National
വായ്പാ തട്ടിപ്പ്: അനില്‍ അംബാനിയുടെ കമ്പനികളിലും യെസ് ബേങ്കിലും ഇ ഡി പരിശോധന
3000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നാണ് ആരോപണം

ന്യൂഡല്‍ഹി | വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ റിലയൻസ് കമ്പനികളിലും യെസ് ബേങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ ഡി) പരിശോധന നടത്തി. 3000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം. ഡല്‍ഹിയിലെയും മുംബൈയിലെയും കമ്പനികളിലാണ് പരിശോധന. അനില്‍ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മുതിര്‍ന്ന ബിസിനസ് എക്സിക്യൂട്ടീവുമാരുടെ ഓഫീസുകളിലടക്കം 35 ഇടങ്ങളിൽ പരിശോധ നടത്തി.
നാഷണല്‍ ഹൗസിംഗ് ബേങ്ക്, സെക്യൂരിറ്റീസ് ആ്ന്‍ഡ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (സെബി), നാഷനല്‍ ഫിനാന്‍ഷ്യല്‍ റിപോര്‍ട്ടിംഗ് അതോറിറ്റി, ബേങ്ക് ഓഫ് ബറോഡ് എന്നിവയുള്‍പ്പടെയുള്ള ഒന്നിലധികം റെഗുലേറ്ററി ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി ബി ഐ ഫയല്‍ ചെയ്ത രണ്ട് എഫ് ഐ ആറുകളുടെയും അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി.
പൊതു ഫണ്ട് വകമാറ്റുന്നതിനുള്ള ആസൂത്രിത നീക്കത്തിന് തെളിവുകള്‍ ലഭിച്ചെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യെസ് ബേങ്കില്‍ നിന്ന് 2017-2019 കാലയളവില്‍ എടുത്ത 3000 കോടി രൂപയുടെ വായ്പകളുടെ നിയമവിരുദ്ധമായ വകമാറ്റം സംബന്ധിച്ച സംശയത്തിലാണ് അന്വേഷണം. എസ് ബി ഐയിലും അനില്‍ അംബാനി ഗ്രൂപ്പിന് 3000 രൂപയുടെ ബാധ്യതയുണ്ട്.