Connect with us

book review

ജീവിതത്തെളിച്ചം നൽകുന്ന വരികൾ

സുകൃതങ്ങളുടെ ജീവിതയാത്ര ആഗ്രഹിക്കുന്നവർക്കുള്ള സാന്മാർഗിക വെളിച്ചം പകരാനുള്ള നന്മയുടെ ഗൃഹപാഠങ്ങളുടെ സ്വരൂപമാണ് ഹൃദയഭാഷണം. ഇത് മികച്ച ഭാഷയിൽ ഡോ. നിസാമി ഹൃദ്യമായി തന്നെ വരച്ചിടുന്നുണ്ട്.

Published

|

Last Updated

ഹൃദയംകൊണ്ട് സംവദിക്കാൻ കഴിയുമ്പോഴാണ് ഭാഷണം മനോഹരമാകുന്നത്. മനസ്സിൽ തട്ടുന്ന സംസാരം ചേതോഹരമാണ്. ഖുർആൻ ഈ താളത്തിലും തലത്തിലുമാണ് ഭാഷണത്തെയും സംസാരത്തെയും വിവക്ഷിക്കുന്നത്. വാക്കുകൾ വെളിച്ചം പകരുന്ന വിളക്കുകളാകുമ്പോഴാണ് സംഭാഷണവും സംസാരവും ഹൃദ്യമാകുന്നത്. വാക്കുകൾക്ക് ചിറകില്ലെങ്കിലും പറക്കാനുള്ള ശേഷിയുണ്ട്. ഹൃദയത്തിൽനിന്നും വരുന്ന വാക്കുകൾക്കും മനസ്സിൽ നന്മയുടെ പ്രസരം പ്രചോദിപ്പിക്കാൻ ശേഷിയുള്ള വചനങ്ങൾക്കും മാത്രമേ ഹൃദ്യത പകരാനാകൂ. വിശുദ്ധ ഖുർആൻ പറയുന്നു: “നിങ്ങൾ ഹൃദ്യമായി സംസാരിക്കുക (ഖൗലൻ സദീദൻ…) എങ്കിൽ പ്രവർത്തനങ്ങൾ ശ്ലാഘനീയമാകും.’ സംസാരത്തിന്റെ സൗന്ദര്യവും സംസാരം സൃഷ്ടിക്കുന്ന സംസ്‍കാരവും എന്തെന്ന് പഠിപ്പിക്കുന്ന ഖുർആനിക സൂക്തങ്ങളിൽ നിന്നും വാക്കുകളുടെ ആഴവും പരപ്പും സുവ്യക്തമാകും.

ഡോ. അബൂബക്കർ നിസാമി എഴുതിയ “ഹൃദയഭാഷണം’ എന്ന പുസ്തകം പ്രതിപാദിക്കുന്നത് വാക്കുകൾ സൃഷ്ടിക്കുന്ന വിചാരങ്ങളും വിചിന്തനങ്ങളും വിപ്ലവങ്ങളുമാണ്. വാക്കുകളിലൂടെയാണ് സംസാരമുണ്ടാകുന്നത്. “ഉമ്മ’ എന്ന വാക്ക് മൊഴിഞ്ഞാണ് ഒരു കുഞ്ഞ് സംസാരം തുടങ്ങുന്നത്. “മൗനം പോലും അർഥഗർഭമുള്ള സംസാരമാണെന്ന്’ റൂമി പറഞ്ഞുതരുന്നുണ്ട്. മിണ്ടാതിരിക്കാനാണ് മികച്ച പരിശീലനം വേണ്ടത്. വാചാലതക്ക് പരിശീലനം വേണ്ടതില്ല. വായയിൽ വരുന്നതൊക്കെ വിളിച്ചുപറഞ്ഞ് സംസാര മലിനീകരണം സൃഷ്ടിക്കുന്നവരുണ്ട്.

