Idukki
ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍; ബിജുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കി ദേശീയപാത അതോറിറ്റി
മകള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇടുക്കി| ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നല്‍കി ദേശീയപാത അതോറിറ്റി. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് ദേശീയപാത അതോറിറ്റിപണം നല്‍കിയത്. മകള്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതിന് നിയമ തടസമുണ്ടെന്ന് ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ദുരന്തനിവാരണ നിയമപ്രകാരം തുക നല്‍കാനാവില്ല. അത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് അടിമാലിയിലെ ലക്ഷംവീട് ഉന്നതിയിലുണ്ടായ മണ്ണിടിച്ചിലില്‍ ബിജുവും ഭാര്യ സന്ധ്യയും അപകടത്തില്‍പ്പെട്ടത്. മണ്ണിടിച്ചിലില്‍ ഇരുവരും പെട്ടെങ്കിലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ സന്ധ്യയെ പുറത്തെടുത്തു. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിയ ബിജുവിനെ രക്ഷിക്കാനുമായില്ല. ഏഴുമണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനലാണ് അന്ന് സന്ധ്യയുടെ ചികില്‍സാച്ചെലവുകള്‍ വഹിച്ചത്.



