Kerala
പത്തനംതിട്ടയില്‍ ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം; 25 ഓളം വാഹനങ്ങള്‍ കത്തി നശിച്ചു
ചൊവ്വാഴ്ച വെളിപ്പിന് അഞ്ച് മണിയോടെ ആണ് സര്‍വീസ് സെന്ററില്‍ നിന്നും തീ ഉയരുന്നതായി ഫയര്‍ ഫോഴ്‌സിന് സന്ദേശം ലഭിച്ചത്

കോട്ടമുകള്‍ | ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം. കെ പി റോഡില്‍ കൊട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടി വി എസ് ന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. ഏകദേശം ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച വെളിപ്പിന് അഞ്ച് മണിയോടെ ആണ് സര്‍വീസ് സെന്ററില്‍ നിന്നും തീ ഉയരുന്നതായി ഫയര്‍ ഫോഴ്‌സിന് സന്ദേശം ലഭിച്ചത്.
ഉടന്‍തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ വി. വിനോദ് കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രേമചന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ആറംഗ സംഘം ഉള്‍പ്പെടുന്ന ഒരു യൂണിറ്റും, സ്റ്റേഷന്‍ ഓഫീസര്‍ കെ.സി റെജികുമാര്‍, സീനിയര്‍ ഓഫീസര്‍ വി എം മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അടൂരില്‍ നിന്നും 11 അംഗ സംഘം ഉള്‍പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.
പന്തളം സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കെട്ടിടം. ഈ കെട്ടിടത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ടിവിഎസ് ന്റെ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തിച്ചു വരികയാണ്. കെട്ടിടത്തോട് ചേര്‍ന്ന് പിന്‍വശത്തായി ഒരു താത്കാലിക ഷെഡ് നിര്‍മ്മിച്ച് വാഹനങ്ങള്‍ അതിനുള്ളില്‍ ആണ് സൂക്ഷിച്ചിരുന്നത്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും ഇവിടെ പാലിച്ചിരുന്നില്ല. മുപ്പതോളം വാഹനങ്ങള്‍ക്ക് പുറമെ കത്താന്‍ പര്യാപ്തമായ നിരവധി വസ്തുക്കളും വലിയ അളവില്‍ ഈ ഷെഡിനുള്ളില്‍ സൂക്ഷിച്ചിരുന്നു. ഇതും തീ ആളിപ്പടരുന്നതിന് കാരണമായി. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല