Editorial
ജീവനാശിനികളാകുന്ന ജീവന്‍രക്ഷാ മരുന്നുകള്‍
വിദഗ്ധ പഠനത്തിനും നിരീക്ഷണത്തിനും ശേഷം തീര്‍ത്തും സുരക്ഷിതമെന്ന് ബോധ്യപ്പെട്ട ചേരുവകള്‍ ഉപയോഗിച്ച് മാത്രമേ മരുന്നുകള്‍ നിര്‍മിക്കാവൂ. ലാഭേച്ഛ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലേക്ക് വളരരുത്.

ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് വീണ്ടും വിവാദത്തില്‍. 2022ല്‍ ഒരു ഇന്ത്യന്‍ ഫാര്‍മ കമ്പനി നിര്‍മിച്ച ചുമമരുന്ന് കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും കാമറൂണിലും നിരവധി കുട്ടികള്‍ മരണപ്പെടുകയും പ്രശ്നത്തില്‍ ലോകാരോഗ്യ സംഘടന ഇടപെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലും രാജസ്ഥാനിലും ചുമമരുന്ന് കഴിച്ച് 17 കുട്ടികള്‍ മരണപ്പെട്ടു. മരുന്ന് കുറിച്ചു കൊടുത്ത ഡോക്ടര്‍ അറസ്റ്റിലായി. രാജസ്ഥാനില്‍ പരീക്ഷണാര്‍ഥം മരുന്ന് കുടിച്ച ഡോക്ടര്‍ ബോധരഹിതനായി. തുടര്‍ന്ന് ചുമമരുന്നുകള്‍ക്ക് കേന്ദ്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഉപയോഗത്തിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു. രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചുമമരുന്ന് നല്‍കരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുഖ്യനിര്‍ദേശം. കൃത്യമായ ക്ലിനിക്കല്‍ പരിശോധനക്കും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനും ശേഷം മാത്രമേ ഇത്തരം മരുന്നുകള്‍ എഴുതിക്കൊടുക്കാവൂ. സ്വകാര്യ ആശുപത്രികളടക്കം എല്ലാ ചികിത്സാ കേന്ദ്രങ്ങളും മരുന്നുകള്‍ നിര്‍ദേശിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു.
രാജ്യത്ത് ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കുന്നത് ഇതാദ്യമല്ല. 2020ല്‍ ജമ്മുവിലും ഹരിയാനയിലുമായി 12 കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. മരുന്നിലെ വിഷാംശമാണ് മരണത്തിനു കാരണമെന്നാണ് വിലയിരുത്തപ്പെട്ടത്. ചെറിയ തോതില്‍ പനിയും ജലദോഷവും ബാധിച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശിലും രാജസ്ഥാനിലും രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ ചികിത്സക്കായി ആശുപത്രികളെ സമീപിച്ചത്. ഡോക്ടര്‍മാര്‍ ‘കോള്‍ഡ്രിഫ’് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നിര്‍ദേശിച്ചു. തമിഴ്നാട്ടിലെ ഒരു ഫാര്‍മ കമ്പനി നിര്‍മിച്ച ഈ മരുന്ന് കഴിച്ച കുട്ടികളുടെ ആരോഗ്യനില മോശമാകുകയും വൃക്കയെ അടക്കം ബാധിക്കുകയുമായിരുന്നു.
ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ നേരത്തേ നടത്തിയ പരിശോധനയില്‍ കോള്‍ഡ്രിഫ് ഗുണനിലവാരമില്ലാത്ത മരുന്നാണെന്ന് കണ്ടെത്തിയിരുന്നു. മരുന്നിന്റെ സാമ്പിളുകളില്‍ 48.86 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ എന്ന ഉയര്‍ന്ന വിഷാംശം കലര്‍ന്നിട്ടുണ്ടെന്നാണ് തെളിഞ്ഞത്. കുട്ടികളുടെ മരണത്തെ തുടര്‍ന്ന് കോള്‍ഡ്രിഫ് സിറപ്പിന്റെയും മറ്റൊരു ചുമമരുന്നായ ‘നെക്സ്ട്രോ-ഡി എസി’ന്റെയും വില്‍പ്പന നിരോധിച്ചിരിക്കുകയാണ് മധ്യപ്രദേശ്.
