Connect with us

Editorial

ജീവനെടുക്കുന്ന റീല്‍സ് ചിത്രീകരണങ്ങള്‍

കേരളത്തിലെ പൊതുനിരത്തുകളില്‍ റീല്‍സ് ചിത്രീകരണവും അപകടങ്ങളും പതിവു സംഭവമാണെന്ന് മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉത്തരവാദപ്പെട്ടവരില്‍ നിന്നുള്ള അനുമതിയോ യാതൊരുവിധ മുന്‍കരുതലോ ഇല്ലാതെയാണ് ഈ സാഹസികത നടക്കുന്നത്.

Published

|

Last Updated

അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടും അപകടകരമായ റീല്‍സ് ചിത്രീകരണങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ഒഡിഷയിലെ ഉദുമ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം പകര്‍ത്താനുള്ള ശ്രമത്തിനിടെ ഞായറാഴ്ച യുവാവിന്റെ ജീവന്‍ നഷ്ടമായി. കനത്ത മഴയില്‍ പുഴയില്‍ വെള്ളം ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ബെര്‍ഹാംപൂര്‍ സ്വദേശിയായ സാഗര്‍ എന്ന ഇരുപത്തിരണ്ടുകാരനായ യൂട്യൂബര്‍ ഉദുമ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം പകര്‍ത്താനെത്തിയത്. മഴയെത്തുടര്‍ന്ന് പുഴയില്‍ വെള്ളം പൊങ്ങിക്കൊണ്ടിരിക്കെ ഡാം തുറന്നു വിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതറിയാതെയോ അറിയിപ്പ് വകവെക്കാതെയോ യുവാവ് വെള്ളച്ചാട്ടത്തിനു സമീപത്തെ പാറപ്പുറത്ത് കയറി ചിത്രീകരണത്തില്‍ മുഴുകി. അതിനിടെ അധികൃതര്‍ ഡാം തുറന്നു വിട്ടു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാകാതെ യുവാവ് ഒലിച്ചു പോയി. നാട്ടുകാരും വിനോദ സഞ്ചാരികളും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലം. മൃതദേഹം ഇതുവരെ കണ്ടെടുക്കാനായില്ലെന്നാണ് വിവരം.

നാല് ദിവസം മുമ്പാണ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ അരക്കല്‍ ഗുഡു താലൂക്കിലെ ഒരു ഗ്രാമീണ റോഡില്‍ കുത്തനെയുള്ള വളവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രാക്ടറില്‍ നിന്ന് റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കിരണ്‍ എന്ന പത്തൊമ്പതുകാരന്‍ മരിച്ചത്. കര്‍ണാടകയിലെ തന്നെ അഗ്രഹാരയില്‍ 13 നില കെട്ടിടത്തിനു മുകളില്‍ വെച്ച് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഇരുപത്തൊന്നുകാരിയായ ബിഹാര്‍ സ്വദേശിനി മരിച്ചത് രണ്ട് മാസം മുമ്പാണ്. റീല്‍സ് ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതാണ് ഈ ഹതഭാഗ്യ. അപകടം സംഭവിച്ചതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ജനുവരി 11ന് തെലങ്കാനയിലെ റിസര്‍വോയറില്‍ റീല്‍സ് എടുക്കുന്നതിനിടെ ഏഴംഗ സംഘത്തിലെ അഞ്ച് പേര്‍ ഒന്നിച്ച് മുങ്ങി മരിച്ചു. ഇരുചക്ര വാഹനങ്ങളിലായാണ് ഇവര്‍ ജലാശയത്തിലേക്ക് നീങ്ങിയത്. ആഴം കുറഞ്ഞ സ്ഥലത്തെ ചിത്രീകരണത്തിനു ശേഷം ആഴം കൂടിയ ഭാഗത്തെത്തിയതോടെ സംഘത്തിലെ മുന്‍നിരയിലുണ്ടായിരുന്നവര്‍ മുങ്ങിത്താഴ്ന്നു. അവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും അപകടത്തില്‍പ്പെട്ടു. രണ്ട് പേര്‍ എങ്ങനെയോ രക്ഷപ്പെട്ട് പോലീസിനെയും നാട്ടുകാരെയും അറിയിച്ചെങ്കിലും മുങ്ങല്‍ വിദഗ്ധര്‍ എത്തുമ്പോഴേക്ക് അഞ്ച് പേരും മരണപ്പെട്ടിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ തരംഗമാകാനും ലൈക്കുകള്‍ സമ്പാദിക്കാനും മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനുമുള്ള തത്രപ്പാടില്‍ കാണിക്കുന്ന അതിസാഹസികത മറ്റുള്ളവര്‍ക്കും പലപ്പോഴും നാശനഷ്ടങ്ങള്‍ വരുത്താറുണ്ട്. തിരുവല്ലയില്‍ കഴിഞ്ഞ നവംബറില്‍ റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജന്‍ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. ബൈക്ക് പൂര്‍ണമായും തകരുകയും ഓട്ടോ തലകീഴായി മറിയുകയുമായിരുന്നു. ഈ പ്രദേശത്ത് റീല്‍സ് ചിത്രീകരിച്ചാല്‍ കൈയും കാലും തല്ലിയൊടിക്കുമെന്ന ബാനര്‍ സ്ഥാപിച്ചാണ് പ്രദേശത്തെ ഓട്ടോറിക്ഷാ ജീവനക്കാര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്.