ഹൃദയം കൊണ്ട് സംസാരിക്കാനുള്ള സർഗശേഷി സ്വായത്തമാക്കാൻ സാധിക്കുകയെന്നത് വലിയൊരു സിദ്ധിയാണ്. ഈ സിദ്ധി ലഭിച്ചവർക്കേ സംസാരം കൊണ്ട് സാമൂഹിക സംസ്കരണം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. സാമൂഹിക സഹകരണവും സംസ്കരണവും സൃഷ്ടിക്കുന്ന “സാധ്യത’യാണ് സംസാരം. സാരങ്ങളുടെ സമന്വയമാണത്. ഈ ശേഷിയെ സർഗാത്മകമാക്കാൻ സിദ്ധിയുള്ളവർക്കേ നല്ല ഭാഷണം നടത്താൻ സാധിക്കുകയുള്ളൂ. ഹൃദയത്തോടുള്ള ഭാഷണം “ഖൗലൻ സദീദൻ’ ആകണം. ഈ ആശയത്തിന്റെ അക്ഷരശീർഷകമാണ് ഡോ. നിസാമിയുടെ “ഹൃദയഭാഷണം’.

സുകൃതങ്ങളുടെ ജീവിതയാത്ര ആഗ്രഹിക്കുന്നവർക്കുള്ള സാന്മാർഗിക വെളിച്ചം പകരാനുള്ള നന്മയുടെ ഗൃഹപാഠങ്ങളുടെ സ്വരൂപമാണ് ഹൃദയഭാഷണം. ഇത് മികച്ച ഭാഷയിൽ ഡോ. നിസാമി ഹൃദ്യമായി തന്നെ വരച്ചിടുന്നുണ്ട്. വിമലീകൃതജീവിതം സ്വപ്നം കാണുന്ന മനസ്സുകളെയാണ് നിസാമി ഈ രചനയിലൂടെ നേടാൻ ശ്രമിക്കുന്നത്. ശബ്ദായമാനമായ ജീവിതത്തിൽനിന്നും ശാന്തസുന്ദരമായ ജീവിതതീരം തേടുന്നവർക്ക് ഈ പുസ്തകം തെളിച്ചം പകരുന്നു.
“ഹൃദയഭാഷണം’എന്ന കൃതി മനഃസംസ്കരണത്തിനു വേണ്ട ബാലാധ്യാപനങ്ങളാണ്.

സലീമായ ഹൃദയമുള്ള നല്ലൊരു വ്യക്തിത്വത്തെ എങ്ങനെ സൃഷ്ടിക്കാൻ സാധിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നാൽപ്പത് ശീർഷകങ്ങളിൽ മനോഹരമായി വരച്ചിടുന്നത്. “ബുദ്ധിമാന്റെ നാവ് ഹൃദയത്തിലും വിഡ്ഢിയുടെ ഹൃദയം നാവിലുമാണ്’ എന്ന സൂഫി പൊരുളിനെ ആഴത്തിൽ മനസ്സിലാക്കിയവർക്കേ ഹൃദയത്തിന്റെ ഭാഷണവും ഹൃദയം കൊണ്ടുള്ള ഭാഷണവും തിരിച്ചറിയുകയുള്ളൂ.

വിശുദ്ധ ഖുർആൻ ഹൃദയത്തിന്റെ ഭാഷയിലാണ് സംവദിക്കുന്നത്. സംസാരസ്ഥലികതയുടെ മനോഹരമായ പ്രതിപാദ്യമാണ് വിശുദ്ധ ഖുർആൻ ആവിഷ്കരിക്കുന്നത്. ഫിർഔനിനെ തേടി പോകുമ്പോൾ മൂസാ നബി(അ) അല്ലാഹുവിനോട് പറഞ്ഞത് “തന്റെ സഹോദരനെ കൂടി തന്നോടൊപ്പം അയക്കുക. അദ്ദേഹം ആശയപ്രദീപ്‌തമായി സംസാരിക്കാൻ സർഗ ശേഷിയുള്ളവനാണ്.’ ഈ സംഭവത്തിൽ ഹൃദയഭാഷണത്തിന്റെ സൗന്ദര്യമാണ് തെളിയുന്നത്. റബ്ബിശ്റഹ് ലീ സ്വദ് രീ… എന്ന മൂസാനബി(അ)യുടെ ആത്മഗതം ശ്രദ്ധേയമാണ്.
ഹൃദയത്തിന്റെ വിശാലത നല്ല ഭാഷണത്തിനും നല്ല ആശയ കൈമാറ്റത്തിനും അനിവാര്യമാണ്.

