Kerala
എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം | എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. 17 മാസത്തിനു ശേഷമാണ് സര്‍വീസില്‍ തിരിച്ചെത്തുന്നത്. ഒരു വര്‍ഷം കൂടിയാണ് ശിവശങ്കറിന് ഇനി സര്‍വീസ് ബാക്കിയുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥതല സമിതി ശിപാര്‍ശ ചെയ്യുകയായിരുന്നു. ഐ എ എസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ ആറ് മാസം കൂടുമ്പോള്‍ പുനപ്പരിശോധിക്കുന്ന രീതിയുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് പരിശോധിക്കുക. എന്നാല്‍ശിവശങ്കറുടെ കാര്യത്തില്‍ രണ്ട് തവണ സസ്പെന്‍ഷന്‍ നീട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവ്യക്തത തുടരുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്.