Connect with us

ലോക്്സഭ: കെ സുധാകരന്‍ നിലപാട് മാറ്റിയേക്കും

സ്ഥാനാര്‍ഥിയാകാന്‍ സമ്മര്‍ദം

Published

|

Last Updated

കണ്ണൂര്‍ | ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകില്ലെന്ന തീരുമാനം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തിരുത്തിയേക്കും. പാര്‍ട്ടി പറഞ്ഞാല്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് സുധാകരന്‍ പറയുന്നത് നിലപാട് മാറ്റത്തിന്റെ സൂചനയായി കാണുന്നു.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് നേരത്തേ കെ സുധാകരന്‍ പറഞ്ഞിരുന്നു. മത്സരിക്കാനില്ലെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച പ്രഖ്യാപനം. ഇതോടെ നിരവധി പേരാണ് കണ്ണൂരിനായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ കെ സുധാകരനല്ലാതെ മറ്റൊരാള്‍ മത്സരിച്ചാല്‍ കണ്ണൂര്‍ സീറ്റ് നഷ്ടമാകുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാകുകയും നേതാക്കളില്‍ പലരും ഇക്കാര്യം കെ സുധാകരനോട് പങ്കുവെക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടി പറയുകയാണെങ്കില്‍ മത്സരിക്കാമെന്ന അഭിപ്രായം അദ്ദേഹത്തില്‍ നിന്നുണ്ടായത്.

കെ സുധാകരന് പകരം കെ പി സി സി ജന. സെക്രട്ടറി കെ ജയന്ത് സ്ഥാനാര്‍ഥിയാകുമെന്നാണ് പാര്‍ട്ടിയിലെ സജീവ ചര്‍ച്ച. സുധാകരന്റെ അടുത്തയാളാണ് ജയന്ത്. കെ സുധാകരന്റെ പിന്‍ഗാമിയാകുന്നതില്‍ ആദ്യഘട്ടത്തില്‍ ജയന്തിന് എതിര്‍പ്പ് ഉയര്‍ന്നില്ലെങ്കിലും സ്വന്തം ഗ്രൂപ്പില്‍ പോലും ഇപ്പോള്‍ എതിര്‍പ്പുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയെ സി പി എം രംഗത്തിറക്കിയാല്‍ ജയന്തിന് അടിപതറുമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരുന്നു.

ജയന്തിന് പുറമെ കെ പി സി സി ജന. സെക്രട്ടറി പി എം നിയാസ്, മുന്‍ കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍, ഷമാ മുഹമ്മദ്, വി പി അബ്ദുര്‍ റശീദ് തുടങ്ങി നീണ്ടനിര തന്നെ കണ്ണൂരിലെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഓരോ ഗ്രൂപ്പിന്റെയും നോമിനിയായി ഇടംപിടിച്ചിട്ടുണ്ട്. ഇതിനിടെ ജാതി, മത പരിഗണനക്ക് വേണ്ടിയും പലരും രംഗത്തുണ്ട്. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് കെ സുധാകരന്‍ പലതവണ അറിയിച്ചതാണ്. ഇത് കൂടി കണക്കിലെടുത്താണ് പാര്‍ട്ടി പദവി നിലനിര്‍ത്തി എം പി സ്ഥാനമൊഴിയാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുന്നത്. വീണ്ടും മത്സരിച്ചാല്‍ രണ്ട് പദവി വേണ്ടെന്ന തന്റെ നിലപാടിന് വിരുദ്ധമാകും.

അതിനിടെ, കണ്ണൂരില്‍ സി പി എം പ്രമുഖരെ തന്നെ രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. മുന്‍ എം പിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതിയുടെ പേരാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ ദേശീയ പ്രസിഡന്റെന്ന പരിഗണനയാണ് പി കെ ശ്രീമതിക്കുള്ളത്. കണ്ണൂരില്‍ ഒരു തവണ എം പിയായ പി കെ ശ്രീമതി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ സുധാകരനോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു. മുന്‍ മന്ത്രി കെ കെ ശൈലജയുടെ പേരും ശക്തമായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

എന്നാല്‍ മത്സരിക്കുന്നതില്‍ താത്്പര്യം പ്രകടിപ്പിച്ചില്ലെന്നാണറിയുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്‍ തന്നെ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉയരുന്നത്. ഇക്കാര്യത്തില്‍ എ ഐ സി സി ജന സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടിന് പ്രധാന്യമുണ്ട്.

 

Latest