Business
ലുലു ഗ്രൂപ്പിന്റെ ഹാപ്പിനസ് റിവാര്‍ഡ് പ്രോഗ്രാം യു എ ഇയില്‍ അവതരിപ്പിച്ചു
ഹാപ്പിനസ് റിവാര്‍ഡ്സ് വഴി വിവിധ എക്‌സ്‌ക്ലൂസീവ് ഓഫറുകളില്‍ നിന്നും റിഡീം ചെയ്യാവുന്ന പോയിന്റുകളില്‍ നിന്നും പ്രയോജനം നേടാനാകും.

അബൂദബി | ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പിന്റെ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹാപ്പിനസ് റിവാര്‍ഡ് പ്രോഗ്രാം യു എ ഇയില്‍ അവതരിപ്പിച്ചു. ഇന്റര്‍നാഷണല്‍ ഹാപ്പിനസ് ഡേയോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.
മുഷ്രിഫ് മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലുലു ഗ്രൂപ്പ് എം ഡി. യൂസഫലി എം എയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങില്‍ റിവാര്‍ഡ് പ്രോഗ്രാം പുറത്തിറക്കുകയും ഉപഭോക്താക്കള്‍ക്കുള്ള വിവിധ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈനിലും കിയോസ്‌കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഈ പ്രോഗ്രാമില്‍ എളുപ്പത്തില്‍ ചേരാനാകും. ഹാപ്പിനസ് റിവാര്‍ഡ്സ് വഴി വിവിധ എക്‌സ്‌ക്ലൂസീവ് ഓഫറുകളില്‍ നിന്നും റിഡീം ചെയ്യാവുന്ന പോയിന്റുകളില്‍ നിന്നും പ്രയോജനം നേടാനാകും. തുടക്കത്തില്‍ യു എ ഇയില്‍ ലഭ്യമാകുന്ന ഹാപ്പിനസ് താമസിയാതെ ജി സി സിയിലെ മറ്റുള്ള സ്റ്റോറുകളില്‍ വ്യാപിപ്പിക്കും.
‘ഉപഭോക്താവിന്റെ ദൈനംദിന ഷോപ്പിങില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതിനുള്ള ഞങ്ങളുടെ മറ്റൊരു സംരംഭമാണിത്. ലോകം മുഴുവന്‍ സന്തോഷ ദിനം ആഘോഷിക്കുകയും വിശുദ്ധ റമസാന്‍ മാസം ആഗതമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ അതുല്യമായ റിവാര്‍ഡ് പ്രോഗ്രാം അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഹാപ്പിനസ് റിവാര്‍ഡ് തീര്‍ച്ചയായും ഞങ്ങളെ പിന്തുണക്കുന്ന വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും സമ്പാദ്യവും സൗകര്യവും നല്‍കുമെന്ന് ഉറപ്പുണ്ട്.’- ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിച്ച എം എ യൂസഫലി പറഞ്ഞു.
രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, വാങ്ങുന്നയാള്‍ക്ക് അവരുടെ ലുലു ആപ്പ് അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ക്യാഷ് കൗണ്ടറുകളില്‍ തത്ക്ഷണം റിവാര്‍ഡുകള്‍ നേടാനാകും. റിവാര്‍ഡിന്റെ വിവിധ പ്രധാന സവിശേഷതകള്‍ വിശദീകരിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ഞങ്ങള്‍ റിവാര്‍ഡ് വഴി ഉപഭോക്താക്കള്‍ക്ക് അഞ്ച് പ്രധാന ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അതായത്, തത്ക്ഷണ അധിക കിഴിവുകള്‍, റിവാര്‍ഡ് പോയിന്റുകള്‍, എക്‌സ്‌ക്ലൂസീവ് വിലകള്‍, പ്രത്യേക അവകാശങ്ങള്‍, ഓഫറുകള്‍ എന്നിവ. മെച്ചപ്പെട്ട സമ്പാദ്യവും സന്തോഷവും നല്‍കുന്നതിന് ഉറപ്പുനല്‍കുന്ന അതിശയകരമായ പ്രമോഷനുകള്‍ക്കായി ലുലു ഉപഭോക്താക്കള്‍ക്ക് കാത്തിരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.