പ്രതിയോഗിയെ പോലും ഉൾക്കൊള്ളാൻ പറ്റുന്ന ഹൃദയം സ്വായത്തമാക്കുമ്പോഴാണ് പ്രബോധനം കൂടുതൽ അനായാസമാകുന്നത്. തിരുനബി(സ)യെ അല്ലാഹു അഭിസംബോധന ചെയ്തത് മനോഹരമായി തന്നെ ഖുർആൻ പറഞ്ഞുതരുന്നു; “അലം നശ്റഹ് ലക സ്വദ്റക്…” താങ്കളുടെ ഹൃദയം വിശാലതയുള്ളത് ആക്കിയില്ലേ..? ചുരുക്കത്തിൽ ഹൃദയത്തിന്റെ സൗന്ദര്യവും വിശാലതയുമാണ് സത്യവിശ്വാസി സ്വായത്തമാക്കേണ്ടത് എന്ന ഖുർആനിന്റെ ആശയ പൊരുളിനെ ആസ്പദിച്ചുള്ള രചനയാണ് “ഹൃദയഭാഷണം.’ ഈ കൃതി കൃത്യമായ ജീവിതരേഖയാണ് വായനക്കാരന് സമ്മാനിക്കുന്നത്.

ഇരുളിൽ ജ്വലിക്കുന്ന മെഴുകുതിരി നാളംപോലെ ഈ കൃതി അന്ധതയുള്ള ഹൃദയപരിസരത്ത്‌ പ്രകാശം പൊഴിക്കാൻ പ്രാപ്തിയുള്ള രചനയാണ്.

നന്മയുടെ ഹൃദയവെളിച്ചം നുകരാൻ ആഗ്രഹിക്കുന്ന സുമനസ്സുകൾക്ക് ഡോ. അബൂബക്കർ നിസാമിയുടെ ഹൃദയഭാഷണം മികച്ചൊരു കൽവിളക്കാണ്. അവതാരികയിൽ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ബശീർ ഫൈസി വെണ്ണക്കോട് ഇങ്ങനെ കുറിക്കുന്നു: “ശാന്തമായ വായനക്ക് ഈ പുസ്തകം തിരഞ്ഞെടുക്കാം. കലങ്ങിമറിഞ്ഞ മനസ്സുകൾക്കും ശാന്തിക്കായി ഈ പുസ്തകം നിവർത്താം.

വിവിധ രംഗങ്ങളിലെ മാന്യമായ പെരുമാറ്റചട്ടങ്ങൾ ഒന്നൊന്നായി വായനക്കാരന്റെ മുമ്പിൽ നിവർത്തിവെക്കുന്നുണ്ട്. എല്ലാം ഹൃദ്യം, പകർത്താൻ പറ്റുന്നത്. മനഃശാസ്ത്രപുസ്തകമെന്നതിനൊപ്പം മതപുസ്തകം കൂടിയാണ് ഈ കൃതി. പ്രമാണങ്ങൾ ഏറെ കൊടുത്തിട്ടുണ്ട്. വായനക്കാരനിലേക്ക് സാക്ഷ്യപത്രങ്ങൾ ഇറക്കിവെച്ചുകൊണ്ടാണ് അവതരണം. പ്രസാധനം ഐ പി ബി. വില 210 രൂപ.

Latest