Connect with us

Ongoing News

ദുബൈയുടെ നവോഥാന ശിൽപി:ശൈഖ് റാശിദിന്റെ ഓർമ ദിനം ഇന്ന്

ദീർഘവീക്ഷണവും ഭാവിയിലേക്ക് ഉൾക്കാഴ്ചയുമുള്ള, തന്ത്രപരമായ ആസൂത്രണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യ നേതാക്കളിൽ ഒരാളായിരുന്നു ശൈഖ് റാശിദ്.

Published

|

Last Updated

ദുബൈ|ആധുനിക ദുബൈയുടെ ശിൽപി എന്ന് അറിയപ്പെടുന്ന ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ 35-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു. ദുബൈയുടെ നവോത്ഥാനവുമായും ആഗോളതലത്തിൽ പുരോഗമിച്ച ഒരു നഗരമായി ദുബൈയെ പരിവർത്തനം ചെയ്തതിലും ബന്ധപ്പെട്ടിരിക്കുന്നതാണ് അദ്ദേഹത്തിന്റെ നാമം. ദീർഘവീക്ഷണവും ഭാവിയിലേക്ക് ഉൾക്കാഴ്ചയുമുള്ള, തന്ത്രപരമായ ആസൂത്രണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യ നേതാക്കളിൽ ഒരാളായിരുന്നു ശൈഖ് റാശിദ്. 1990 ഒക്ടോബർ ഏഴിന് (ഹിജ്‌റ 1411 റബീഉൽ അവ്വൽ 18) 78-ാം വയസ്സിലാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.

രാഷ്ട്രത്തിനും പൗരന്മാർക്കും വേണ്ടി പ്രവർത്തിച്ച അദ്ദേഹം, നന്മയുടെയും പുരോഗതിയുടെയും സമൃദ്ധിയുടെയും പാത യാഥാർഥ്യമാക്കാൻ വേണ്ടി സർവസ്വവും വിനിയോഗിച്ചു.
1958-ൽ ദുബൈയുടെ ഭരണസാരഥ്യം ഏറ്റെടുത്തതു മുതൽ, ശൈഖ് റാശിദ് ദുബൈയുടെ പുരോഗതിയുടെയും നേതൃത്വത്തിന്റെയും ചക്രവാളങ്ങളിലേക്ക് കുതിച്ചുയരാനുള്ള അടിത്തറ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ദുബൈ വികസനപരമായ മുന്നേറ്റം കൈവരിച്ചു. എമിറേറ്റിന്റെ ഇരു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളും പാലങ്ങളും നിർമിക്കുകയും ദുബൈ ക്രീക്ക് വികസിപ്പിക്കുകയും കൂടുതൽ തുറമുഖങ്ങൾ നിർമിച്ച് ദുബൈയുടെ വാണിജ്യ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു.

വികസനം കൈവരിക്കണമെങ്കിൽ ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പരിമിതമായ വിഭവങ്ങളുണ്ടായിരുന്ന കാലത്തും അദ്ദേഹം വലിയ പദ്ധതികൾക്ക് തുടക്കമിട്ടു. ജനങ്ങളുടെ കഴിവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം എല്ലാ വെല്ലുവിളികളേക്കാളും വലുതായിരുന്നു. തന്റെ ജനങ്ങളോട് അടുപ്പമുള്ള ഒരു മാനുഷിക നേതാവായിരുന്നു ശൈഖ് റാശിദ്. വിപണികളിലും മജ്്ലിസുകളിലും അവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അവരുടെ ആവശ്യങ്ങൾ നേരിട്ട് കേൾക്കുകയും പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്നത് ശ്രദ്ധിക്കുകയും ചെയ്തു. മനുഷ്യനാണ് വികസനത്തിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം വിശ്വസിച്ചു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സേവനങ്ങൾ എന്നിവ എല്ലാ പൗരന്മാർക്കും ലഭ്യമാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. മനുഷ്യനെ വളർത്തുക എന്നത് രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനുള്ള യഥാർഥ ഉറപ്പാണ് എന്ന് അദ്ദേഹം വിശ്വസിച്ചു.

1971-ലെ യു എ ഇയുടെ രൂപീകരണത്തിൽ ശൈഖ് റാശിദ് ഒരു പ്രധാന പങ്ക് വഹിച്ചു. യു എ ഇയുടെ ശക്തി അതിന്റെ ഐക്യത്തിലും പരസ്പര സഹകരണത്തിലുമാണ് എന്ന് വിശ്വസിച്ച്, ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാന്റെ പാതക്ക് ശക്തമായ പിന്തുണ നൽകിയവരിൽ ഒരാളായിരുന്നു അദ്ദേഹം. യു എ ഇയും അറബ്, ഇസ്്ലാമിക രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധം ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം സംഭാവന നൽകി.
ദുബൈയുടെ ഓരോ കോണിലും ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ നേട്ടങ്ങൾ ഇന്നും നിലനിൽക്കുന്നു. ഒരു നേതാവിന്റെ ശക്തമായ ദർശനത്തിന്റെയും പൈതൃകത്തിന്റെയും തെളിവാണ് ഈ നഗരം.

 

---- facebook comment plugin here -----