ശരീരത്തിനുള്ളിലെത്തി മണിക്കൂറുകള്‍ക്കകം വൃക്ക അടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ചുമമരുന്നുകള്‍ രാജ്യത്ത് വ്യാപകമാണ്. 2020ല്‍ ജമ്മുവിലും ഹരിയാനയിലും കുട്ടികളുടെ മരണത്തിനിടയാക്കിയ മരുന്നുകളില്‍ ‘ഡൈഎത്തിലീന്‍ ഗ്ലൈക്കോളി’ന്റെ അളവ് കൂടുതലുള്ളതായി കണ്ടെത്തിയിരുന്നു. പെയിന്റ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നതാണ് ഈ രാസവസ്തു. അക്കാലത്ത് ഈ മരുന്ന് കേരളത്തില്‍ വിതരണം ചെയ്യാനും തെക്കന്‍ കേരളത്തില്‍ വിതരണത്തിനുള്ള മരുന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തെത്തിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു. വിവരമറിഞ്ഞ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് തടയുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ കേരളത്തിലും സംഭവിക്കുമായിരുന്നു ദുരന്തം. മധ്യപ്രദേശിലും രാജസ്ഥാനിലും ദുരന്തങ്ങളുണ്ടാക്കിയ ചുമമരുന്നുകള്‍ കേരളത്തില്‍ നിരോധിച്ചിട്ടുണ്ട്. നിരോധന ഉത്തരവ് മറികടന്ന് വില്‍പ്പന നടത്തുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കടുത്ത നിരീക്ഷണം നടത്തിവരികയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ചുമമരുന്നുകള്‍ മാത്രമല്ല, മറ്റു പല ഇന്ത്യന്‍ നിര്‍മിത മരുന്നുകളും ഗുണനിലവാരത്തില്‍ വളരെ പിന്നിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ ഇടക്കിടെ നടത്തുന്ന ദേശീയ ഡ്രഗ് സര്‍വേയില്‍ കണ്ടെത്തിയതാണ്. അഞ്ച് മാസം മുമ്പാണ് 35 ഇനം മരുന്നുകളുടെ വില്‍പ്പന കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചത്. രാജ്യത്തെ മരുന്ന് നിര്‍മാണ വ്യവസ്ഥയുടെ ആഴത്തിലുള്ള പാളിച്ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മരുന്ന് നിര്‍മാണം മുതല്‍ വില്‍പ്പന വരെയുള്ള എല്ലാ മേഖലകളിലും നിരന്തരം ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പോലുള്ള നിയന്ത്രണ ഏജന്‍സികളുടെ നിരീക്ഷണവും അതീവ ശ്രദ്ധയും ആവശ്യമാണ്. അതിന്റെ അഭാവമാണ് പലപ്പോഴും ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നത്. മധ്യപ്രദേശില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമമരുന്നിന്റെ 222 ബോട്ടിലുകള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞതായാണ് കണ്ടെത്തിയത്. ആരൊക്കെയാണ് മരുന്ന്വാങ്ങിയതെന്നും ഈ വിഷം എത്ര വീടുകളില്‍ ഇതിനകം ഉപയോഗിച്ചിട്ടുണ്ടെന്നതും അവ്യക്തം.
ഓരോ മരുന്ന് കുപ്പിയുടെയും പിന്നില്‍ ഒരു ജീവന്റെ സുരക്ഷയെക്കുറിച്ചുള്ള പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കണം മരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ക്ക്. വിദഗ്ധ പഠനത്തിനും നിരീക്ഷണത്തിനും ശേഷം തീര്‍ത്തും സുരക്ഷിതമെന്ന് ബോധ്യപ്പെട്ട ചേരുവകള്‍ ഉപയോഗിച്ച് മാത്രമേ മരുന്നുകള്‍ നിര്‍മിക്കാവൂ. ലാഭേച്ഛ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലേക്ക് വളരരുത്. ഇന്ത്യന്‍ മരുന്നുകള്‍ ഇടക്കിടെ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ രാജ്യത്തിന്റെ ഫാര്‍മ മേഖലയെ മൊത്തം ദോഷകരമായി ബാധിക്കുകയും അന്താരാഷ്ട്ര തലത്തില്‍ അവയുടെ വിശ്വാസ്യത നഷ്ടമാകാന്‍ ഇടയാക്കുകയും ചെയ്യും.
രോഗചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതിനു പുറമെ ലഹരിക്ക് വേണ്ടിയും ഉപയോഗപ്പെടുത്തുന്നുണ്ട് ചുമമരുന്നുകള്‍. ചില രാസവസ്തുക്കള്‍ അടങ്ങിയ ചുമമരുന്നുകള്‍ കൂടിയ തോതില്‍ ഉപയോഗിക്കുമ്പോള്‍ ഉന്മാദാവസ്ഥയും മയക്കുമരുന്ന് കഴിച്ച പ്രതീതിയും അനുഭവപ്പെടുമത്രെ. മരുന്നിന്റെ മേലങ്കിയണിഞ്ഞ ലഹരിയാണിവ. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് പൂര്‍ണമായും തടയുകയും അനധികൃത വില്‍പ്പനക്കാര്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുകയുമാണ് ഇതിന് പരിഹാരം.