local body election 2025
തദ്ദേശ തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണത്തിന് തയ്യാറായി സ്ഥാനാര്‍ഥികള്‍
തമ്മിലടി തീരാതെ കോണ്‍ഗ്രസ്സും മുസ്്ലിം ലീഗും
മലപ്പുറം | തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോര്‍ക്കളം ചൂട് പിടിച്ച് തുടങ്ങി. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. ഇന്നത്തോടെ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സമര്‍പ്പിക്കുന്ന തിരിക്കിലേക്ക് കടക്കും.
21 ആണ് പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഈ മാസം 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 24. ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കി തുടങ്ങും. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ളവരും പത്രിക സമര്‍പ്പണം നടത്തും.
പത്രിക സമര്‍പ്പണം പൂര്‍ത്തിയാക്കിയതിന് ശേഷമാകണം സജീവമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകല്‍ എന്ന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമ്മിലടി തീരാതെ കോണ്‍ഗ്രസ്സും മുസ്്ലിം ലീഗും
മലപ്പുറം നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ക്കകത്ത് സീറ്റ് തര്‍ക്കം അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ്സും മുസ്്ലിം ലീഗും തമ്മിലാണ് സീറ്റ് തര്‍ക്കം കൂടുതലുള്ളത്. തര്‍ക്കങ്ങള്‍ കാരണം ചില ഗ്രാമപഞ്ചായത്ത്, നഗരസഭ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി മാറിയിരിക്കുകയാണ്.
കോണ്‍ഗ്രസ്സ് ലീഗ് തര്‍ക്കത്തിന് പേരു കേട്ട പൊന്‍മുണ്ടം പഞ്ചായത്തില്‍ പ്രശ്‌നത്തിന് ഇതുവരെ ശ്വാശ്വത പരിഹാരം ആയിട്ടില്ല. പൊന്‍മുണ്ടത്തെ യു ഡി എഫില്‍ ഐക്യം ഉണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് തുടങ്ങി നേതൃത്വത്തിന്റെ ഇടപെടല്‍ നാളിത് വരെയായിട്ടും ശരിയായിട്ടില്ല.
ലീഗും കോണ്‍ഗ്രസ്സും ഇക്കാലമത്രയും വേറിട്ടു മത്സരിച്ച പഞ്ചായത്താണിത്. വിമതന്‍മാരുടെ ശല്യമാണ് പാര്‍ട്ടികളെ പ്രതിസന്ധിയിലാക്കുന്ന മറ്റൊന്ന്. നിലമ്പൂര്‍, തിരൂരങ്ങാടി നഗരസഭകളില്‍ ലീഗിന് വിമതന്‍മാരെ കൊണ്ട് തലവേദനയാണ്. അഞ്ചിടങ്ങളിലാണ് നിലമ്പൂരില്‍ വിമത ഭീഷണിയുള്ളത്. മൂന്ന് പേരാണ് തിരൂരങ്ങാടി നഗരസഭയില്‍ ലീഗിന് വിമത ഭീഷണിയുള്ളത്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇടപെട്ടിട്ടും തീരാത്ത കലഹമാണിവിടെ.




