത്തേക്ക് നല്‍കാമെന്ന് ഏറ്റു. പണം ലഭിക്കുമെന്ന് ഉറപ്പായതോടെ യുവാവ് താഴെയിറങ്ങാന്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഈ യുവാവിനെ അമ്മാവനൊപ്പം അടിയന്തര ചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അമ്മയോടൊപ്പമാണ് ബിടെക് ബിരുദധാരിയായ യുവാവ് താമസിക്കുന്നത്.

Content Highlights:
A BTech graduate created high drama in Kondotty, Malappuram, by climbing onto a house rooftop with a gas cylinder and lighter, threatening suicide. The youth initially claimed his Instagram account was hacked and demanded that Tamil Nadu politician and actor Vijay personally intervene for him to step down. He inflicted self-injurious cuts with a blade while local residents, Thenhipalam police, and fire force personnel attempted to negotiate. The hours-long standoff finally ended after a neighbor agreed to mediate a financial dispute involving the youth’s father, after which he was safely brought down and taken to a hospital.

 

Latest