Kerala
തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണച്ചൂടിലേക്ക് നാടും നഗരവും
യു ഡി എഫും എല്‍ ഡി എഫും സ്ഥാനാര്‍ഥികളെ ഏറെക്കുറെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോഴിക്കോട് കോര്‍പറേഷനില്‍ പലയിടത്തും തീപാറുന്ന പോരാട്ടം നടക്കുമെന്നാണ് സൂചന
കോഴിക്കോട് | പത്രികാസമര്‍പ്പണം ഇന്ന് തുടങ്ങാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പ്രചാരണ പരിപാടികളുടെ കെട്ടഴിക്കാന്‍ ഒരുങ്ങുന്നു. സംസ്ഥാന ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ കടന്നുവരുമെങ്കിലും പ്രാദേശികവിഷയങ്ങളാണ് പ്രധാനമായും വോട്ടര്‍മാരെ സ്വാധീനിക്കുക. അതുകൊണ്ടുതന്നെ എതിര്‍പാര്‍ട്ടികളുടെയും മുന്നണികളുടെയും വീഴ്ചകള്‍ നിരത്തി വോട്ടര്‍മാരെ സമീപിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്നവരാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍. അതിനാല്‍ കഴിയുന്നതും ജനകീയരായവരെ മത്സരിപ്പിക്കാനാണ് നീക്കം.
യു ഡി എഫും എല്‍ ഡി എഫും സ്ഥാനാര്‍ഥികളെ ഏറെക്കുറെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോഴിക്കോട് കോര്‍പറേഷനില്‍ പലയിടത്തും തീപാറുന്ന പോരാട്ടം നടക്കുമെന്നാണ് സൂചന. ഡെപ്യൂട്ടി മേയര്‍ സി പി മുസഫര്‍ അഹ്്മദ് ഇത്തവണ മേയര്‍ സ്ഥാനാര്‍ഥിയായാണ് രംഗത്തുള്ളത്.
യു ഡി എഫിന്റെ മേയര്‍ സ്ഥാനാർഥി ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഡ്വ. പി എം നിയാസിനാണ് മുന്‍ഗണന. കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും തുടര്‍ഭരണം കിട്ടുമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. എങ്കിലും യു ഡി എഫ് ആത്മവിശ്വാസം കൈവിടുന്നില്ല. കോര്‍പറേഷന്‍ പതിറ്റാണ്ടുകളായി എല്‍ ഡി എഫാണ് ഭരിക്കുന്നത്. ഇത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഇടയാക്കിയെന്നാണ് യു ഡി എഫിന്റെ ആരോപണം.
എന്നാല്‍ ഇവ അക്കമിട്ടു നിരത്തുന്നതില്‍ യു ഡി എഫ് മികവ് കാട്ടുന്നുമില്ല. യു ഡി എഫിന്റെ തളർച്ച മുതലെടുത്താകും എല്‍ ഡി എഫിന്റെ മുന്നേറ്റം. ബി ജെ പി കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ നടത്തിയെങ്കിലും പാര്‍ട്ടിക്കകത്ത് അസ്വാരസ്യം പുകയുന്നുണ്ട്.
കുടുംബയോഗങ്ങളും സംഗമങ്ങളുമായി നാടെങ്ങും തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. പഴുതടച്ച പ്രചാരണമാണ് എല്ലാവരും ലക്ഷ്യമിടുന്നത്. വീടുകയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനവും പ്രാദേശിക കണ്‍വെന്‍ഷനുകളുമായി പലയിടത്തും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും നേട്ടങ്ങളും കോട്ടങ്ങളും പറഞ്ഞുള്ള ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ പോരും അരങ്ങ് തകര്‍ക്കുന്നു. ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ പ്രചാരണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഇതിനായി മീഡിയാ സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും വീടുകയറിയുള്ള പരമ്പരാഗത പ്രചാരണത്തിനാണ് കൂടുതല്‍ സ്വീകാര്യത. അതിരാവിലെ തുടങ്ങുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണം രാത്രി വരെ നീളും.
പൊതുയോഗങ്ങളും വീടുകയറിയുള്ള പ്രചാരണവും അവസാനിച്ചാലും നിവേദനവും ആവശ്യങ്ങളുമായി രാത്രി വൈകിയും സന്ദര്‍ശകരുടെ ബഹളമായിരിക്കും പാര്‍ട്ടി ഓഫീസുകളില്‍ നിറയെ. ഏതുവിധേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പിടിക്കുകയാണ് ലക്ഷ്യം. അതിനുള്ള കടുത്ത പോരാട്ടമാണ് വരും നാളുകളില്‍ നടക്കുക.




