local body election 2025
തദ്ദേശ തിരഞ്ഞെടുപ്പ്: തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍; കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം
ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പതിവില്‍ നിന്ന് വ്യത്യസ്തമായി അത്യന്തം വാശിയേറിയ മത്സരമായിരിക്കും ഇത്തവണ നടക്കുകയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു
കാസര്‍കോട് | തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ ജയിച്ചുകയറാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നണികള്‍.
ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും പതിവില്‍ നിന്ന് വ്യത്യസ്തമായി അത്യന്തം വാശിയേറിയ മത്സരമായിരിക്കും ഇത്തവണ നടക്കുകയെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ നഷ്ടപ്പെട്ട ജില്ലാപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ യു ഡി എഫ് കരുക്കള്‍ നീക്കുമ്പോള്‍ ഭരണം നിലനിര്‍ത്താനുള്ള പടപ്പുറപ്പാടിലാണ് ഇടതുക്യാമ്പ്. നില മെച്ചപ്പെടുത്താന്‍ എന്‍ ഡി എയും രംഗത്തുണ്ട്.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇടത്-വലത് മുന്നണികളെ മാറി മാറി അധികാരത്തിലേറ്റിയ ചരിത്രമാണ് ജില്ലാപഞ്ചായത്തിന്റേത്. ആകെയുള്ള 17 സീറ്റുകളില്‍ ഇടതുമുന്നണിക്ക് എട്ട്, യു ഡി എഫിന് ഏഴ്, ബി ജെ പിക്ക് രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ജില്ലാപഞ്ചായത്തില്‍ ഇത്തവണ നടന്ന ഡിവിഷന്‍ വിഭജനത്തോടെ സീറ്റുകളുടെ എണ്ണം ഒരെണ്ണം കൂടി 18 ആയിട്ടുണ്ട്. ബേക്കലാണ് പുതിയ ഡിവിഷന്‍. വിദ്യാര്‍ഥി- യുവജന രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പരിചയ സമ്പന്നരായ പുതുമുഖങ്ങളെ ഇറക്കിയാണ് ജില്ലാപഞ്ചായത്ത് ഭരണം നിലനിര്‍ത്താനുള്ള സി പി എമ്മിന്റെ തേരോട്ടം. ചെങ്കള ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന സാബു എബ്രഹാമാണ് സി പി എമ്മിന്റെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥി.
അതേസമയം, യു ഡി എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അനന്തമായി നീളുകയാണ്. ജില്ലാ പഞ്ചായത്തിലേക്കും നഗരസഭകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ യു ഡി എഫ് പ്രഖ്യാപിച്ചിട്ടില്ല. ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് യു ഡി എഫ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നാളെ നടക്കുന്ന കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം തിങ്കളാഴ്ചയോടെ മാത്രമേ പ്രഖ്യാപനമുണ്ടാവുകയുള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം.
സി പി എമ്മിനെ പോലെ കോണ്‍ഗ്രസ്സും പുതുമുഖങ്ങളെ ഇറക്കിയുള്ള പരീക്ഷണത്തിന് തയ്യാറാകുമോ എന്നാണ് കണ്ടറിയേണ്ടത്. എന്‍ ഡി എ അവരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെറുവത്തൂര്‍, കയ്യൂര്‍, മടിക്കൈ, കുറ്റിക്കോല്‍, ബേക്കല്‍ ദേലംപാടി, കള്ളാര്‍, പിലിക്കോട്, പെരിയ ഡിവിഷനുകള്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്. ഉദുമ, ചിറ്റാരിക്കാല്‍, ചെങ്കള, കുമ്പള, മഞ്ചേശ്വരം, സിവില്‍ സ്റ്റേഷന്‍, കുഞ്ചത്തൂര്‍ ഡിവിഷനുകള്‍ ലഭിക്കുമെന്ന് യു ഡി എഫും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സിറ്റിംഗ് സീറ്റുകളായ പുത്തിഗെയും ബദിയടുക്കയും നിലനിര്‍ത്തുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. എന്നാല്‍ ദേലംപാടിയും പുതുതായി രൂപവത്കരിച്ച ബേക്കലും യു ഡി എഫിനും എല്‍ ഡി എഫിനും കടുപ്പമാണെന്നാണ് വിലയിരുത്തല്‍. ഈ ഡിവിഷനുകളിലെ ഫലമാണ് ജില്ലാപഞ്ചായത്ത് ഭരണം ആര്‍ക്ക് അനുകൂലമാവുമെന്ന് തീരുമാനിക്കുക.
ജില്ലാ പഞ്ചായത്തും മൂന്ന് നഗരസഭകളില്‍ രണ്ടും ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലും കൈവശമുള്ള എല്‍ ഡി എഫ് കൂടുതല്‍ സീറ്റുകളിലെ ജയമാണ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. നഗരസഭകളില്‍ കാഞ്ഞങ്ങാടും നീലേശ്വരവും എല്‍ ഡി എഫും കാസര്‍കോട് നഗരസഭ യു ഡി എഫുമാണ് ഭരിക്കുന്നത്. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക, പരപ്പ എന്നിവ എല്‍ ഡി എഫും കാസര്‍കോടും മഞ്ചേശ്വരവും യു ഡി എഫും ഭരിക്കുന്നു.
38 ഗ്രാമപഞ്ചായത്തുകളില്‍ 19 ഇടത്ത് എല്‍ ഡി എഫ് ഭരണം നടത്തുമ്പോള്‍ 15 ഇടത്താണ് യു ഡി എഫ് ഭരണം. ബെള്ളൂര്‍, കാറഡുക്ക, മധൂര്‍ പഞ്ചായത്തുകളില്‍ ബി ജെ പിയാണ്. മഞ്ചേശ്വരത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുമ്പ് തന്നെ താഴെത്തട്ടിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും ഇടതുമുന്നണി പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും നടപ്പാക്കിയ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ ഡി എഫ് പ്രചാരണ രംഗത്ത് സജീവമാവുക. അതേസമയം, ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്കനുകൂലമാക്കാനാണ് യു ഡി എഫ് നീക്കം.