സാഹസികത യുവത്വത്തിന് ഹരമാണെങ്കിലും അത് പ്രകടിപ്പിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ മരണക്കളികളായി മാറരുത്. സുരക്ഷയും മുന്‍കരുതലും അതിപ്രധാനമാണ് റീല്‍സ് ചിത്രീകരണത്തില്‍. ജീവന്‍ നഷ്ടപ്പെടുത്തിയോ മാരകമായ പരുക്കേറ്റ് ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനം നഷ്ടമാകുന്ന തരത്തിലോ റീല്‍സെടുത്തിട്ടെന്ത് കാര്യം? സ്വന്തം സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയും പ്രധാനമാണ്. മൈതാനങ്ങളില്‍ നടത്തേണ്ട മത്സരയോട്ടങ്ങളും ഡ്രൈവിംഗിലെ അതിസാഹസികതയും പൊതുനിരത്തിലേക്ക് നീങ്ങരുത്. പൊതുനിരത്തുകളെയും റെയില്‍വേ ലൈനുകളെയുമാണ് പലരും റീല്‍സ് ചിത്രീകരണത്തിന് വേദിയാക്കുന്നത്. രണ്ട് മാസം മുമ്പ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ട്രെയിനുകള്‍ ചീറിപ്പായുന്ന നാഗുലപ്പള്ളി- ശങ്കര്‍പള്ളി റെയില്‍വേ ട്രാക്കിലൂടെ ഏഴ് കിലോമീറ്ററോളം കാര്‍ ഓടിച്ചാണ് ഒരു യുവതി സാഹസിക യാത്ര നടത്തിയത്. ട്രാക്കിനു വശത്തുകൂടെ രാവിലെ നടക്കാനിറങ്ങിയ നാട്ടുകാര്‍ ഇടപെട്ടാണ് കാര്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് പുറത്തിറക്കിയത്. അല്ലായിരുന്നെങ്കില്‍ അതൊരു ദുരന്തമായിത്തീരുമായിരുന്നു. ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിംഗ് ജോലി ചെയ്യുന്ന യു പി സ്വദേശിനിയാണ് ഈ മരണക്കളി നടത്തിയത്. രണ്ടാഴ്ച മുമ്പ് സ്‌കൂള്‍ യൂനിഫോം ധരിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ എട്ട് വിദ്യാര്‍ഥകള്‍ ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ റീല്‍സ് ചിത്രീകരണം നടത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ട്രാക്കില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ അതവഗണിച്ച് റീല്‍സ് ചിത്രീകരണം തുടരുകയായിരുന്നു. അവര്‍ ട്രാക്കില്‍ നിന്ന് മാറിയതിനു തൊട്ടുപിന്നാലെ അതുവഴി ട്രെയിന്‍ എത്തുകയും ചെയ്തു. ഒരു മിനുട്ട് താമസിച്ചിരുന്നെങ്കില്‍ കൂട്ടമരണം സംഭവിക്കുമായിരുന്നു.

കേരളത്തിലെ പൊതുനിരത്തുകളില്‍ റീല്‍സ് ചിത്രീകരണവും അപകടങ്ങളും പതിവു സംഭവമാണെന്ന് മാധ്യമ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉത്തരവാദപ്പെട്ടവരില്‍ നിന്നുള്ള അനുമതിയോ യാതൊരുവിധ മുന്‍കരുതലോ ഇല്ലാതെയാണ് ഈ സാഹസികത നടക്കുന്നത്. പൊതുനിരത്തുകളെ കാര്‍, ബൈക്ക് ഓട്ടമത്സരങ്ങള്‍ക്കുള്ള മൈതാനമാക്കി മാറ്റുന്നതിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക്, മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശം നല്‍കിയിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍. കോഴിക്കോട് ബീച്ചില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് യുവാവ് മരണപ്പെട്ട സംഭവത്തിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. എങ്കിലും അപകടകരമായ റീല്‍സ് ചിത്രീകരണത്തിന് ഇപ്പോഴും കുറവില്ല.

 

Latest